ജഗദീപ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായത് മോദിയുടേയും അമിത് ഷായുടേയും മാനസപുത്രനെന്ന നിലയിൽ!! പിന്നെ എങ്ങനെ പൊടുന്നനെ പുകഞ്ഞ കൊള്ളിയായി?, ധൻകർ എവിടെ?, പ്രതിപക്ഷം ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുന്നു… പക്ഷെ ഉത്തരം അപൂർണം

മുൻ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ എവിടെയാണ്. കഴിഞ്ഞ ജൂലൈ 22 മുതൽ ഉയരുന്ന ചോദ്യമാണിത്. മുൻകോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ കപിൽ സിബൽ കഴിഞ്ഞ ദിവസം വാർത്താസമ്മേളനം വിളിച്ച് ഇക്കാര്യം ഒരിടവേളയ്ക്ക് ശേഷം വീണ്ടും ചർച്ചയാക്കിയിരിക്കുകയാണ്. തനിക്ക് വ്യക്തിപരമായി ബന്ധമുള്ള വ്യക്തിയാണ് ധൻകറെന്നും പല തവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും വിവരമില്ലെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ ഇക്കാര്യത്തിൽ ഇടപെടണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു. ധൻകർ എവിടെയെന്ന് ചോദിച്ച സിബൽ അമിത് ഷാ വിഷയത്തിൽ പരസ്യപ്രസ്താവന നടത്തണമെന്നും രാജ്യചരിത്രത്തിൽ ഇത്തരം സംഭവം മുൻപ് ഉണ്ടായിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. ലാപ്ത ലേഡീസ്, അതായത് കാണാതായ പെൺകുട്ടികൾ എന്ന് കേട്ടിട്ടുണ്ട്. ഇതാദ്യമായാണ് ലാപ്ത വെസ് പ്രസിഡന്റ് എന്ന് കേൾക്കുന്നത് എന്നും സിബൽ പരിഹസരിക്കുന്നുണ്ട്.
ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതിയാണ് ജഗദീപ് ധൻകർ. 2022 ഓഗസ്റ്റ് 11 നാണ് അദ്ദേഹം ചുമതലയേറ്റത്. 2027 ഓഗസ്റ്റ് വരെ കാലാവധി ഉണ്ടെന്നിരിക്കെ ഏവരേയും ഞെട്ടിച്ച് ജൂലൈ 21 ന് വൈകിട്ടാണ് അദ്ദേഹം ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചത്. രാജിയുടെ കാരണം ഇനിയും ആർക്കും അറിയില്ല. കഥകൾ പലത് പറഞ്ഞ് കേൾക്കുന്നുണ്ട്. അനാരോഗ്യം കാരണം പദവി ഒഴിഞ്ഞെന്നാണ് ബിജെപിക്കാർ പാടി നടക്കുന്നത്. എന്നാൽ ആ കാരണം അത്രയ്ക്കങ്ങ് ദഹിക്കുന്നതല്ല. എന്തെന്നാൽ ജൂലൈ 21 നാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ചത്. അന്ന് സഭാ നടപടികൾ നിയന്ത്രിച്ചശേഷം വൈകിട്ടാണ് ധൻകറിന്റെ രാജി ഉണ്ടായത്. അന്ന് അദ്ദേഹത്തിന് യാതൊരു ശാരീരിക പ്രശ്നങ്ങളും ഉണ്ടായിട്ടില്ല.
നേരത്തെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പിന്നെ എന്തുകൊണ്ട് സമ്മേളനം തുടങ്ങുന്നതിന് മുൻപ് രാജിവെച്ചില്ല, അത്തരമൊരു സൂചനപോലും ഉണ്ടായില്ല എന്നീ ചോദ്യങ്ങൾ ഉയരുന്നുണ്ട്. പ്രധാനമന്ത്രി രണ്ട് വരിയിൽ ആശംസയറിയിച്ച് പ്രതികരണം ഒതുക്കി. മറ്റ് മന്ത്രിമാരോ പ്രധാനപ്പെട്ട നേതാക്കളോ കാര്യമായ ഒരു പ്രതികരണവും വിഷയത്തിൽ ഇതുവരെയും നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അതിനാൽത്തന്നെ ആരോഗ്യപ്രശ്നങ്ങളല്ല, മറിച്ച് ബിജെപിക്ക് ധൻകർ അനഭിമതനായി എന്നതാണ് കാരണമെന്ന് വ്യക്തം.
പാർലമെന്റിന്റെ വർഷകാല സമ്മേളനം തുടങ്ങിയ ദിവസം അതായത് ജൂലൈ 21 ന് ബിസിനസ് അഡ്വൈസറി കമ്മറ്റി യോഗം രാവിലെ ചേർന്നിരുന്നു. അതിൽ മന്ത്രിയും രാജ്യസഭാനേതാവുമായ ജെപി നദ്ദ ഉൾപ്പെടെ പങ്കെടുത്തു. എന്നാൽ ഉച്ചയ്ക്ക് ശേഷം ചേർന്ന യോഗത്തിൽ ബിജെപി അംഗങ്ങൾ ആരും പങ്കെടുത്തില്ല. പങ്കെടുക്കില്ലെന്ന വിവരം അംഗങ്ങൾ ഉപരാഷ്ട്രപതിയെ അറിയിച്ചതുമില്ല. കൂടാതെ വസതിയിൽ നിന്ന് നോട്ടുകെട്ടുകൾ കണ്ടെടുത്ത സംഭവത്തിൽ ദില്ലി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് യശ്വന്ത് വർമയ്ക്കെതിരെ പ്രതിപക്ഷം ഇംപീച്ച്മെന്റ് നോട്ടീസ് സഭയിൽ നൽകി. അത് ഉപരാഷ്ട്രപതി സ്വീകരിച്ചു. ഇത് ബിജെപിയെ ചൊടിപ്പിച്ചെന്നാണ് വിവരം.
ലോക്സഭയിൽ ഭരണപക്ഷത്തിന്റെ ഇംപീച്ച്മെന്റ് നോട്ടീസ് സ്പീക്കർ സ്വീകരിച്ചപ്പോൾ രാജ്യസഭയിൽ പ്രതിപക്ഷത്തിന്റെ നോട്ടീസ് സഭാധ്യക്ഷൻ സ്വീകരിച്ചു, അത്രയേ സംഭവിച്ചുള്ളു. എന്നാൽ പ്രതിപക്ഷത്തിന്റെ നോട്ടീസ് സ്വീകരിച്ചത് ബിജെപിക്ക് അത്ര രസിച്ചില്ല. അതിൽ ധൻകറിനോട് ഭരണപക്ഷത്തിന് അതൃപ്തി ഉണ്ടായിരുന്നു എന്നതാണ് യാഥാർത്ഥ്യം. ഇത് കൂടാതെ മറ്റൊരു കഥയും പറഞ്ഞ് കേട്ടു. അടുത്ത രാഷ്ട്രതിയാകാൻ ധൻകർ കൊതിച്ചിരുന്നു, ഇക്കാര്യം ബിജെപി നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. എന്നാൽ അനുകൂല പ്രതികരണമല്ല ധൻകറിന് ലഭിച്ചത്. ഇതിൽ അദ്ദേഹം അസ്വസ്ഥനായിരുന്നു എന്നും അതിനെ തുടർന്നാണ് രാജിയെന്നും പലരും പറയുന്നുണ്ട്.
2019 മുതൽ 22 വരെ പശ്ചിമബംഗാൾ ഗവർണർ, ഒരുതവണ ലോക്സഭാംഗം, കേന്ദ്രമന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചു. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായിരുന്നു. ഹരിയാനയിലെ ചൗധരി ദേവീലാലിന്റെ അനുയായി ആയിട്ടായിരുന്നു രാഷ്ട്രീയം തുടങ്ങിയത്. 1989 ൽ ജുൻജുനുവിൽ നിന്ന് ലോക്സഭാംഗമായി. 91 ൽ കേന്ദ്രമന്ത്രിയായി. പിന്നീട് അദ്ദേഹം കോൺഗ്രസിലെത്തി. 93 ൽ കിഷൻഗഡ് മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ എംഎൽഎ ആയി. 2003 ലാണ് ബിജെപിയിൽ ചേരുന്നത്. പിന്നീട് സുപ്രീം കോടതിയിലെ മികച്ച അഭിഭാഷകരിലൊരാളായി പേരെടുത്തു. അവിടെനിന്നാണ് 2019 ൽ നരേന്ദ്ര മോദി ബംഗാളിലെ ഗവർണർ എന്ന ചുമതല ഏൽപ്പിച്ചത്.
മുഖ്യമന്ത്രി മമത ബാനർജിയേയും തൃണമൂൽ കോൺഗ്രസിനെയും ഒതുക്കുക എന്നതായിരുന്നു ലക്ഷ്യം. അതിന് വേണ്ടി അഹോരാത്രം ബിജെപിക്കായി ധൻകർ പണിയെടുക്കുകയും ചെയ്തു. മമത സർക്കാരുമായി നിരന്തരം ഏറ്റുമുട്ടി വാർത്തകളിൽ നിറഞ്ഞു, നിയമസഭ പാസാക്കുന്ന ബില്ലുകൾ പിടിച്ചുവെച്ച് സർക്കാരുമായി ഇടഞ്ഞു. മമതയും ധൻകറും തമ്മിലുള്ള ഏറ്റുമുട്ടൽ വാർത്തകളിൽ നിറഞ്ഞുനിന്ന കാലം. അങ്ങനെ മോദിയുടേയും അമിത് ഷായുടേയും മാനസപുത്രനെന്ന നിലയിലാണ് ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി എത്തുന്നത്. ആ സ്ഥാനം ഏറ്റെടുത്തത് മുതൽ രാജ്യസഭയിൽ ബിജെപിയുടെ ഒരു വക്താവിനെ പോലെയായിരുന്നു ധൻകറിന്റെ പെരുമാറ്റം.
പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിൽ നിഷ്പക്ഷനായി നിലകൊള്ളേണ്ടിടത്ത് ഉപരാഷ്ട്രപതി സ്ഥാനത്തിന് ചേരാത്ത തരത്തിൽ വെറും ഒരു ബിജെപിക്കാരനായി പലപ്പോഴും ധൻകർ മാറി. പ്രതിപക്ഷവുമായി തുടർച്ചയായി കൊമ്പുകോർത്തു. പ്രതിപക്ഷം ധൻകറിനെതിരെ അവിശ്വാസപ്രമേയ നീക്കം വരെ നടത്തി. അങ്ങനെ ഭരണപക്ഷത്തിന്റെ പ്രത്യേകിച്ച് ബിജെപിയുടെ കണ്ണിലുണ്ണിയും പ്രതിപക്ഷത്തിന്റെ കണ്ണിലെ കരടുമായിരിക്കെയാണ് പൊടുന്നനെ കാര്യങ്ങൾ മാറിമറിഞ്ഞത്. ഒരുദിവസം രാത്രിയിൽ ധൻകർ ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ച വാർത്തയാണ് വരുന്നത്. അതിനാൽത്തന്നെ ധൻകറിന്റെ രാജിയിലുള്ള ദുരൂഹത തുടരുകയാണ്.






