ചക്കിക്കൊത്തൊരു ചങ്കരന്! മയക്കുമരുന്ന് കേസ് പ്രതിയുടെ രക്ഷപ്പെടല്‍; ഭാര്യ പൊലീസ് സ്റ്റേഷന് മുന്നില്‍ വണ്ടിയുമായി കാത്തുനിന്നു; ഭര്‍ത്താവ് ചാടിക്കയറി സ്ഥലം കാലിയാക്കി

കൊല്ലം: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസില്‍ കരുതല്‍ തടങ്കലിലാക്കാന്‍ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനില്‍നിന്ന് രക്ഷപ്പെട്ടു. കിളികൊല്ലൂര്‍ കല്ലുംതാഴം വയലില്‍ പുത്തന്‍വീട്ടില്‍ അജു മണ്‍സൂര്‍ (26) ആണ് സ്റ്റേഷനില്‍നിന്ന് രക്ഷപ്പെട്ടത്. കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. സ്റ്റേഷനു മുന്നില്‍ സ്കൂട്ടറില്‍ കാത്തുനിന്ന ഭാര്യയോടൊപ്പമാണ് പ്രതി രക്ഷപ്പെട്ടത്.
മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസില്‍ തുടര്‍ച്ചയായി ഉള്‍പ്പെട്ട പ്രതിയാണ് അജു. പ്രതിയെ പ്രിവന്‍ഷന്‍ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇന്‍ എന്‍ഡിപിഎസ് (പിറ്റ് എന്‍ഡിപിഎസ്) നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കുന്നതിനായി പോലീസ് കസ്റ്റഡിയെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പിറ്റിന്റെ ഫോമുകളില്‍ പ്രതിയെക്കൊണ്ട് ഒപ്പിടീപ്പിച്ചുകൊണ്ട് ഇരിക്കുന്നതിനിടെ പോലീസിനെ വെട്ടിച്ച് സ്റ്റേഷനില്‍നിന്ന് ഇറങ്ങിയോടുകയായിരുന്നു.
സ്റ്റേഷന് മുന്‍വശത്തെ റോഡില്‍ സ്കൂട്ടറില്‍ കാത്തുനിന്ന ഭാര്യ ബിന്‍ഷയോടൊപ്പം പ്രതി രക്ഷപ്പെട്ടെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രി മുഴുവന്‍ പൊലീസ് നഗരത്തിലാകെ പരിശോധന നടത്തിയിട്ടും അജുവിനേയും ബിന്‍ഷയേയും കണ്ടെത്താനായില്ല. കിളികൊല്ലൂര്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി ആരോപണം ഉയരുന്നുണ്ട്. പ്രതി രക്ഷപ്പെടുന്ന സമയത്ത് പാറാവ് ഡ്യൂട്ടിക്ക് ആരുമുണ്ടായിരുന്നില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പ്രതിയുടെ ഭാര്യയ്ക്കെതിരെയും ചില എംഡിഎംഎ കേസുകള്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും ചേര്‍ന്ന് കൊല്ലം നഗരത്തില്‍ ഏറെ നാളുകളായി എംഡിഎംഎ വില്‍പ്പന നടത്തിയിരുന്നുവെന്നാണ് കണ്ടെത്തല്‍.






