മുറിയില്‍ പൂട്ടിയിട്ട് വേഷം മാറി പോലീസുകാര്‍ പുറത്ത് ഷോപ്പിംഗിന് പോയി ; ഭാര്യയുടെ മുന്നില്‍ പൊങ്ങച്ചം കാണിക്കാന്‍ കള്ളന് യൂണിഫോമെടുത്തണിഞ്ഞ് വീഡിയോ കോള്‍ ചെയ്തു ; ബംഗലുരുവില്‍ പോലീസുകാരന് സസ്പെന്ഷന്

ബെംഗളൂരു: വീഡിയോകോളില്‍ ഭാര്യയെ കാണിക്കാന്‍ കസ്റ്റഡിയിലുള്ള കള്ളന് യൂണിഫോം ധരിച്ചതിനെ തുടര്‍ന്ന് ബെംഗളൂരുവില്‍ പോലീസുകാരന് സസ്പെന്ഷന്. ഗോവിന്ദപുര പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ എച്ച് ആര് സോനാറിനെയാണ് അന്വേഷണത്തെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തത്. ഒരു വര്‍ഷത്തിനുശേഷം നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് ഈ സംഭവം വെളിച്ചത്തുവന്നത്.
ബോംബെ സലീം എന്നറിയപ്പെടുന്ന സലീം ഷെയ്ഖ് ആണ് സോനാറിന്റെ പോലീസ് യൂണിഫോമിട്ട് ഭാര്യയെ വീഡിയോകോള്‍ വിളിച്ചത്.ഒരു മോഷണക്കേസില്‍ സലീം അറസ്റ്റിലായപ്പോഴായിരുന്നു സംഭവ. 50-ലധികം മോഷണ കേസുകളില്‍ പ്രതിയായ സലീമിനെ ഒരു മോഷണക്കേസില്‍ ഗോവിന്ദപുര പോലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച ആഭരണങ്ങള്‍, സാരികള്‍, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, ഉദ്യോഗസ്ഥര്‍ തെളിടെുപ്പിനായി ബെംഗളൂരുവിന് പുറത്തേക്ക് കൊണ്ടുപോയപ്പോള്‍ ഒരു ഹോട്ടലില്‍ താമസിപ്പിച്ചു.
ഹോട്ടല്‍ മുറിയില്‍ സലീമിനെ പൂട്ടിയിട്ട ശേഷം സോനാറും മറ്റൊരു കോണ്‍സ്റ്റബിളും ആ മുറിയില്‍ വെച്ചു തന്നെ വേഷം മാറി പുറത്തു പോയിരുന്നു. ഈ സമയത്ത് സലീം ഭാര്യയുമായി വാട്ട്സ്ആപ്പില്‍ വീഡിയോ കോള്‍ വിളിക്കുകയും മുറിയിലുണ്ടായിരുന്ന സോനാറിന്റെ പോലീസ് യൂണിഫോമും തൊപ്പിയുമൊക്കെ വെച്ച് ഭാര്യയുമായി സംസാരിക്കുകയും ഫോട്ടോയെടുത്ത് ഭാര്യയ്ക്ക് അയയ്ക്കുകയും ചെയ്തു.
ഈ സംഭവം പുറത്തുവന്നത് 2025 മെയ് മാസത്തില്‍ ഇന്ദിരാനഗറില്‍ നടന്ന മറ്റൊരു കവര്‍ച്ചയില്‍ സലീമിനെ പിടികൂടിയപ്പോഴായിരുന്നു. കേസ് അന്വേഷിക്കുന്നതിനിടെ ഇന്ദിരാനഗര്‍ പോലീസ് സലീമിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ അയാള്‍ പോലീസ് യൂണിഫോം ധരിച്ചിരിക്കുന്ന ഫോട്ടോഗ്രാഫുകളും സ്ക്രീന്‍ഷോട്ടുകളും കണ്ടെത്തി. യൂണിഫോമില്‍ സോനാറിന്റെ നെയിംബോര്‍ഡ് ഉണ്ടായിരുന്നതിനാല്‍ ആരുടെ യൂണിഫോമായിരുന്നു ധരിച്ചിരുന്നതെന്ന കാര്യത്തില്‍ മറ്റൊരു അന്വേഷണത്തിന്റെ കാര്യം വേണ്ടി വന്നില്ല.
സലീമിന്റെ ഭാര്യയാണെന്ന് പിന്നീട് തിരിച്ചറിഞ്ഞ ഒരു സ്ത്രീക്ക് ലഭിച്ച വാട്ട്സ്ആപ്പ് വീഡിയോ കോളില്‍ നിന്നുള്ളതാണ് ഈ ചിത്രങ്ങള്‍ എന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ഈസ്റ്റ്) ബി ദേവരാജ് സ്ഥിരീകരിച്ചു. ഇന്ദിരാനഗര്‍ ഇന്‍സ്പെക്ടര്‍ സുദര്ശന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെത്തുടര്‍ന്ന്, കൃത്യനിര്‍വ്വഹണത്തിലെ വീഴ്ചയ്ക്ക് സോണറിനെ സസ്പെന്‍ഡ് ചെയ്യാന്‍ പോലീസ് മേധാവി ഉത്തരവിട്ടു.






