Breaking NewsKeralaNEWSNewsthen SpecialTRENDING

സ്റ്റെതസ്കോപ്പും സൂചിയും വാങ്ങാൻ പണമില്ല, ‘കേരള മോഡൽ’ വെറും പ്രഹസനമോ? പ്രശ്നം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മാത്രമോ?

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാർ അധികാരമേറ്റതു മുതൽ സർക്കാർ ഏറ്റവും അഭിമാനത്തോടെ അവതരിപ്പിച്ച നേട്ടങ്ങളിലൊന്നാണ് ആരോഗ്യമേഖലയിലെ വളർച്ച. നിപ പ്രതിരോധവും കോവിഡ് പ്രതിരോധവുമൊക്കെ ആയതോടെ കേരളത്തിലെ ആരോ​ഗ്യവകുപ്പ് രാജ്യത്തിനല്ല ലോകത്തിനാകെ മാതൃകയാണെന്നാണെന്ന രീതിയിലായിരുന്നു കാര്യങ്ങളുടെ പോക്ക്.

Signature-ad

മാത്രമല്ല ഒന്നാം ആരോഗ്യമന്ത്രിയെ മഗ്‌സസെ പുരസ്‌കാരത്തിന് പരിഗണിച്ചപ്പോൾ രണ്ടാം ആരോഗ്യമന്ത്രിയെ വിക്ടോറിയൻ പാർലമെൻറ് പോലും ആദരിച്ച കാഴ്ച്ചയും പിന്നീട് കാണാനായി. ഇങ്ങനെയെല്ലാക്കാരങ്ങൾ കൊണ്ടും കേരളത്തിലെ ആരോ​ഗ്യ മേഖല ഔന്നത്യത്തിൽ നിൽക്കുന്ന ആരോഗ്യ വകുപ്പിൻ്റെ തലയിലേക്കാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവിയുടെ ആരോപണം ഇടിത്തീപോലെ വന്നു പതിച്ചത്. അതോടെ ലോകസമാധാനത്തിന് രണ്ടു കോടി മാറ്റി വയ്ക്കുന്ന സർക്കാരിന് സ്റ്റെതസ്കോപ്പും സൂചിയും പോലും വാങ്ങാൻ അത്താഴപ്പട്ടിണിക്കാരനെ ഞെക്കിപ്പിഴിയണമെന്ന സത്യം പുറത്തുവന്നു.

എല്ലാം സിസ്റ്റത്തിൻ്റെ പ്രശ്നമാണെന്ന് പറഞ്ഞ ആരോഗ്യമന്ത്രി പക്ഷേ ഈ സിസ്റ്റത്തെ നയിക്കുന്നത് താനാണെന്ന് മിണ്ടിയില്ല. അപ്പോൾ സത്യത്തിൽ കേരള മോഡൽ ആരോഗ്യരംഗത്തിന്റെ യഥാർത്ഥ ചിത്രം എന്താണ്…നമുക്ക് പരിശോധിക്കാം!!

ഒരുകാലത്ത് അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു കിടക്കുകയാണെന്നാണ് ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലോടെ പുറത്തുവന്നത്. ഇതു തിരുവനന്തപുരത്തെ മെഡിക്കൽ കോളേജിലെ മാത്രം പ്രശ്നല്ല, മറിച്ച് കേരളത്തിലെ ഏറ്റവും മികച്ചതും ബൃഹത്തുമായിരുന്ന കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പോലും രോഗികൾക്കും അവരുടെ ഉറ്റവർക്കും വിശ്വാസം നഷ്ടമായിട്ട് കാലങ്ങളേറെയായി, വയനാട്ടിലാണെങ്കിലോ മെഡിക്കൽ കോളേജെന്നും പറഞ്ഞ് തുറന്നിട്ടിരിക്കുന്ന കെട്ടിടത്തിന്റെ അവസ്ഥയും ഇതിൽ നിന്നും വിഭിന്നമല്ല!

അങ്ങനെ തങ്ങളുടെ പ്രാഥമിക ആവശ്യങ്ങൾക്ക് പോലും ഇന്ന് സർക്കാർ ആശുപത്രികളെ വിശ്വസിക്കാനാവാതെ വന്നതോടെ സാധാരക്കാരടക്കം ഇല്ലാത്ത കാശും മുടക്കി ആളെ പിഴിഞ്ഞ് ഊറ്റി എടുക്കുന്ന പ്രെെവറ്റ് ഹോസ്പിറ്റലുകളെ ആശ്രയിക്കേണ്ട ​ഗതികേടിലും ആണ്. അങ്ങനെ സാഹചര്യങ്ങളിത്രത്തോളം പരിതാപകരമായി മുന്നോട്ട് പോയി കൊണ്ടിരിക്കുമ്പോഴാണ് ആരോ​ഗ്യമേഖലയിൽ ധനവകുപ്പ് പണം വെട്ടി കുറക്കുന്നത്. മെഡിക്കൽ കോളേജുകൾക്ക് അനുവദിച്ച തുകയിൽ 146 കോടിയാണ് ധനവകുപ്പ് വെട്ടിയത്. അടിസ്ഥാന സൗകര്യങ്ങളും ചികിത്സാ സംവിധാനങ്ങളും മെച്ചപ്പെടുത്താൻ കഴിഞ്ഞ സാമ്പത്തിക വർഷം 401.24 കോടിയാണ് നീക്കി വച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ 254. 35 കോടിയായി കുറച്ചു. മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ 146.89 വെട്ടി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ – ജില്ലാ , ജനറൽ ആശുപത്രികൾക്ക് വരെ നീക്കിവച്ച തുകയിൽ 60 കോടിയോളം വെട്ടി ചുരുക്കി. മെഡിക്കൽ കോളേജുകളുടെ വികസനത്തിന് 217 കോടി പ്രഖ്യാപിച്ച് ഒടുവിൽ 157 കോടിയായി ചുരുക്കി. ഫണ്ടിൻ്റെ അപര്യാപ്തത കാരണം പല പദ്ധതികളും നിലച്ച മട്ടാണ്. കാൻസർ സെൻററുകളുടെ ഫണ്ടും ചുരുക്കി. മെഡിക്കൽ കോളേജുകളിൽ മരുന്നുകളോ, ശസ്ത്രക്രിയ ഉപകരണങ്ങളോ ഇല്ലാത്ത ദയനീയ സാഹചര്യവുമാണ്.

എന്തായാലും നമുക്ക് ആദ്യം നമുക്ക് കോഴിക്കോട് മെഡിക്കൽ കോളേജിനെ പറ്റി തന്നെ നോക്കാം.. എന്തു കൊണ്ടാണ് കോഴിക്കോട് മെഡിക്കൽ കോളേജിന്റെ മേലുള്ള വിശ്വാസ്യത ജനങ്ങൾക്ക് നഷ്ടമായത്, ഇതിനുള്ള ഉത്തരം പരിശോധിക്കുകയാണെങ്കിൽ, സിമ്പിളായി പറഞ്ഞാൽ ഇവിടെ ഏതെങ്കിലും തരത്തിലുള്ള രോഗത്തിനു ചികിത്സ തേടിയെത്തുന്നവർ ഏതു വിധത്തിലാണ് മടങ്ങിപ്പോവുക എന്ന് ഇന്ന് യാതൊരു ഉറപ്പുമില്ല…

വയറ്റിൽ ശസ്ത്രക്രിയ നടത്തിയ യുവതിയുടെ വയറ്റിൽ കത്രിക വച്ച് തുന്നിക്കെട്ടിയ സംഭവം കോളിളക്കം സൃഷ്ടിച്ചിരുന്നു. അതേക്കുറിച്ചുള്ള കേസും പരാതിയും ഇപ്പോഴും തുടരുകയാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ മറ്റൊരു യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡനത്തിന് ഇരയാക്കിയെന്ന പരാതി ഞെട്ടലോടെയാണ് ലോകം കേട്ടത്. കുറ്റവാളിയെ മാതൃകാപരമായി ശിക്ഷിക്കുന്നതിനു പകരം അയാൾക്കു രാഷ്ട്രീയ സംരക്ഷണം നൽകുകയാണ് ആരോഗ്യ വകുപ്പ് ചെയ്തത്.

ഇയാൾക്കെതിരേ മൊഴി നൽകിയ ഒരു സീനിയർ നഴ്സിംഗ് ഉദ്യോ​ഗസ്ഥയെ അന്യായമായി സ്ഥലം മാറ്റി. അതിനെതിരേ അവർ ഹൈക്കോടതിയിൽ നിന്ന് ഉത്തരവ് വാങ്ങിയിട്ടും തിരികെ നിയമനം നൽകിയില്ല. വീണ്ടും കോടതിയലക്ഷ്യത്തിനു കേസ് നൽകിയപ്പോഴാണ് പുനർ നിയമനം നൽകിയത്. ധിക്കാരപരമായി പ്രവർത്തിക്കുന്ന സിപിഎം അനുകൂല സർവീസ് സംഘടനാ പ്രവർത്തകർക്ക് എല്ലാ സംരക്ഷണവും ലഭിക്കുന്നതു കൊണ്ടാണ് ഇത്തരം ക്രൂരതകൾ ആവർത്തിക്കുന്നത്.

അതുപോലെ തന്നെ സർക്കാർ ആശുപത്രിയിൽ പ്രസവത്തിനെത്തിയ യുവതിയുടെ വയറ്റിൽ അതേ യുവതിയുടെ പാവാട കൊണ്ട് മുറുക്കി കെട്ടി കോഴിക്കോട് മെഡിക്കൽ കോളെജിലേക്കയച്ച സംഭവവും കൂടുതൽ പഴയതല്ല. തുടർന്ന് ശ്വാസം കിട്ടാതെ ​ഗർഭസ്ഥ ശിശു മരിച്ചു. കൂടാതെ കൈക്കു പരുക്കുമായി വന്ന പിഞ്ചു കുട്ടിയുടെ നാവിനു ശസ്ത്രക്രിയ നടത്തിയ കെടുകാര്യസ്ഥതക്കുമുണ്ട് കേരള മോഡൽ ഹെൽത്തിൽ നൂറു ന്യായീകരണം. കുട്ടിയുടെ നാവിനും പ്രശ്നങ്ങളുണ്ടായിരുന്നത്രേ. എന്നാൽ കുട്ടിയോ, അതിന്റെ രക്ഷാകർത്താക്കളോ നാവിനു ചികിത്സ തേടിയില്ല. പിന്നെ ഡോക്റ്റർമാർ എന്തിനു അവയവം മാറി ശസ്ത്രക്രിയ നടത്തിയെന്ന ചോദ്യത്തിന് ഇനിയും ഉത്തരം കി‌ട്ടിയിട്ടില്ല.

ഏറ്റവുമൊടുവിൽ കാലിലിടേണ്ട കമ്പി കൈയിൽ മാറിയിട്ട സംഭവവും. ഇതിന്റെ നിജസ്ഥിതി പരിശോധിക്കാതെ തന്നെ രോഗിയെയും ബന്ധുക്കളെയും തള്ളിപ്പറയുകയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ അന്ന് ചെയ്തത്. ഇങ്ങനെ കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു ഡസണോളം ​ഗുരുതര ആരോപണങ്ങളാണ് കോഴിക്കോട് മെഡിക്കൽ കോളെജിൽ നിന്നു മാത്രം ലഭിച്ചത്. ‍

മറ്റു മെഡിക്കൽ കോളേജുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. മതിയായ ചികിത്സ ലഭിക്കാതെയും അവഗണക്കപ്പെട്ടും പീഡനങ്ങൾ വരെ സഹിച്ചുമാണ് രോഗികൾ സർക്കാർ മെഡിക്കൽ കോളേജുകളിൽ കഴിയുന്നത്. ഇതേ കാഴ്ച്ച തന്നെയാണ് തിരുവന്തപുരത്തും കണ്ടത്… അതായത്, ഉപകരണങ്ങളില്ലാത്തതിനാൽ ശസ്ത്രക്രിയകൾ അനന്തമായി നീട്ടിവെക്കേണ്ടിവരുന്ന സ്ഥിതി യൂറോളജി വിഭാഗത്തിൽ മാത്രമല്ല, അടിയന്തര മെഡിക്കൽ ഇടപെടൽ ആവശ്യമായ കാർഡിയോളജി, ഗ്യാസ്‌ട്രോ തുടങ്ങിയ വിഭാഗങ്ങളിലുമുണ്ടെന്ന്​ ഡോക്ടർമാർ പറയുന്നു. ചില വകുപ്പുകളിൽ രോഗികളുടെ ബാഹുല്യം കാരണം ശസ്ത്രക്രിയകൾ ആറുമാസത്തോളമാണ് നീട്ടിവെക്കേണ്ടിവരുന്നത്.

വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ കാലതാമസമെന്ന പരാതികളെത്തുടർന്ന് നെഫ്രോളജി, യൂറോളജി വിഭാഗം തലവന്മാർ സസ്​പെഷൻഷനിലായ സംഭവവും അടുത്തകാലത്തുണ്ടായി. എത്ര ഗുരുതരാവസ്​ഥയിലുള്ള രോഗിയാണെങ്കിലും ഡോക്​ടർ നിർദേശിച്ച പരിശോധന പൂർത്തിയാക്കി അതി​ന്റെ റിസൾട്ട് ഡോക്ടറെ കാണിക്കണമെങ്കിൽ അടുത്ത ഒപിയിൽ വരണം. അതിനാണെങ്കിൽ വീണ്ടും ഓൺലൈൻ ബുക്കിങ് നടത്തണം. അപ്പോഴേക്കും ദിവസങ്ങളൊരുപാട്​ കടന്നുപോയിട്ടുണ്ടാവും.

അതുപോലെ കാത്തുകാത്തിരുന്ന് തീയതി കിട്ടിയാലും ശസ്ത്രക്രിയാ ഉപകരണങ്ങളടക്കം പുറത്തുനിന്ന് വാങ്ങി നൽകിയാൽ മാത്രമാണ് പല സർജറികളും നടക്കുക. ശസ്ത്രക്രിയ നിശ്ചയിച്ച ദിവസം ആശുപത്രിയിൽ എത്തുമ്പോഴാണ് പലരും ഇക്കാര്യം അറിയുന്നത്. കമ്പനികൾക്ക് നേരിട്ട് പണം നൽകി ഉപകരണം വാങ്ങാമെന്നാണ് കൂട്ടിരിപ്പുകാർ പറയുന്നത്. ഇതിനുള്ള ഏജന്റുമാർ ആശുപത്രി വളപ്പിൽ വട്ടമിട്ട്​ നടക്കുന്നുണ്ടാവും. ഇവരിൽനിന്ന് ഉപകരണങ്ങൾ വാങ്ങാൻ നിർദേശിക്കുന്നത് ഡോക്ടർമാർതന്നെയാണ്. രോഗികളുടെ ദുരിതം കണ്ട്​ സഹിക്കാനാവാതെ ആവുന്നത്ര വേഗത്തിൽ ചികിത്സ ലഭ്യമാക്കാനാണ്​ പല ഡോക്​ടർമാരും ഈ വഴി നിർദേശിക്കുന്നതെങ്കിലും അതിന്റെ പേരിൽ അനാവശ്യ ആരോപണങ്ങൾ നേരിടേണ്ടിവരുന്നവരുമുണ്ട്.

യൂറോളജി വിഭാഗത്തിൽ ആഴ്ചയിൽ രണ്ടു ദിവസമാണ് ശസ്ത്രക്രിയകളുള്ളത്. സാധാരണ മൂത്രാശയത്തിലെ കല്ല് പൊടിക്കൽ പോലെയുള്ള ചികിത്സകൾ ദിവസം മൂന്നോ, നാലോ എണ്ണമാണ് നടക്കുക. ഇത്തരം ചികിത്സക്കെത്തിയ വിദ്യാർഥിക്ക് ശസ്ത്രക്രിയ മുടങ്ങിയതാണ് ഡോ. ഹാരിസ് ചിറക്കൽ തുറന്നുപറഞ്ഞത്. ഒരു രോഗിയുടെ ശസ്ത്രക്രിയ മുടങ്ങുമ്പോൾ തൊട്ടുപിന്നിലുള്ളവരുടെ ചികിത്സയും അനന്തമായി നീളും. ഓർത്തോ വിഭാഗങ്ങളിൽ മാസങ്ങൾ കാത്തിരിക്കുന്നവരും ഉണ്ട്. ഇതുപോലെ തന്നെയാണ് കേരളത്തിലെ ഇന്നത്തെ മിക്ക സർക്കാർ ആശുപത്രികളുടെയും അവസ്ഥയെന്നതും മറ്റൊരു വാസ്തവം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: