Breaking NewsCrimeIndiaLead News

മലയാളി വൈദികര്‍ക്ക് നേരെ ബജ്‌രംഗദള്‍ ആക്രമണം വീണ്ടും ; ഇത്തവണ ഒഡീഷയില്‍ ; മതപരിവര്‍ത്തനത്തിനല്ല വന്നതെന്ന് പറഞ്ഞിട്ടും തല്ലിച്ചതച്ചു ; അടിച്ചത് ഭരിക്കുന്നത് ബിജെപി ആണെന്ന് പറഞ്ഞുകൊണ്ട്

ഭുവനേശ്വര്‍: മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് കന്യാസ്ത്രീകളെ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച ഛത്തീസ് ഗഡില്‍ നടന്ന സംഭവം കേരളത്തില്‍ ഉണ്ടാക്കിയ ഒച്ചപ്പാടുകള്‍ ചെറുതായിരുന്നില്ല. ബിജെപിയെ എതിര്‍ത്തും അനുകൂലിച്ചും ക്രൈസ്തവസഭകളെ രണ്ടു തട്ടില്‍ നിര്‍ത്തിയ സംഭവത്തിന് തൊട്ടുപിന്നാലെ ഉത്തരേന്ത്യയില്‍ വീണ്ടും മലയാളി വൈദികര്‍ക്ക് നേരെ ബജ്‌രംഗദള്‍ ആക്രമണം.

ഇത്തവണ ഒഡീഷയിലാണ് സംഭവം. ഒഡിഷയിലെ ജലേശ്വറില്‍ നടന്ന സംഭവത്തില്‍ ജലേശ്വര്‍ പാരിഷ് പ്രീസ്റ്റ് ഫാ. ലിജോ നിരപ്പേല്‍, ബാലസോറിലെ ജോഡാ പാരിഷിലെ ഫാ. വി ജോജോ എന്നിവരെ കൈയ്യേറ്റം ചെയ്തെന്നാണ് പരാതി. കന്യാസ്ത്രീകള്‍ക്കുനേരെയും അതിക്രമമുണ്ടായെന്നാണ് വിവരം. ഇന്നലെ വൈകീട്ടാണ് അതിക്രമമുണ്ടായത്. വൈദികരും കന്യാസ്ത്രീകളും അടങ്ങിയ ഒരു സംഘം ഒരു മതവിശ്വാസിയുടെ ചരമവാര്‍ഷിക ചടങ്ങിനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ചടങ്ങില്‍ പങ്കെടുത്ത് രാത്രി ഒമ്പത് മണിയോടെ ഗ്രാമത്തില്‍ നിന്ന് മടങ്ങുമ്പോള്‍ ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ കാത്തു നിന്നു തടയുകയായിരുന്നു. മോട്ടോര്‍ബൈക്കില്‍ എത്തിയ വൈദികനെ ക്രൂരമായി മര്‍ദിച്ചു. കാറില്‍ വന്ന വൈദികരേയും കന്യാസ്ത്രീകളേയും അസഭ്യം പറഞ്ഞെന്നും പരാതിയുണ്ട്.

Signature-ad

70ലേറെ ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ ആയിരുന്നു വാഹനങ്ങള്‍ തടഞ്ഞ് അക്രമമുണ്ടാക്കിയതെന്നാണ് ആരോപണം. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു മര്‍ദനം. ഭരിക്കുന്നത് ബിജെഡിയല്ല, ബിജെപിയാണെന്നും, നിങ്ങള്‍ക്ക് ആരേയും അമേരിക്കക്കാരാക്കാന്‍ കഴിയില്ല എന്നും ആക്രോശിച്ചു കൊണ്ടായിരുന്നു മര്‍ദ്ദനമെന്ന് വൈദികര്‍ പറയുന്നു. 45 മിനിറ്റുകള്‍ കഴിഞ്ഞ സംഭവസ്ഥലത്തേക്ക് പൊലീസെത്തിയപ്പോഴാണ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്. മതപരിവര്‍ത്തനം നടത്താനല്ല വന്നതെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും അക്രമികള്‍ ചെവിക്കൊണ്ടില്ല.

Back to top button
error: