‘എന്തിനാ പ്രതിഷേധിക്കുന്നേ? ഡല്‍ഹിയില്‍ വിളിച്ച് ആദരിച്ചാല്‍ പോരേ?’ കത്തോലിക്ക സഭയെ പരിഹസിച്ച് ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍; തിരുമേനിക്ക് ഇഡിയെ പേടിയില്ലേ എന്നു കമന്റ്; കാസയ്ക്കും കണക്കിനു പരിഹാസം

തൃശൂര്‍: ഛത്തീസ്ഗഢില്‍ രണ്ട് മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിച്ച് ഓര്‍ത്തഡോക്‌സ് സഭാ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത. ‘എന്തിനാ പ്രതിഷേധിക്കുന്നെ, അടുത്ത പെരുന്നാളിനു ഡെല്‍ഹിയില്‍ ഒന്നുകൂടെ വിളിച്ച് ആദരിച്ചാല്‍ പോരേ?’ എന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
പ്രതിഷേധവുമായി ബന്ധപ്പെട്ട പത്രവാര്‍ത്തകള്‍ ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു മെത്രാപ്പൊലീത്തയുടെ പരിഹാസം. മാസങ്ങള്‍ക്കുമുമ്പ് തൃശൂര്‍ അതിരൂപത മെത്രാപ്പൊലീത്തയും സിബിസിഐ പ്രസിഡന്റുമായ മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടത്തിയ വിരുന്നില്‍ പ്രധാനമന്ത്രി മോദിയടക്കമുള്ള ബിജെപി നേതാക്കളെ ക്ഷണിച്ചിരുന്നു. ക്രിസ്മസ് സമയത്തായിരുന്നു പരിപാടി. ഇതിനെതിരേ വലിയ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ബിജെപി നേതാവായിട്ടല്ല, പ്രധാനമന്ത്രിയെന്ന നിലയ്ക്കാണു വിളിച്ചതെന്നായിരുന്നു മാര്‍ താഴത്തിന്റെ പ്രതികരണം.
നിലവധില്‍ ബിജെപി ലോക്‌സഭാ എംപിയായി വിജയിച്ചത് തൃശൂരില്‍നിന്നാണ്. കത്തോലിക്കാ വിഭാഗത്തില്‍നിന്നുള്ള വോട്ടുകള്‍ ബിജെപിയിലേക്ക് ചോര്‍ന്നെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മെത്രാപ്പൊലീത്തയുടെ പരിഹാസമെന്നതും ശ്രദ്ധേയമാണ്. കാസയ്ക്ക് ഇക്കാര്യത്തില്‍ എന്തു പറയാനുണ്ടെന്നും തിരുമേനിക്ക് ഇഡിയെ പേടിയില്ലേ എന്നിങ്ങനെയുള്ള മറുപടികളുമായി കമന്റ് ബോക്‌സുകളും നിറയുകയാണ്.
മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നിവ ആരോപിച്ചാണ് സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദനാ ഫ്രാന്‍സിസ് എന്നിവരെ അറസ്റ്റ് ചെയ്തത്. ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍വെച്ച് അറസ്റ്റിലായ ഇവര്‍ നിലവില്‍ റിമാന്‍ഡിലാണ്. സംഭവത്തില്‍ കേരളത്തിലെ കത്തോലിക്കാ സഭകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്.
ഒരു പറ്റം ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെ വളഞ്ഞ് ബഹളമുണ്ടാക്കിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്. ഞായറാഴ്ചയായതിനാല്‍ ജാമ്യാപേക്ഷ നല്‍കാനായിട്ടില്ല. തിങ്കളാഴ്ച ഇതിനുള്ള നടപടികളുണ്ടാകുമെന്നാണ് വിവരം. കണ്ണൂര്‍ ഉദയഗിരി ഇടവകാംഗമാണ് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകാംഗമാണ് സിസ്റ്റര്‍ പ്രീതി മേരി.






