‘ബജ്റംഗദള്‍ പ്രവര്‍ത്തകരില്‍ നിന്നും നേരിട്ടത് വളരെ മോശം പെരുമാറ്റവും കൈയ്യേറ്റ ശ്രമവും’: നടന്നത് ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ക്കെതിരെയുള്ള നീക്കം; ഛത്തീസ്ഗഡില്‍ ജയിലിലായ കന്യാസ്ത്രീകളെ കണ്ട് പ്രതിപക്ഷ എംപിമാര്‍

ദുര്‍ഗ്: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡില്‍ ജയിലിലാക്കിയ മലയാളി കന്യാസ്ത്രീകള്‍ക്ക് നേരെ ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ വളരെ മോശമായിട്ടാണ് പെരുമാറിയതെന്ന് പ്രതിപക്ഷ എംപിമാര്‍. കന്യാസ്ത്രീകളെ ജയിലില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
എന്‍.കെ പ്രേമചന്ദ്രന്‍, ഫ്രാന്‍സിസ് ജോര്‍ജ്, ബെന്നി ബഹ്നാന്‍, റോജി എം. ജോണ്‍, സപ്തഗിരി എന്നി എംപിമാരാണ് ദുര്‍ഗ് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളെ കാണാനായി എത്തിയത്. ഇവരെ കൂടാതെ കന്യാസ്ത്രീകളുടെ ബന്ധുവായ ബൈജുവിനും ജയിലില്‍ സന്ദര്‍ശനാനുമതി ലഭിച്ചിരുന്നു.
പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് കന്യാസ്ത്രീകളെ കാണാന്‍ പ്രതിപക്ഷ എംപിമാര്‍ക്ക് അനുമതി നല്‍കിയത്. സന്ദര്‍ശനാനുമതിയുമായി ബന്ധപ്പെട്ട് നാടകീയ സംഭവങ്ങള്‍ക്കും ദുര്‍ഗ് ജയില്‍ പരിസരം വേദിയായി. ഉച്ചയ്ക്ക് 12:30 നും 12:40 നും ഇടയില്‍ കന്യാസ്ത്രീകളെ കാണാനുള്ള അനുമതി ജയില്‍ സൂപ്രണ്ട് അനുവദിച്ചിരുന്നു. എന്നാല്‍ പിന്നീട് ഡയറക്ടര്‍ ജനറലിന്റെ നിര്‍ദേശം അനുസരിച്ച് അനുമതി നിഷേധിച്ചതായും അനുമതി നല്‍കുന്ന കാര്യം നാളെ പരിഗണിക്കാമെന്ന് പറഞ്ഞതായും എന്‍.കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു.
അതേസമയം ബിജെപി നേതൃത്വത്തിലുള്ള കേരളത്തില്‍ നിന്നു വന്ന സംഘത്തിന് കന്യാസ്ത്രീമാരെ കാണാനും സംസാരിക്കാനുമുള്ള അവസരം ലഭിച്ചതായും എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു. പിന്നീട് എംപിമാര്‍ പ്രതിഷേധിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് കന്യാസ്ത്രീകളെ കാണാനുള്ള അനുമതി ലഭിച്ചതും.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണിയെ ആണ് ബിജെപി നേതൃത്വം ഛത്തീസ്ഗഢിലേക്ക് ചര്‍ച്ചകള്‍ക്കായി അയച്ചത്. ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും ജയിലിലെത്തിയിരുന്നു. ആദ്യം അനുമതി നിഷേധിച്ചെങ്കിലും പിന്നീട് കാണാന്‍ കഴിഞ്ഞു. മുന്‍ മുഖ്യമന്ത്രിക്ക് അതിനോടുള്ള നന്ദി രേഖപ്പെടുത്തുന്നുവെന്ന് ബെന്നി ബെഹനാന്‍ പറഞ്ഞു.






