Breaking NewsIndiaLead NewsNEWSWorld

എയര്‍ ഇന്ത്യ വിമാനാപകടം: ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഓഫായതില്‍ ദുരൂഹത; വിമാന അപകടത്തിന്റെ ചരിത്രത്തില്‍തന്നെ ആദ്യം; കട്ട് ഓഫ് പൊസിഷനിലേക്ക് മാറ്റുക ലാന്‍ഡിംഗിനു ശേഷം

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനപകടത്തിന്‍റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് വിമാനാപകടം  കൂടുതല്‍  ദുരുഹമാക്കുകയാണ്.  സാങ്കേതിക പിഴവല്ലെന്ന്  വ്യക്തമാകുന്നതോടെ അട്ടിമറിയോ പൈലറ്റുമാരുടെ മാനുഷിക പിഴവോ എന്ന സംശയമാണ് ബലപ്പെടുന്നത്.  മാനുഷികമായി പ്രവര്‍ത്തിക്കുന്ന സ്വിച്ചുകള്‍ ആണെങ്കിലും  സാങ്കേതിക പ്രശ്നംകാരണം സ്വിച്ചുകള്‍ ഓഫാകാനുള്ള സാധ്യതയും വിദഗ്ധര്‍ തള്ളിക്കളയുന്നില്ല.

260 പേരുടെ മരണത്തിനിടയാക്കിയ വിമാനദുരന്തത്തിന്‍റെ കാരണം ഇന്ധനനിയന്ത്രണ സ്വച്ചുകള്‍ രണ്ടും ഓഫായ നിലയിലായിരുന്നതാണ് എന്ന എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യാറോയുടെ (AAIB)  പ്രാഥമിക കണ്ടെത്തല്‍ വ്യോമയാന മേഖലയെ ഞെട്ടിക്കുന്നതാണ്.  വിമാനം പറന്നുയര്‍ന്ന് സെക്കന്‍ഡുകള്‍ക്കകം ഇന്ധനനിയന്ത്രണ സ്വിച്ചുകള്‍ ഓഫ് ചെയ്ത നിലയിലേക്ക് മാറിയത് പറന്നുയരാനുള്ള ശക്തിയില്ലാതാക്കിയെന്നാണ് കണ്ടെത്തല്‍ . വിമാനാപകടത്തിന്‍റെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. വിമാനം പറന്നുയരുമ്പോള്‍ റണ്‍ എന്ന പൊഷിനിലുള്ള സ്വിച്ച് ലാന്‍ഡിങ്ങിന് ശേഷം മാത്രമാണ് കട്ട് ഓഫ് പൊസിഷനിലേക്ക് മാറ്റുക. എന്നാല്‍ പറന്ന് ഉയരുന്നതിനിടയില്‍ എന്ത് കൊണ്ട് സ്വിച്ച് ഓഫ് ചെയ്തുവെന്ന് ഒരു പൈലറ്റ് ചോദിക്കുന്നതായും താനല്ല ചെയ്തതെന്ന് രണ്ടാമത്തെ പൈലറ്റ് പറയുന്നതായും ശബ്ദ റിക്കോര്‍ഡിങ്ങില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.

Signature-ad

എന്നാല്‍ ഏതു പൈലറ്റാണ് ചോദിച്ചതെന്നോ ആരാണ് മറുപടി പറഞ്ഞതെന്നോ വ്യക്തമാക്കുന്നില്ല. മാനുഷികമായി അല്ലാതെ  ഇന്ധനനിയന്ത്രണ സ്വിച്ചുകള്‍ ഓഫാക്കാന്‍ പറ്റില്ലെന്നാണ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.  ഒന്നും രണ്ടും എന്‍ജിനുകളുടെ സ്വിച്ചുകള്‍ ഒരു സെക്കന്‍ഡ് വ്യത്യസത്തിലാണ് ഓഫാക്കിയിരിക്കുന്നത് എന്ന കണ്ടെത്തലും ദുരൂഹമാക്കുകയാണ്. അബന്ധത്തിലാണെങ്കില്‍ പോലും  ഒരേ സമയത്ത് ഇരു സ്വച്ചുകളും  ഒരു കൈ തട്ടി ഓഫ് ആവുക എന്നത് അസാധ്യമാണ്.  ഒരേ പോലെ സ്വിച്ചുകള്‍ ഓഫ് ചെയ്താല്‍ മാത്രമേ അത് സാധ്യമാകൂ. എന്നാല്‍ സ്വിച്ചുകള്‍ റണ്‍ പൊസിഷനിലേക്ക് കൊണ്ടുവരാനും വിമാനത്തെ ഉയര്‍ത്താനും പൈലറ്റുമാര്‍ ശ്രമിച്ചിട്ടുണ്ട്. അതിനാല്‍ അവര്‍ തന്നെ  ഓഫ് ചെയ്തുവെന്ന് വിശ്വസിക്കുക അവിശ്വസനീയമാണ്.

വിമാനത്തിന് സാങ്കേതിക പ്രശ്നനങ്ങളുണ്ടാകുമ്പോള്‍ അത് പരിഹരിക്കാനുള്ള ആശയകുഴപ്പത്തിനിടയില്‍  പൈലറ്റുമാര്‍ക്ക്  സ്വിച്ചുകള്‍ മാറിപോകാറുണ്ട്. എന്നാല്‍ അത്തരത്തില്‍ സാങ്കേതിക പ്രശ്നമുണ്ടായതായി അന്വേഷണ റിപ്പോര്‍ട്ടിലില്ല. പൈലറ്റുമാരുടെ അറിവോടെയോ അല്ലാതെയോ ഉള്ള അട്ടിമറി, പൈലറ്റുമാര്‍ക്ക് പറ്റിയ പിഴവ് എന്ന ദുരുഹതയിലേക്കാണ് പ്രഥമികമായി വിരല്‍ ചൂണ്ടുന്നത്. എന്നാല്‍ ഇത് വ്യക്തമാകണമെങ്കില്‍ വിശദമായ അന്വേഷണം തന്നെ വേണ്ടി വരും. റിപ്പോര്‍ട്ടിലുള്ള പൈലറ്റുമാരുടെ സംസാരത്തിനപ്പുറം  അവര്‍ നടത്തിയ പരസ്പര ആശയവിനിമയത്തിന്‍റെ കൂടുതല്‍ ശബ്ദസംഭാഷണം മനസിലാക്കണമെന്ന വിദ്ഗധര്‍ ചൂണ്ടിക്കാട്ടുന്നു. ശബ്ദം ആരുടേത് എന്നും കൃത്യമാകേണ്ടിയിരിക്കുന്നു.  മാനുഷികമായി പ്രവര്‍ത്തിക്കുന്ന സ്വിച്ചുകള്‍ ആണെങ്കിലും  സാങ്കേതിക പ്രശ്നകാരണം സ്വിച്ചുകള്‍ ഓഫായാണോ എന്നും വ്യക്തമാകേണ്ടിയിരിക്കുന്നു.

Back to top button
error: