Breaking NewsIndiaLead News

അധിക ക്യാബിന്‍ ലഗേജ്: വിമാന ജീവനക്കാര്‍ക്ക് സൈനിക ഉദ്യോഗസ്ഥന്റെ ക്രൂര മര്‍ദനം നാല് സ്പൈസ്ജെറ്റ് ജീവനക്കാര്‍ക്ക് നട്ടെല്ലിന് പൊട്ടല്‍ ഉള്‍പ്പെടെ ഗുരുതര പരിക്ക്

ന്യൂഡല്‍ഹി: അധിക ക്യാബിന്‍ ലഗേജിന്റെ പേരില്‍ സൈനിക ഉദ്യോഗസ്ഥന്‍ വിമാന ജീവനക്കാരെ മര്‍ദിച്ചതായി പരാതി. ശ്രീനഗര്‍ വിമാനത്താവളത്തിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ നാല് സ്പൈസ്ജെറ്റ് ജീവനക്കാര്‍ക്ക് നട്ടെല്ലിന് പൊട്ടല്‍ ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റതായി എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഏഴ് കിലോയില്‍ കൂടുതലുള്ള ക്യാബിന്‍ ലഗേജിന് അധിക ചാര്‍ജ് ഈടാക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് വിമാന ജീവനക്കാരെ സൈനിക ഉഗ്യോഗസ്ഥന്‍ ഇടിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ക്യൂ സ്റ്റാന്‍ഡ് ഉപയോഗിച്ച് ഒരാളെ ആക്രമിച്ചതായി എയര്‍ലൈന്‍ അധികൃതര്‍ പറഞ്ഞു. ഇതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.

Signature-ad

ഉദ്യോഗസ്ഥന്റെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സിആര്‍പിഎഫ് ഉദ്യോഗസ്ഥരെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ വധശ്രമ കുറ്റമടക്കം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കി.

16 കിലോ ക്യാബിന്‍ ലഗേജായിരുന്നു സൈനിക ഉദ്യോഗസ്ഥന്റെ കൈവശം ഉണ്ടായിരുന്നത്. ഏഴ് കിലോയാണ് അനുവദനീയം. ഇരട്ടിയിലധികമുള്ള അധിക ലഗേജിന് പണം നല്‍കണമെന്ന് വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം. നട്ടെല്ലിന് പൊട്ടലും താടിയെല്ല് തകരുന്നതും ഉള്‍പ്പെടെയുള്ള പരിക്കുകളാണ് ജീവനക്കാര്‍ക്കുണ്ടായത്.

ഡല്‍ഹിയിലേക്ക് വിമാനം കയറേണ്ടിയിരുന്ന സൈനിക ഉദ്യോഗസ്ഥന്റെ കൈവശം 16 കിലോ ഭാരമുള്ള ക്യാബിന്‍ ലഗേജുകളുണ്ടായിരുന്നു. ആഭ്യന്തര വിമാനങ്ങളില്‍ ഏഴ് കിലോയില്‍ കൂടുതല്‍ ഭാരമുള്ള ക്യാബിന്‍ ലഗേജിന് അധിക ചാര്‍ജ്ജ് നല്‍കേണ്ടതുണ്ട്. ഇക്കാര്യം സൈനിക ഉദ്യോഗസ്ഥനെ അറിയിച്ചു. തുടര്‍ന്നാണ് ആക്രമണമുണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി.

അധിക ലഗേജിനെക്കുറിച്ച് മാന്യമായി അറിയിക്കുകയും ബാധകമായ ചാര്‍ജുകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ യാത്രക്കാരന്‍ വിസമ്മതിക്കുകയും ബോര്‍ഡിങ് നടപടികള്‍ പൂര്‍ത്തിയാക്കാതെ എയറോബ്രിഡ്ജിലേക്ക് ബലമായി പ്രവേശിക്കുകയും ചെയ്തു. ഇത് വ്യോമയാന സുരക്ഷാ പ്രോട്ടോക്കോളുകളുടെ വ്യക്തമായ ലംഘനമാണെന്ന് സ്പൈസ് ജെറ്റ് പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തില്‍ സൈന്യവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Back to top button
error: