Breaking NewsLead NewsMovieNEWS

‘കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മമ്മൂക്ക വിളിച്ചു, തിരിച്ച് ഇത്രമാത്രം ചോദിച്ചു; പിന്നാലെ കമ്മിറ്റ് ചെയ്ത പടത്തില്‍ നിന്ന് അദ്ദേഹം പിന്മാറി’

കൊച്ചി: നിര്‍മാതാക്കള്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മെഗാസ്റ്റാര്‍ മമ്മൂട്ടി തന്നെ വിളിച്ചിരുന്നെന്ന് നിര്‍മാതാവ് സാന്ദ്ര തോമസ്. അതിന് തയ്യാറല്ലെന്ന് പറഞ്ഞതോടെ കമ്മിറ്റ് ചെയ്ത പടത്തില്‍ നിന്ന് അദ്ദേഹം പിന്മാറിയെന്നും സാന്ദ്ര വെളിപ്പെടുത്തി. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സാന്ദ്ര തോമസ്.

‘എന്റെ സിനിമയില്‍ വര്‍ക്ക് ചെയ്തവരും ചെയ്യാത്തവരുമായ ഒരുപാട് താരങ്ങള്‍ മെസേജ് അയച്ചിട്ടുണ്ട്. പുലിക്കുട്ടിയെന്നൊക്കെ പറഞ്ഞുള്ള മെസേജുകളാണ് കൂടുതലും. സന്തോഷമെന്തെന്നാല്‍ അതില്‍ പുരുഷന്മാരാണ് കൂടുതലും മെസേജ് അയച്ചത്. ഞങ്ങള്‍ക്ക് ചെയ്യാന്‍ പറ്റാത്തതാണ് സാന്ദ്ര ചെയ്തതെന്നൊക്കെയാണ് പറഞ്ഞത്. മെയിന്‍സ്ട്രീം നടന്മാരടക്കം മെസേജ് ചെയ്തു. അതൊക്കെ കാണുമ്പോള്‍ സന്തോഷമുണ്ട്. മാനസികമായ പിന്തുണ തരുന്നുണ്ടല്ലോ. അതില്‍ സന്തോഷമേയുള്ളൂ.

Signature-ad

പറയാമോ എന്നറിയില്ല, പക്ഷേ പറയുകയാണ്. എന്നെ മമ്മൂക്ക വിളിച്ചിരുന്നു. കേസുമായി മുന്നോട്ടുപോകരുതെന്ന് പറഞ്ഞു. മുക്കാല്‍ മണിക്കൂറോളം സംസാരിച്ചു. ഞാന്‍ അദ്ദേഹത്തോട് ഒറ്റ ചോദ്യമേ ചോദിച്ചുള്ളൂ. മമ്മൂക്കാ, മമ്മൂക്കയുടെ മകള്‍ക്കാണ് ഈ അവസ്ഥ വന്നതെങ്കില്‍ അവരോടും ഇത് പറയുമോ എന്നാണ് ചോദിച്ചത്. പ്രതികരിക്കരുത്, കേസുമായി മുന്നോട്ടുപോകരുത്, ഇത് ഭാവിയില്‍ എന്നെ ബാധിക്കും, എനിക്കിനി സിനിമയുമായി മുന്നോട്ടുപോകാനാകില്ല, ഈ നിര്‍മാതാക്കള്‍ എന്റെ സിനിമ തീയേറ്ററില്‍ ഇറക്കാന്‍ സമ്മതിക്കില്ല, അതുകൊണ്ട് മിണ്ടാതിരിക്കണം എന്ന സ്റ്റാന്‍ഡ് ആയിരിക്കുമോ മമ്മൂക്ക എടുക്കുന്നതെന്ന് ചോദിച്ചു. ഇനി സാന്ദ്രയുടെ ഇഷ്ടം പോലെയെന്നും താന്‍ ഇനിയൊന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ അദ്ദേഹം കമ്മിറ്റ് ചെയ്തിരുന്ന ഒരു സിനിമയുണ്ടായിരുന്നു. അതില്‍ നിന്ന് പിന്മാറി. എന്നെയിവിടുന്ന് തുടച്ചുമാറ്റാനാണ് എല്ലാവരും ശ്രമിക്കുന്നതെങ്കില്‍ ഞാന്‍ ഇവിടെത്തന്നെയുണ്ടാകുമെന്ന് അദ്ദേഹത്തോട് വ്യക്തമായി പറഞ്ഞു. എന്റെ സിറ്റുവേഷന്‍ മനസിലാക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ലാലേട്ടന്‍ എന്നോട് ഈ വിഷയത്തില്‍ പ്രതികരിച്ചില്ല. പക്ഷേ അദ്ദേഹത്തിന്റെ ചുറ്റും നില്‍ക്കുന്നവര്‍ സംസാരിച്ചിട്ടുണ്ട്. അവരൊക്കെ പൂര്‍ണ്ണ പിന്തുണ തന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത് നില്‍ക്കുന്നവര്‍ സംസാരിച്ചതില്‍ നിന്ന് ഞാന്‍ മനസിലാക്കേണ്ടത് അദ്ദേഹത്തിന്റെ പിന്തുണയുണ്ടെന്ന് തന്നെയല്ലേ.’- സാന്ദ്ര തോമസ് ചോദിച്ചു.

 

Back to top button
error: