
കുവൈത്തിലേക്കുള്ള പ്രവേശന നടപടികൾ ലളിതവും വേഗത്തിലുമാക്കുന്നതിന്റെ ഭാഗമായി, നിർണായകമായ ഇലക്ട്രോണിക് വിസ (ഇ-വിസ) സംവിധാനത്തിന് കുവൈത്ത് തുടക്കം കുറിച്ചു.
രാജ്യത്തിന്റെ ഡിജിറ്റൽ സേവനങ്ങൾ വികസിപ്പിക്കാനും ആഗോള ബന്ധങ്ങൾ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ഈ പദ്ധതി, ആഭ്യന്തര മന്ത്രാലയത്തിന്റെ ദീർഘകാല ഡിജിറ്റൽ നവീകരണ പദ്ധതിയുടെ ഭാഗമാണ്. ഇതോടെ, പേപ്പർ അപേക്ഷകളുടെയും ദീർഘമായ കാത്തിരിപ്പിന്റെയും കാലം അവസാനിക്കും.

ഇ-വിസ സംവിധാനം പൂർണ്ണമായും ഓൺലൈൻ അധിഷ്ഠിതമാണ്. അപേക്ഷകർക്ക് തങ്ങളുടെ വീട്ടിലോ ഓഫീസിലോ ഇരുന്ന് ആവശ്യമായ വിവരങ്ങൾ നൽകാനും രേഖകൾ അപ്‌ലോഡ് ചെയ്യാനും സാധിക്കും.
ഇത് സമയം ലാഭിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും സഹായിക്കും. നിലവിൽ, നാല് പ്രധാന വിഭാഗങ്ങളിലാണ് ഇ-വിസ സേവനം ലഭ്യമാവുക.
കുവൈത്ത് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികൾക്ക് 90 ദിവസത്തെ കാലാവധിയുള്ള ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാം. ഇത് രാജ്യത്തിന്റെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകും.
കുവൈത്തിൽ താമസിക്കുന്ന പ്രവാസികൾക്ക് തങ്ങളുടെ കുടുംബാംഗങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനായി 30 ദിവസത്തെ കാലാവധിയുള്ള കുടുംബ സന്ദർശക വിസയ്ക്ക് അപേക്ഷിക്കാം. ഇത് പ്രവാസി സമൂഹത്തിന് വലിയ ആശ്വാസമാണ്.
വാണിജ്യ ആവശ്യങ്ങൾക്കായി കുവൈത്തിലെത്തുന്ന കമ്പനി പ്രതിനിധികൾക്കും സ്ഥാപനങ്ങളുടെ പ്രതിനിധികൾക്കും 30 ദിവസത്തെ സാധുതയുള്ള ബിസിനസ് വിസ ലഭിക്കും. വിവിധ യോഗങ്ങളിലും ഇവന്റുകളിലും ബിസിനസ് സംരംഭങ്ങളിലും പങ്കെടുക്കുന്നതിന് ഈ വിസ പ്രയോജനപ്പെടും.
സർക്കാർ പരിപാടികളിൽ പങ്കെടുക്കുന്നതിനും ഔദ്യോഗിക കൂടിക്കാഴ്ചകൾക്കുമായി വിദേശങ്ങളിൽ നിന്ന് എത്തുന്ന ഉദ്യോഗസ്ഥർക്കും സർക്കാർ പ്രതിനിധികൾക്കുമാണ് ഈ വിസ അനുവദിക്കുന്നത്.
ഇതിനോടനുബന്ധിച്ച്, ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലുടനീളം ഉപയോഗിക്കാൻ സാധിക്കുന്ന ഹ്രസ്വകാല വിസയായ ‘ജിസിസി ഗ്രാൻഡ് ടൂർസ് വിസ’യ്ക്ക് വേണ്ടിയുള്ള കുവൈത്തിന്റെ ഒരുക്കങ്ങളും പുരോഗമിക്കുന്നു.
ഗൾഫ് മേഖലയിലുടനീളം ഒരൊറ്റ വിസയിലൂടെ യാത്ര ചെയ്യാൻ കഴിയുന്ന ഈ സംവിധാനം ഉടൻ നടപ്പിലാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഇത് ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനും ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കാനും സഹായിക്കും.