Breaking NewsWorld

ട്രംപ് കട്ട കലിപ്പില്‍! പുടിനെ സഹായിച്ചതിനുള്ള ശിക്ഷ, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയാല്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തകര്‍ക്കും; മുന്നറിയിപ്പുമായി യു.എസ് സെനറ്റര്‍

വാഷിങ്ടന്‍: റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ശക്തമായ താക്കീതുമായി അമേരിക്ക. റഷ്യയുമായുള്ള വ്യാപാരബന്ധം തുടര്‍ന്നാല്‍ ഇന്ത്യയും ചൈനയും നേരിടേണ്ടി വരിക കടുത്ത പ്രതിസന്ധിയെന്നാണ് യുഎസ് സെനറ്ററുടെ മുന്നറിയിപ്പ്. യുഎസിന്റെ മുന്നറിയിപ്പ് വകവയ്ക്കാതെ മുന്നോട്ട് പോയാല്‍ ഇരുരാജ്യങ്ങളുടെയും സമ്പദ്വ്യവസ്ഥ തരിപ്പണമാക്കുമെന്നും സെനറ്ററും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗവുമായ ലിന്‍ഡ്‌സെ ഗ്രഹാമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

‘റഷ്യന്‍ എണ്ണ വാങ്ങുന്ന ആളുകള്‍ക്ക് മേല്‍ ട്രംപ് തീരുവ ചുമത്താന്‍ പോകുന്നു. ചൈന, ഇന്ത്യ, ബ്രസീല്‍. ഈ മൂന്ന് രാജ്യങ്ങളും വിലകുറഞ്ഞ റഷ്യന്‍ എണ്ണയുടെ 80 ശതമാനവും വാങ്ങുന്നു. അതാണ് വ്‌ളാഡിമിര്‍ പുടിന്റെ യുദ്ധയന്ത്രം മുന്നോട്ട് കൊണ്ടുപോകുന്നത്. അതിനാല്‍, പ്രസിഡന്റ് ട്രംപ് ആ രാജ്യങ്ങള്‍ക്കെല്ലാം മേല്‍ 100 ശതമാനം തീരുവ ചുമത്താന്‍ പോകുന്നു,’ ഗ്രഹാം പറഞ്ഞു.

Signature-ad

ഇന്ത്യ, ചൈന, ബ്രസീല്‍ എന്നീ രാജ്യങ്ങളെ പ്രത്യേകം പരാമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. പുടിനെ സഹായിച്ചതിനുള്ള ശിക്ഷയാണിത് എന്നും അദ്ദേഹം വ്യക്തമാക്കി. ഫോക്സ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. റഷ്യയുമായി വ്യാപാരം തുടരുന്ന രാജ്യങ്ങളില്‍ നിന്നുള്ള സാധനങ്ങള്‍ക്ക് യുഎസ് സര്‍ക്കാര്‍ 500 ശതമാനം തീരുവ ചുമത്തുമെന്ന് നേരത്തെ അഭ്യൂഹം പരന്നിരുന്നു. പ്രധാനമായും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയില്ലെങ്കില്‍, ഇന്ത്യയും ചൈനയും ബ്രസീലും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

റഷ്യന്‍ പ്രസിഡന്റിന് ആ ഉപരോധങ്ങളെ അതിജീവിക്കാന്‍ കഴിയുമെന്നും റഷ്യന്‍ സൈനികരെ അവഗണിക്കാന്‍ കഴിയുമെന്നും ഗ്രഹാം പറഞ്ഞു. എന്നാല്‍ ചൈന, ഇന്ത്യ, ബ്രസീല്‍ എന്നിവ ‘അമേരിക്കന്‍ സമ്പദ്വ്യവസ്ഥയോ പുടിനെ സഹായിക്കുകയോ’ എന്നതില്‍ ഒരു തിരഞ്ഞെടുപ്പ് നേരിടാന്‍ പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു.

എണ്ണയുമായി ബന്ധപ്പെട്ട ഇറക്കുമതികള്‍ക്ക് 100 ശതമാനം തീരുവ ചുമത്താന്‍ ട്രംപ് ഭരണകൂടം പദ്ധതിയിടുന്നതായും റിപ്പബ്ലിക്കന്‍ അംഗം പറഞ്ഞു. റഷ്യയുടെ ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ 80 ശതമാനവും ഈ മൂന്നു രാജ്യങ്ങള്‍ ചേര്‍ന്നാണ് വാങ്ങുന്നതെന്നും ഗ്രഹാം ചൂണ്ടിക്കാട്ടി.

ആരാണ് ഈ ലിന്‍ഡ്‌സെ ഗ്രഹാം?

ആദ്യം ട്രംപിന്‍റെ വിമർശകനായിരുന്നെങ്കിലും പിന്നീട് ട്രംപ് പ്രസിഡന്‍റായതോടെ നിലപാട് മാറ്റുകയും ട്രംപിന്‍റെ അടുപ്പക്കാരനായിമാറുകയും ചെയ്തു. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരേ കനത്ത നികുതി ചുമത്തണമെന്ന് നേരത്തെയും അഭിപ്രായപ്രകടനങ്ങൾ നടത്തിയിട്ടുണ്ട് ഇയാൾ. അവസരവാദ നിലപാടുകൾക്ക് പേരുകേട്ട ആൾ. പലപ്പോഴും ട്രംപിന്‍റെ യുക്തിരഹിതമായ നികുതി പ്രഖ്യാപനങ്ങൾക്കു പിന്നിൽ സ്വാധീനശക്തിയായി ഗ്രഹാം പ്രവർത്തിച്ചിരുന്നു എന്നാണ് വിലയിരുത്തൽ.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത സഹായിയായ ഇയാള്‍, ഒരു മുന്‍ യുഎസ് വ്യോമസേന ഉദ്യോഗസ്ഥനും അഭിഭാഷകനുമാണ്. 2003 മുതല്‍ സൗത്ത് കരോലിനയിലെ മൂന്നാം കോണ്‍ഗ്രസ്ഷണല്‍ ഡിസ്ട്രിക്റ്റില്‍ നിന്നുള്ള യുഎസ് സെനറ്ററാണ്. നിലവില്‍ സെനറ്റ് ബജറ്റ് കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയാണ് ലിന്‍ഡ്‌സെ ഗ്രഹാം.

Back to top button
error: