വേലിതന്നെ വിളവു തിന്നുന്നോ? ഡിജിറ്റല്‍ സര്‍വകലാശാലയിലെ കോടികളുടെ പ്രോജക്ടുകള്‍ സ്വന്തം കമ്പനികള്‍ ഉണ്ടാക്കി അധ്യാപകര്‍ അടിച്ചു മാറ്റുന്നെന്ന് റിപ്പോര്‍ട്ട്; ഗുരുതര ചട്ടലംഘനം എണ്ണിപ്പറഞ്ഞ് ഡോ. സിസ തോമസിന്റെ കത്ത്; ചിലര്‍ക്ക് അഞ്ചു കമ്പനികള്‍വരെ സ്വന്തം!

കൊച്ചി: ഡിജിറ്റല്‍ സര്‍വകലാശാലയിലെ അധ്യാപകര്‍ സ്വന്തമായി കമ്പനികളുണ്ടാക്കി സര്‍വകലാശാലയുടെ പ്രോജക്ടുകള്‍ കൈപ്പടിയില്‍ ഒതുക്കുന്നുവെന്ന് വൈസ് ചാന്‍സലര്‍ ഡോ.സിസ തോമസ്. സര്‍വകലാശാലയുടെ ജീവനക്കാരെയും സൗകര്യങ്ങളെയും ഈ സ്വകാര്യ സംരംഭങ്ങള്‍ക്കായി ഉപയോഗിക്കുന്നു. ഇത്തരം ഗുരുതര ചട്ടലംഘനങ്ങള്‍ എണ്ണിപറഞ്ഞ് വി.സി ഗവര്‍ണര്‍ക്കയച്ച കത്ത് പുറത്ത്.
മുഖ്യമന്ത്രി പ്രോചാന്‍സലറായ ഡിജിറ്റല്‍ സര്‍വകലാശാല ഐ.ടി വകുപ്പിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. സര്‍വകലാശാലക്ക് സര്‍ക്കാര്‍ നേരിട്ട് വളരെ കുറച്ച് ഫണ്ട് മാത്രമേ നല്‍കുന്നുള്ളൂ. പ്രവര്‍ത്തന മൂലധനം വിവിധ പ്രോജക്ടുകളിലൂടെയാണ് കണ്ടെത്തേണ്ടത്. കേന്ദ്രസര്‍ക്കാരിന്റേത് ഉള്‍പ്പെടെ പല ഏജന്‍സികളുടെയും പദ്ധതികള്‍ സര്‍വകലാശാലക്ക് ലഭിക്കും. ഇത് മുതലെടുക്കാനായി സര്‍വകലാശാലയിലെ മുതിര്‍ന്ന പല അധ്യാപകര്‍ക്കും സ്വന്തമായി കമ്പനികളുമുണ്ട്. ചിലര്‍ക്ക് അഞ്ചിലധികം കമ്പനികളുണ്ടെന്നാണ് വിവരം. പ്രോജക്ടുകള്‍ ഈ കമ്പനികള്‍ക്കാകും കൈമാറുന്നത്. ബന്ധപ്പെട്ട പലജോലികള്‍ക്കും സര്‍വകലാശാലയിലെ ജീവനക്കാരെ നിയോഗിക്കും. സര്‍വകലാശാലയിലെ സൗകര്യങ്ങളും യഥേഷ്ടം ഇതിനായി ഉപയോഗിക്കും.
ജൂണ്‍ 30 ന് ഇക്കാര്യങ്ങളെല്ലാം കാണിച്ച് സര്‍വകലാശാലയുടെ വി.സി ഡോ.സിസ തോമസ് ഗവര്‍ണര്‍ക്ക് കത്തു നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ഗ്രഫീന്‍ പ്രോജക്ട് ഇതിനെല്ലാം ഉദാഹരണമയി വി.സി ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര ഇലക്ട്രേണിക്‌സ് മന്ത്രാലയം 94. 85 കോടിയുടെ പദ്ധതി അംഗീകരിച്ചു. സംസ്ഥാന സര്‍ക്കാരും പദ്ധതിയില്‍ പണം മുടക്കുന്നുണ്ട്. ഇന്ത്യ ഗ്രഫീന്‍ എന്‍ജിനീയറിങ് ആന്‍ഡ് ഇന്നൊവേഷന്‍ സെന്റര്‍ എന്ന സ്വകാര്യകമ്പനിയെ പദ്ധതിയിലെ പങ്കാളിയാക്കി ഉത്തരവിറങ്ങി. പക്ഷേ കമ്പനി നിലവില്‍ വന്നതുപോലും ഈ ഉത്തരവിറങ്ങിയ ശേഷമാണെന്ന് വി.സി പറയുന്നു. സര്‍വകലാശാലയിലെ വിവിധ പ്രജക്ടുകളെ കുറിച്ച് സമഗ്രമായ അന്വേഷണവും ഓഡിറ്റും വേണമെന്ന് വിസി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പൊലീസിനും എ.ജിക്കും ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്.






