Breaking NewsKeralaLead NewsLIFEMovieNEWSNewsthen Special

കേന്ദ്രമന്ത്രി അഭിനയിക്കുന്ന ചിത്രത്തിനും രക്ഷയില്ലാത്ത കാലം; പേരുപോലും എന്തിടണമെന്ന അവകാശം മറ്റുള്ളവരിലേക്കു പോകുന്നു; കേരളം സാംസ്‌കാരിക ബദല്‍ ഉയര്‍ത്തുമെന്നും സജി ചെറിയാന്‍

തൃശൂര്‍: ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ എതിര്‍ത്തു തോല്‍പിക്കണമെന്നും സാംസ്‌കാരിക മേഖലയില്‍ കേരളത്തെ ബദലായി ഉയര്‍ത്തിക്കൊണ്ടുവരുമെന്നും മന്ത്രി സജി ചെറിയാന്‍. നവീകരണം പൂര്‍ത്തിയാക്കിയ കൈരളി- ശ്രീ തിയേറ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സിനിമ മേഖലയെ വളര്‍ത്താനും പുതിയ തലമുറയ്ക്കു പ്രോത്സാഹനം നല്‍കാനും നയം രൂപീകരിക്കാനും സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ സിനിമ കോണ്‍ക്ലേവ് ഓഗസ്റ്റില്‍ തിരുവനന്തപുരത്തു നടത്തും. ഭാവി സിനിമ മേഖല വ്യവസായമെന്ന നിലയില്‍ വന്‍ തൊഴില്‍ സാധ്യതയുള്ളതാണ്. അതിനുതകുന്ന നിലയില്‍ സിനിമ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തും. എല്ലാവരെയും ഉള്‍പ്പെടുത്തി സിനിമ നയം രൂപപ്പെടുത്തി നിയമനിര്‍മാണത്തിലേക്കു കടക്കും. സ്ത്രീകള്‍ക്കു പൂര്‍ണ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാനുള്ള ഉറപ്പു നല്‍കേണ്ടതുണ്ട്. കോണ്‍ക്ലേവില്‍ ഹേമ കമ്മിറ്റി നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്യും.

Signature-ad

ഇതിനു തുടര്‍ച്ചയായി കൊച്ചിയില്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് നടത്തും. -പീസ് ആന്‍ഡ് ഹാര്‍മണി- എന്നതാണു സന്ദേശം. യുദ്ധങ്ങള്‍ക്കെതിരായ ബദല്‍ ഉയര്‍ത്തിക്കൊണ്ടുവരും. ഇതിനുതകുന്ന പാനല്‍ ചര്‍ച്ചകളുണ്ടാകും. ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പെട്ട് പ്രതിസന്ധികള്‍ ഉയര്‍ന്നു. പേരുപോലും എന്തിടണമെന്ന അവകാശം മറ്റുള്ളവരിലേക്കു പോകുന്നു. കേന്ദ്രമന്ത്രി അഭിനയിച്ച ചിത്രത്തിനും രക്ഷയില്ല. എന്തു പേരിടണമെന്നും ചിന്തിക്കണമെന്നും എഴുതണമെന്നും പഠിക്കണമെന്നുമുള്ള തരത്തിലേക്ക് ആവിഷ്‌കാര സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുന്ന കാലത്തു സാംസ്‌കാരിക കൂട്ടായ്മ അവശ്യമാണ്. ഭൂമി കിട്ടിയാലുടന്‍ മന്ത്രി കെ. രാജന്റെ മണ്ഡലമായ ഒല്ലൂരില്‍ സിനിമ തിയേറ്റര്‍ നിര്‍മാണം ആരംഭിക്കുമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

കെ എസ്എഫ്ഡിസി ഡയറക്ടര്‍ ബോര്‍ഡ് അംഗം എം.എ. നിഷാദ് ഷാജി എന്‍. കരുണിനെ അനുസ്മരിച്ചു. മന്ത്രി കെ. രാജന്‍, കെ എസ്എഫ്ഡിസി എംഡി പി.എസ്. പ്രിയദര്‍ശന്‍, സംഗീത നാടക അക്കാദമി അധ്യക്ഷന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ലളിതകല അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത്, നടന്‍ ടി.ജി. രവി എന്നിവര്‍ പ്രസംഗിച്ചു. തിയേറ്ററില്‍ സിനിമ പ്രദര്‍ശനം നാലിന് പുനരാരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: