Breaking NewsIndiaLead NewsNEWSSportsTRENDING

പൊന്‍മുട്ടയിടുന്ന താറാവായി ഐപിഎല്‍; പ്രതിവര്‍ഷം പലിശയായി 1000 കോടി കൈയില്‍; ബിസിസിഐയുടെ ആകെ വരുമാനത്തിന്റെ 59 ശതമാനവും കുട്ടിക്രിക്കറ്റിലൂടെ; കരുതല്‍ ധനം 30,000 കോടി!

ന്യൂഡല്‍ഹി:  ക്രിക്കറ്റിലൂടെ പണം വാരി ബിസിസിഐ. 2024 സാമ്പത്തിക വര്‍ഷത്തില്‍ 9741.7 കോടി രൂപയുടെ വരുമാനം ബിസിസിഐ ഉണ്ടാക്കിയെന്നാണ് കണക്ക്. ഇതില്‍ 5,761 കോടി രൂപ ഐപിഎല്ലിലൂടെയാണ്. അതായത് വരുമാനത്തില്‍ 59 ശതമാനവും എത്തുന്നത് ഐപിഎല്ലിലൂടെ.

ഐപിഎല്‍ മീഡിയ അവകാശം വിറ്റഴിച്ചതിന് പുറമെ രാജ്യാന്തര മല്‍സരങ്ങളുടെ സംപ്രേക്ഷണാവകാശം വഴി 361 കോടി രൂപയാണ് ബിസിസിഐ സ്വന്തമാക്കിയത്. ഇതുകൂടാതെ 30,000 കോടി രൂപയ്ക്കടുത്ത് ബിസിസിഐയുടെ കയ്യില്‍ കരുതല്‍ ധനമുണ്ട്. ഇതില്‍ നിന്നും പലിശയായി വര്‍ഷത്തില്‍ 1,000 കോടി രൂപ ബിസിസിഐയ്ക്ക് ലഭിക്കുന്നുണ്ട്. സ്‌പോണ്‍സര്‍ഷിപ്പുകള്‍, മീഡിയ കരാര്‍, മത്സരദിന വരുമാനം എന്നിവ കണക്കിലെടുത്താല്‍ കരുതല്‍ ധനത്തില്‍ പ്രതിവര്‍ഷം 10-12 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നും ബ്രാന്‍ഡിങ് പരസ്യ കമ്പനിയായ റീഡിഫ്യൂഷനെ ഉദ്ധരിച്ച് ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Signature-ad

വര്‍ഷന്തോറും ഐപിഎല്ലിന്‍റെ പ്രചാരം ഏറിവരുന്നെന്നും അതനുസരിച്ച് മീഡിയ റൈറ്റ്സ് ഉയരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ഐപിഎൽ ഇതര വരുമാനം വർധിപ്പിക്കാൻ രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, സികെ നായിഡു ട്രോഫി തുടങ്ങിയ ടൂര്‍ണമെന്‍റുകളെ വാണിജ്യവത്കരിക്കാൻ ബിസിസിഐക്ക് മുന്നില്‍ സാധ്യതകളുണ്ട്. കൂടുതൽ രാജ്യങ്ങളിൽ ക്രിക്കറ്റ് ജനകീയമാക്കാൻ ബിസിസിഐക്ക് കഴിയും. ഇതിലൂടെയും വരുമാനം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും റീഡിഫ്യൂഷന്‍ മേധാവി സന്ദീപ് ഗോയല്‍ പറഞ്ഞു.

ഐപിഎല്ലിനെ ബിസിസിഐയുടെ പ്രധാന വരുമാന സ്രോതസാക്കുന്നത് മറുവശത്ത് തിരിച്ചടിയാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഐപിഎൽ വരുമാനത്തിലെ തടസം ബിസിസിഐക്ക് വലിയ പ്രതിസന്ധിയുണ്ടാക്കും. ഈ വർഷം, ഓപ്പറേഷൻ സിന്ദൂരിന്‍റെ സമയത്ത് ടൂര്‍ണമെന്‍റ് താൽക്കാലികമായി നിർത്തിവച്ചിരുന്നു.

Back to top button
error: