CrimeNEWS

നവജാത ശിശുക്കളെ കൊന്ന് കുഴിച്ചിട്ടു, അസ്ഥികളുമായി പോലീസ് സ്റ്റേഷനില്‍; അവിവാഹിതരായ മാതാപിതാക്കള്‍ കസ്റ്റഡിയില്‍

തൃശ്ശൂര്‍: നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി കുറ്റസമ്മതം നടത്തി അവിവാഹിതരായ മാതാപിതാക്കള്‍. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ കുട്ടികളുടെ അസ്ഥികളുമായി തൃശ്ശൂര്‍ പുതുക്കാട് പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. മൂന്നുവര്‍ഷം മുമ്പ് ആദ്യത്തെ പ്രസവത്തിലെ കുട്ടിയെ യുവതിയുടെ വീട്ടിലും രണ്ടുവര്‍ഷം മുന്‍പ് രണ്ടാമത്തെ കുട്ടിയെ പുതുക്കാടും കുഴിച്ചുമൂടിയെന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത്.

ആമ്പലൂര്‍ സ്വദേശിയായ ഭവിന്‍ (25) കുട്ടിയുടെ അസ്ഥികൂടവുമായി പുതുക്കാട് പോലീസ് സ്റ്റേഷനില്‍ പുലര്‍ച്ചെ രണ്ടുമണിക്ക് എത്തുകയായിരുന്നു. വെള്ളിക്കുളങ്ങര സ്വദേശിയായ അനീഷ (22) എന്ന യുവതിയാണ് കുഞ്ഞുങ്ങളുടെ അമ്മ എന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത്. പ്രസവിച്ചയുടന്‍ കുഴിച്ചുമൂടിയെന്നും കര്‍മം ചെയ്യാനായി അസ്ഥികള്‍ സൂക്ഷിച്ചുവെന്നും യുവാവ് പറയുന്നു. സംഭവത്തില്‍ യുവതിയേയും യുവാവിനെയും പോലീസ് ചോദ്യംചെയ്തുവരികയാണ്.

Signature-ad

അനീഷയുമായി ഫേയ്സ്ബുക്കിലൂടെയാണ് പരിചയപ്പെട്ടതെന്നാണ് ഇയാള്‍ നല്‍കിയിരിക്കുന്ന മൊഴി. ഇവര്‍ തമ്മില്‍ പ്രണയത്തിലാകുകയും 2021-ല്‍ യുവതി പ്രസവിക്കുകയും ചെയ്തു. വീട്ടിലെ ശൗചാലയത്തില്‍ വെച്ചായിരുന്നു പ്രസവം നടന്നത്. ജനിച്ച ആണ്‍കുഞ്ഞ് മരിച്ചു എന്നാണ് യുവതി ഭവിനെ അറിയിച്ചത്. തുടര്‍ന്ന് യുവതിയുടെ വീടിന് സമീപം പറമ്പില്‍ കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിടുകയായിരുന്നു. കുഞ്ഞിന്റെ മരണത്തിനുശേഷം മരണാനന്തര ചടങ്ങ് നടത്തുന്നതിനായി മൃതദേഹത്തില്‍നിന്നുള്ള അസ്ഥികള്‍ എടുത്തുവെക്കണമെന്ന് ആവശ്യപ്പെട്ടു. അപ്രകാരം അസ്ഥി എടുക്കുകയും ഭവിന് കൈമാറുകയും ചെയ്തു.

2024-ല്‍ ആണ് രണ്ടാമത്തെ പ്രസവം നടന്നത്. യുവതിയുടെ വീട്ടില്‍ മുറിക്കുള്ളില്‍ വെച്ചാണ് പ്രസവം നടന്നതെന്നാണ് യുവാവ് പോലിസിന് മൊഴിനല്‍കിയിരിക്കുന്നത്. ജനിച്ച ആണ്‍കുഞ്ഞ് മരിച്ചതായി യുവതി അറിയിക്കുകയും ഭവിന്റെ വീട്ടിലേക്ക് മൃതദേഹവുമായി യുവതി എത്തുകയും ചെയ്തു. പിന്നീട് ഇവര്‍ മൃതദേഹം കുഴിച്ചിടുകയും ചെയ്തു.

ഇപ്പോള്‍ സംഭവം വെളിപ്പെടുത്താന്‍ യുവാവ് മുന്നോട്ടുവന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. സംഭവത്തിന് പിന്നില്‍ ദുര്‍മന്ത്രവാദമാണോയെന്ന സംശയമുയര്‍ന്നിട്ടുണ്ട്. ഇരുവരേയും കൂടുതല്‍ ചോദ്യംചെയ്താല്‍ മാത്രമേ എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ വ്യക്തതവരൂ എന്ന് പോലീസ് പറയുന്നു.

Back to top button
error: