ബിന്ദുവിന്റെ കുടുംബത്തിന് അടിയന്തര സഹായം കൈമാറി; മകനു താത്കാലിക ജോലി നല്‍കും; മകളുടെ ശസ്ത്രക്രിയയും ഉറപ്പു നല്‍കി മന്ത്രി വി.എന്‍. വാസവന്‍; ആശുപത്രികള്‍ മരണക്കെണിയാകരുതെന്ന് കണ്ണീരോടെ ബിന്ദുവിന്റെ അമ്മ

കോട്ടയം മെഡിക്കല്‍ കോളജ് ദുരന്തത്തില്‍ മരിച്ച ബിന്ദുവിന്‍റെ കുടുംബത്തെ മന്ത്രി വി.എന്‍ വാസവന്‍ സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി അടിയന്തര ധനസഹായവും കൈമാറി. ബിന്ദുവിൻറെ മകളുടെ ചികിൽസയും ശസ്ത്രക്രിയയും ഉറപ്പ് നൽകി. മകന് താൽക്കാലിക ജോലി ഉടൻ നൽകും. പതിനൊന്നിന് അടുത്ത മന്ത്രിസഭാ യോഗം ചേരും. കലക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സാമ്പത്തിക സഹായം മന്ത്രിസഭാ യോഗം തീരുമാനിക്കും. കലക്ടറുടെ ഇന്ന് റിപ്പോർട്ട് ലഭിക്കും. ബിന്ദുവിന്റെ മകൾ നവമിയുടെ ചികിൽസയ്ക്ക് സൗകര്യമൊരുക്കുമെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
ഹൃദയം തകർന്നു നിൽക്കുന്ന കുടുംബത്തെ ചേർത്തു നിർത്താനും ആശ്വാസവാക്കു പറയാനും മന്ത്രിമാരാരും എത്തിയില്ലെന്ന ആരോപണം നിലനില്‍ക്കുന്നതിനിടെയായിരുന്നു വാസവന്റെ സന്ദര്‍ശനം. ആശുപത്രികൾ മരണക്കെണിയാകരുതെന്ന് ബിന്ദുവിന്റെ അമ്മ അന്തിമോപചാരം അർപ്പിക്കാനെത്തിയ നേതൃത്വത്തോട് ഉള്ളുലഞ്ഞ് അഭ്യർഥിച്ചു. സ്വന്തമായി സ്ഥലമില്ലാത്തതിനാൽ വീടിന് സമീപത്തെ സഹോദരിയുടെ സ്ഥലത്താണ് ചിതയൊരുക്കിയത്
ഈ ചുടുകണ്ണീരിന് കേരളം ഇനി എന്ത് മറുപടി പറയാനാണ്. തലയോലപറമ്പിലെ തുണിക്കടയിൽ 350 രൂപ ദിവസവേതനക്കാരിയായിരുന്ന ബിന്ദുവിന്റെ തണലിലാണ് കുടുംബം പ്രതീക്ഷകൾ തുന്നിചേർത്തത്. സർക്കാർ സംവിധാനത്തിൽ വിശ്വസിച്ചു കോട്ടയം മെഡിക്കൽ കോളജിലേക്ക് മകളുമായി ചികിത്സക്ക് പോകുമ്പോഴും കാത്തിരിക്കുന്ന ദുരന്തം ബിന്ദു അറിഞ്ഞിരുന്നില്ല. വീഴ്ചയോണ്ടോയെന്ന് പരിശോധിക്കുമെന്ന വാക്കിൽ സർക്കാർ കൈകഴുകുമ്പോൾ കുടുംബത്തിന് നഷ്ടമായത് ബിന്ദുവെന്ന തണലിന്റെ തണുപ്പാണ്
അഞ്ചു സെന്റിൽ പണിത കുഞ്ഞുവീടിന് സമീപത്തായിരുന്നു പൊതുദർശനം. കരച്ചിടക്കാതെ ബിന്ദുവിന്റെ അമ്മ. എല്ലാം ഉള്ളിലൊതുക്കി വിതുമ്പി ഭർത്താവ് വിശ്രുതൻ. കെട്ടിപ്പിടിച്ച് നിലവിളിച്ച് മക്കൾ നവനീതും നവമിയും. നവമിയുടെ ചികിൽസയ്ക്ക് ഈ മാസം ഒന്നിന് മെഡിക്കൽ കോളേജിലേയ്ക്ക് പോയതാണ് ബിന്ദു. ചേതനയറ്റ് മടങ്ങിയെത്തിന് ആ അമ്മയ്ക്കരികിൽ മകൾ എല്ലാം തകര്‍ന്നിരുന്നു.
മുട്ടുചിറായിലെ ആശുപത്രിയിൽ നിന്നും രാവിലെ 8.30 ടെയാണ് ബിന്ദുവിന്റെ മൃതദേഹം വീടിനോട് ചേർന്ന് പൊതുദർശനത്തിന് വെച്ചത്. അവസാനമായി ബിന്ദുവിനെ ഒരു നോക്ക് കാണാൻ നിലയ്ക്കാത്ത ജനപ്രവാഹം. നിരവധി നേതാക്കളും അന്തിമോപചാരം അർപ്പിക്കാനെത്തി






