കേരള സര്‍വകലാശാലയില്‍ ഫയല്‍നീക്കം പൂര്‍ണമായി നിയന്ത്രിച്ചു രജിസ്ട്രാര്‍; ഡിജിറ്റല്‍ ഫയലിംഗ് കണ്ട്രോള് വേണമെന്ന മോഹനന് കുന്നുമ്മലിന്റെ നിര്‍ദേശം തള്ളി സോഫ്റ്റ്വേര്‍ കമ്പനി; മിനി കാപ്പനെതിരേ നടപടി ഭയന്ന് സിന്‍ഡിക്കേറ്റ് യോഗം വിളിക്കാതെ വിസി

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ ഭരണ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. വിസി മോഹനന് കുന്നുമ്മലിന്റെ നിര്‍ദ്ദേശം തള്ളി ഫയല്‍ നീക്കം പൂര്‍ണമായും നിയന്ത്രിച്ച് രജിസ്ട്രാര്‍ കെ.എസ് അനില്‍കുമാറും സംഘവും. ഡിജിറ്റല്‍ ഫയലിംങ് നിയന്ത്രണം തനിക്ക് വേണമെന്ന വി.സിയുടെ ആവശ്യം സോഫ്റ്റ്വെയര് സര്‍വീസ് നല്കുന്ന കമ്പനിയും തള്ളി.
അഡ്മിന് അധികാരം നല്കിയ നോഡല്‍ ഓഫീസര്‍മാരെ പിന്‍വലിക്കണമെന്ന നിര്‍ദേശവും സ്വകാര്യ സര്‍വീസ് പ്രൊവൈഡര്‍ അംഗീകരിച്ചില്ല. സൂപ്പര്‍ അഡ്മിന് ആക്സസ് വി.സിക്ക് മാത്രം ആക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും വിസിക്ക് സര്‍വകലാശാലയുമായി കരാര്‍ ഇല്ലെന്നായിരുന്നു സോഫ്റ്റ്വെയര് കമ്പനിയുടെ മറുപടി. കെല്‍ട്രോണ്‍ ആണ് സോഫ്റ്റ്വെയര് കമ്പനിയെ കരാര്‍ ഏല്‍പ്പിച്ചത്. ഇതോടെ അനില്‍കുമാറില്‍ നിന്ന് ഫയല്‍ നീക്കം തടയാനുള്ള വിസിയുടെ ശ്രമം പരാജയപ്പെട്ടു. എന്നാല്‍ രജിസ്ട്രാര്‍ അനില്‍കുമാര്‍ അയക്കുന്ന എല്ലാ ഫയലുകളും വിസി തിരിച്ചയക്കുകയാണ്.
കഴിഞ്ഞ ദിവസം വിസി ചുമതലപ്പെടുത്തിയ രജിസ്ട്രാറായ മിനി കാപ്പന് ഫയലുകള്‍ അയക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഇത് നടപ്പിലായില്ല. പകരം കെ എസ് അനില്‍ കുമാറിന് തന്നെ ഫയലുകള്‍ അയക്കുമെന്ന തീരുമാനത്തിലേക്കായിരുന്നു പ്രൊവൈഡര്‍മാര്‍ എത്തിയിരുന്നത്. അങ്ങനെയെങ്കില്‍ തനിക്ക് നേരിട്ട് അയക്കണമെന്ന് മോഹനന് കുന്നുമ്മേല്‍ വ്യക്തമാക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് നേരിട്ട് സര്‍വീസ് പ്രൊവൈഡര്‍മാരെ വിസി ബന്ധപ്പെട്ടത്.
ഉടന്‍ സിന്‍ഡിക്കേറ്റ് യോഗം വിളിക്കണമെന്നു കത്തു നല്‍കിയെങ്കിലും വി.സി. യോഗം വിളിച്ചിട്ടില്ല. മിനി കാപ്പന്റെ നിയമനമടക്കം ചോദ്യം ചെയ്യപ്പെടുമെന്നു ഭയന്നാണു നീക്കമെന്നു ഭരണാനുകൂലികള്‍ ആരോപിച്ചു. സര്‍വകലാശാല നിയമം അനുസരിച്ചു ജീവനക്കാരെ നിയമിക്കാനും നടപടിയെടുക്കാനും സിന്‍ഡിക്കേറ്റിനാണ് അധികാരം. ഇതിനു വിരുദ്ധമായാണു കെ.എസ്. അനില്‍ കുമാറിനെ സസ്പെന്‍ഡ് ചെയ്തത്. സസ്പെന്ഷന് കഴിഞ്ഞ ഞായറാഴ്ച റദ്ദാക്കുകയും ഇതു ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തു. വീണ്ടും സിന്‍ഡിക്കേറ്റ് കൂടിയാല്‍ മിനി കാപ്പന്റെ നിയമനം റദ്ദാക്കാന്‍ സാധ്യതയുണ്ടെന്നു കണ്ടാണു വിസിയുടെ പിന്‍വാങ്ങലെന്നാണ് ആരോപണം.






