മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം; ഒന്‍പതു ദിവസത്തിനു ശേഷം ജയിലിനു പുറത്തേക്ക്

റായ്പുര്‍: ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചു. കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകാംഗമായ സിസ്റ്റര്‍ പ്രീതി മേരി എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ, ഒന്‍പതു ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് കന്യാസ്ത്രീകള്‍ ജയില്‍ മോചിതരാകുന്നത്. ജാമ്യത്തെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ത്തില്ല
ഓഫിസ്, ആശുപത്രി ജോലിക്കായി കൂടെകൂട്ടിയ 3 പെണ്‍കുട്ടികളോടൊപ്പം റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെ തടഞ്ഞുവച്ച് പൊലീസിനു കൈമാറിയത്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ കുടുംബത്തോടൊപ്പമാണ് സ്റ്റേഷനിലെത്തിയത്. ജോലിക്കായാണ് പോകുന്നതെന്ന് കുടുംബം വ്യക്തമാക്കിയെങ്കിലും മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നീ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് ചുമത്തിയത്.
മനുഷ്യക്കടത്ത് എന്‍ഐഎ നിയമത്തിലെ ഗുരുതരകുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടതിനാല്‍ ഇവ പരിഗണിക്കാന്‍ എന്‍ഐഎ പ്രത്യേക കോടതിക്കാണ് അധികാരമെന്നാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ വാദിച്ചത്. ഇത് അഡിഷനല്‍ സെഷന്‍സ് കോടതി അംഗീകരിച്ചിരുന്നു. ആദ്യം കേസ് പരിഗണിച്ച മജിസ്ട്രേട്ട് കോടതിയും ഇതേ കാരണം പറഞ്ഞാണ് അപേക്ഷ തള്ളിയത്. ഇതോടെയാണ് കന്യാസ്ത്രീകള്‍ എന്‍ഐഎ കോടതിയെ സമീപിച്ചത്. ജാമ്യത്തെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വം കഴിഞ്ഞ ദിവസം സംസ്ഥാന നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.
മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. കെട്ടിച്ചമച്ച കേസാണെന്നും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇടപെടണമെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ആവശ്യപ്പെട്ടിരുന്നു. പെണ്‍കുട്ടികള്‍ക്കു നേരെ കയ്യേറ്റമുണ്ടായെന്നും വിശദീകരണം വകവയ്ക്കാതെയാണ് അറസ്റ്റെന്നും സിബിസിഐ ആരോപിച്ചിരുന്നു. ഇതിനിടെ കന്യാസ്ത്രീകളെയും യുവതികളെയും ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍ സമാന്തരമായി ചോദ്യം ചെയ്തെന്ന ആരോപണവും ഉയര്‍ന്നു. മതപരിവര്‍ത്തനം നടന്നിട്ടില്ലെന്നും രക്ഷിതാക്കളുടെ സമ്മതത്തോടെയാണു പെണ്‍കുട്ടികള്‍ യാത്ര ചെയ്തതെന്നും അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹം വ്യക്തമാക്കിയിരുന്നു.






