Breaking NewsLead NewsMovie

‘ഓഫീസില്‍ കയറരുതെന്ന് നിവിന്‍ പോളിയുടെ ഭാര്യയുടെ പേരില്‍ ഉത്തരവ് നേടിയെടുത്തു’: നിവിന്‍ പോളിയുടേത് കള്ളക്കേസ്; ആക്ഷന്‍ ഹീറോ ബിജു 2- കേസില്‍ ഷംനാസ്

തനിക്കെതിരായി കേസെടുത്തതത് നിവിന്‍ പോളിയുടെ വ്യാജപരാതിയിലാണെന്ന് നിര്‍മാതാവ് പി.എസ് ഷംനാസ്. എന്ത് വ്യാജരേഖ ചമച്ചു എന്നാണ് നിവിന്‍ പോളി ആരോപിക്കുന്നത് എന്ന് തനിക്കറിയില്ലെന്നും നിര്‍മാതാവ് പറഞ്ഞു. ആക്ഷന്‍ ഹീറോ ബിജു-2 സിനിമയുടെ പേര് വ്യാജ ഒപ്പിട്ട് സ്വന്തമാക്കിയെന്ന നിവിന്‍ പോളിയുടെ പരാതിയില്‍ ഷംനാസിന്റെ പേരില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തിരുന്നു. കേസിനെക്കുറിച്ച് ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് ഷംനാസ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

പി.എസ്. ഷംനാസിന്റെ വാക്കുകള്‍ ഇങ്ങനെ:

Signature-ad

14 ദിവസത്തെ ഷൂട്ട് പദ്ധതിയിട്ടിരുന്നു. 11-ാം ദിവസം ബജറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഏകപക്ഷീയമായി സിനിമ പാക്കപ്പ് ചെയ്യുകയായിരുന്നു. പടം തന്റെ പേരിലേക്ക് മാറ്റാന്‍ പോളി ജൂനിയറിന്റേയോ നിവിന്‍ പോളിയുടേയോ സമ്മതപത്രത്തിന്റെ ആവശ്യമില്ല. നിവിന്‍ പോളിയുടെ പേരിലല്ല പടം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഞാനുംകൂടെ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കാന്‍ പദ്ധതിയിട്ടത്. അവരുടെ പ്രതിഫലമാണ് അവര്‍ നിക്ഷേപിക്കുന്നത്. പണം മുടക്കേണ്ടത് ഇന്ത്യന്‍ മൂവി മേക്കേഴ്സ് ആണ്.

എന്ത് വ്യാജരേഖയാണ് ഉണ്ടാക്കിയത് എന്ന് എനിക്കിപ്പോഴും മനസിലായിട്ടില്ല. ഏതെങ്കിലും തരത്തിലുള്ള വ്യാജരേഖ കൊടുത്തിട്ടുണ്ടോ ഇല്ലയോ എന്നത് ഫിലിം ചേംബറില്‍ അന്വേഷിക്കാവുന്നതേയുള്ളൂ. എന്ത് വ്യാജരേഖയാണ് ചമച്ചത് എന്നതിനെക്കുറിച്ച് എനിക്കിതുവരെ യാതൊരു അറിവും ലഭിച്ചിട്ടില്ല. ഞാന്‍ അങ്ങനെയൊരു രേഖ കൊടുത്തിട്ടുമില്ല. നിവിന്‍ പോളി തനിക്കെതിരേ നല്‍കിയത് കള്ളക്കേസാണ്.

‘പൂര്‍ണ്ണമായും നിങ്ങളുടെ പേരിലാണ് സിനിമ. അതിന് പോളി ജൂനിയറിന്റെ യാതൊരു കത്തും ആവശ്യമില്ല. അവര്‍ക്ക് യാതൊരു ബന്ധവുമില്ല’, എന്ന് ഫിലിം ചേംബറില്‍ ബന്ധപ്പെട്ടപ്പോള്‍ എന്നോട് പറഞ്ഞിട്ടുണ്ട്. നിയമനടപടിയുമായി മുന്നോട്ടുപോവും.

സിനിമയുടെ അവകാശങ്ങള്‍ മറ്റൊരാള്‍ക്ക് നല്‍കി എന്ന് അറിഞ്ഞപ്പോള്‍ തന്നെ അവരെ ബന്ധപ്പെട്ടിരുന്നു. സംവിധായകന് ഞാനുമായി സഹകരിച്ച് പോകാന്‍ താത്പര്യമില്ല, നിര്‍മാതാവ് മാറണം എന്നാണ് അവര്‍ പറഞ്ഞത്. ചെലവായ തുക തന്നാല്‍ മാറാന്‍ തയ്യാറാണ് എന്നാണ് ഞാന്‍ മറുപടി നല്‍കിയത്. എനിക്ക് ഈ പടം നിര്‍മിക്കണമെന്നോ പടത്തിന്റെ കൂടെ നില്‍ക്കണമെന്നോ യാതൊരു താത്പര്യവുമില്ല. നിവിന്‍ പോളി അതിന്റെ നിര്‍മാണം ഏറ്റെടുക്കും, ചെലവായ തുകയുടെ കണക്കുമുഴുവന്‍ ഓഫീസില്‍ ഏല്‍പ്പിക്കാന്‍ പറഞ്ഞു. മുഴുവന്‍ കണക്കും നല്‍കി. കഴിഞ്ഞ ഒരു വര്‍ഷവും മൂന്നുമാസവുമായി പോളി ജൂനിയറിന്റെ ഓഫീസില്‍ കയറി ഇറങ്ങി നടക്കുകയാണ്.

ഞാന്‍ പോളി ജൂനിയറിന്റെ ഓഫീസില്‍ കയറരുതെന്ന് ആവശ്യപ്പെട്ട് ഒരു ഉത്തരവ് നിവിന്‍ പോളിയുടെ ഭാര്യയുടെ പേരില്‍ നേടിയെടുക്കുകയാണ് ആദ്യം ഇവര്‍ ചെയ്തത്. എന്റെ കൈയിലെ മുഴുവന്‍ രേഖകളും വാങ്ങി ഓഫീസില്‍ വെച്ചതിന് ശേഷമാണ് ഇത്തരം നടപടി ചെയ്തത്.

Back to top button
error: