തൊടുപുഴയില്‍ ഭിന്നശേിക്കാരനായ മൂന്നര വയസ്സുകാരനും അച്ഛനും മരിച്ചനിലയില്‍; മകനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി

ഇടുക്കി: തൊടുപുഴ കാഞ്ഞിരമറ്റത്ത് വാടക വീട്ടില്‍ മൂന്നര വയസ്സുകാരനെയും അച്ഛനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുളമാവ് മുത്തിയുരുണ്ടയാര്‍ പുത്തന്‍പുരക്കല്‍ എം.പി. ഉന്മേഷും (34) മകന് ദേവുമാണ് മരിച്ചത്. സംസാരശേഷിയില്ലാതെ മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛന് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം പുറംലോകമറിഞ്ഞത്.
വസ്ത്രവ്യാപാര സ്ഥാപനത്തില്‍ നിന്ന് ജോലി കഴിഞ്ഞു വന്ന ഉന്മേഷിന്റെ ഭാര്യ ശില്പയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടത്. ഉന്മേഷ് ഹാളിലും കുട്ടി കിടപ്പു മുറിയിലും ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു. ഉന്മേഷ് കയറിലും കുട്ടി ഷാളിലുമാണ് തൂങ്ങി നിന്നത്. ശില്പയുടെ കരച്ചില് കേട്ടെത്തിയ സമീപവാസിയാണ് പൊലീസില്‍ വിവരം അറിയിച്ചത്. ഉടന്‍ തന്നെ തൊടുപുഴ എസ്എച്ച്ഒ എസ്. മഹേഷ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.






