തുടര്‍നടപടികളില്‍ വ്യക്തത വരണം: നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയത് സനായില്‍ നടന്ന യോഗത്തില്‍; എല്ലാ നടപടികളും പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നതായി കാന്തപുരം

കോഴിക്കോട്: യമന്‍ തലസ്ഥാനമായ സനായില്‍ നടന്ന ഉന്നതതല യോഗത്തിലാണ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള തീരുമാനം ഉണ്ടായതെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍. വിവരം യമനി പ്രതിനിധികള്‍ അറിയിച്ചു. ഷെയ്ഖ് ഹബീബ് ഉമര്‍ ഹബീബിന്റെ ഇടപെടലാണ് കുടുംബവുമായി സംസാരിക്കാന്‍ അവസരം ഒരുക്കിയത്. തലാലിന്റെ കുടുംബം അനുകൂല നിലപാട് സ്വീകരിച്ചതോടെ കാര്യങ്ങള്‍ എളുപ്പമായെന്നും കാന്തപുരം അറിയിച്ചു.
വധശിക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ അനുകൂലമായ നടപടി ഉടന്‍ ഉണ്ടാകുമെന്ന് യമന്‍ പ്രതിനിധികള്‍ അറിയിച്ചതായും കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ കൂട്ടിച്ചേര്‍ത്തു. ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പ്രധാനമന്ത്രിയുടെയും വിദേശകാര്യ മന്ത്രിയുടെയും ഓഫീസിനെ അറിയിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. ദി ഫെഡറല്‍ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിന് അനുവദിച്ച അഭിമുഖത്തിലാണ് കാന്തപുരത്തിന്റെ പ്രതികരണം. നിമിഷപ്രിയക്ക് മാപ്പ് നല്‍കുന്നതിലോ ശിക്ഷയിലോ ഇനി വ്യക്തത വരേണ്ടതുണ്ടെന്നും കാന്തപുരം പറഞ്ഞു.
വധശിക്ഷ റദ്ദാക്കാനും മറ്റ് കാര്യങ്ങളില്‍ തീരുമാനം എടുക്കാനും ധാരണയായിട്ടുണ്ടെന്നാണ് കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചിരുന്നത്. കാന്തപുരവുമായി ബന്ധമുള്ള ഷെയ്ഖ് ഉമര്‍ ഹഫീള്‍ തങ്ങള്‍ നിയോഗിച്ച യമന്‍ പണ്ഡിത സംഘം ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ഇവര്‍ക്ക് പുറമെ നോര്‍ത്തേണ്‍ സെമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കാളികളായി. കാന്തപുരത്തിന് നന്ദിയറിച്ചുകൊണ്ട് ചാണ്ടി ഉമ്മന്‍ എം.എല്‍.എയും രംഗത്തെത്തിയിരുന്നു. ജൂലൈ 13ന് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് മത പണ്ഡിതനായ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍ണായക ഇടപെടല്‍ നടത്തിയത്.
കാന്തപുരത്തിന് യമന്‍ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളില്‍ വലിയ സ്വാധീനമുണ്ട്. അദ്ദേഹം തന്റെ സ്വാധീനം ഉപയോഗിച്ച് ജൂലൈ 13ന് ലോകമെമ്പാടും സ്വാധീനമുള്ള സൂഫി പണ്ഡിതനും യമനിലെ അറിയപ്പെടുന്ന മതനേതാവുമായ ഷെയ്ഖ് ഹബീബ് ഉമര്‍ ബിന്‍ ഹാഫിസിനെ സമീപിക്കുകയും അദ്ദേഹത്തിന്റെ സഹായം തേടുകയും ചെയ്തിരുന്നു. പ്രമുഖ പണ്ഡിതനും സൂഫിയുമായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള് വഴിയുള്ള ഇടപെടലാണ് കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിനെ പുനരാലോചനയിലേക്ക് എത്തിച്ചത്. അദ്ദേഹത്തിന്റെ നിര്‍ദേശത്തെ കുടുംബം മാനിക്കുകയായിരുന്നു. തുടര്‍ന്ന് 2025 ജൂലൈ 14, 15 തീയതികളിലായി നിരന്തരം ചര്‍ച്ചകള്‍ നടന്നു.
എന്നാല്‍ പിന്നീട് വധശിക്ഷയുമായി ബന്ധപ്പെട്ട് കാര്യങ്ങളില്‍ നിരവധി അനിശ്ചിതത്വങ്ങള്‍ നിലനിന്നെങ്കിലും നിരന്തരമായ ചര്‍ച്ചകളെത്തുടര്‍ന്നാണ് നിര്‍ണാകമായ തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്.






