Breaking NewsCrimeKeralaNEWS

1996 ൽ വീട് കുത്തിത്തുറന്ന് 10 പവനും പണവും മോഷ്ടിച്ച കേസ്, ജാമ്യത്തിലിറങ്ങി മുങ്ങിയ 55 കാരൻ 29 വർഷങ്ങൾക്കു ശേഷം പോലീസ് വലയിൽ!! കുടുങ്ങിയത് പെൺ സുഹൃത്തിനെ കാണാനെത്തിയപ്പോൾ

തിരുവനന്തപുരം: 29 വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പോലീസിന്റെ തലവേദനയായ പിടികിട്ടാപ്പുള്ളിയെ പിടികൂടി പാറശാല പോലീസ്. നിരവധി മോഷണ കേസിലെ പ്രതിയായ പളുകൽ തേരുപുറം സ്വദേശി ജയകുമാർ (55) ആണ് വർഷങ്ങൾക്കു ശേഷം പാറശാല പോലീസിന്റെ പിടിയിലായത്. മോഷണവും പിടിച്ചുപറിയും ഉൾപ്പെടെ നിരവധി കേസിലെ പ്രതിയാണ് ജയകുമാർ.

1996 ൽ കൊടങ്ങാവിളയിലെ ഒരു വീട് കുത്തിത്തുറന്ന് 10 പവനിലധികം സ്വർണവും പണവും കവർന്ന കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെ കടന്നുകളയുകയായിരുന്നു ഇയാൽ. ഓരോ സ്ഥലത്തും ഓരോ പേരും, രൂപവും മാറ്റി നടക്കുകയായിരുന്ന ജയകുമാറിനെ പിടികൂടുക എന്നത് ഏറെ ശ്രമകരമായിരുന്നു എന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. കൂടാതെ ഫോൺ ഉൾപ്പെടെ ഒരു സാങ്കേതിക വിദ്യയും ഇയാൾ ഉപയോഗിച്ചിരുന്നില്ല എന്നതും പോലീസിനു തലവേദന സൃഷ്ടിച്ചു.

Signature-ad

തിരുവനന്തപുരം ജില്ലയ്ക്ക് പുറമേ, തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളിൽ നിർമ്മാണ തൊഴിലാളിയായി വേഷം മാറിയാണ് ഇയാൾ ജീവിച്ചുപോന്നത്. ഈയടുത്ത്, കാട്ടാക്കട കണ്ടലയിലെ പെൺസുഹൃത്തിന്റെ അടുത്തേക്ക് ജയകുമാർ എത്തുന്നു എന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പാറശാല പോലീസ് ജയകുമാറിനായി കെണിയൊരുക്കിയത്.

പാറശ്ശാല എസ്‌ഐ ദീപു എസ്എസിന്റെ നേതൃത്വത്തിൽ എസ്‌സിപിഒമാരായ സാജൻ, വിമൽരാജ്, അനിൽകുമാർ, അഭിലാഷ് എന്നിവർ ചേർന്നാണ് ഞായറാഴ്ച പുലർച്ചയോടെ ജയകുമാറിനെ പിടികൂടിയത്. ഇയാളെ അടുത്തദിവസം നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.

 

Back to top button
error: