CrimeNEWS

കതൃക്കടവിലെ ബാറില്‍ യുവാവിനെ യുവതി മദ്യക്കുപ്പി പൊട്ടിച്ചു കുത്തി; സിനിമാ താരങ്ങളും പിന്നണി ഗായകരും സ്ഥലത്ത്

കൊച്ചി: ഒരു വര്‍ഷം മുന്‍പു വെടിവയ്പു നടന്ന കതൃക്കടവിലെ ബാറില്‍ യുവാവിനെ യുവതി മദ്യക്കുപ്പി പൊട്ടിച്ചു കുത്തി പരുക്കേല്‍പിച്ചു. ഹോട്ടലില്‍ ഡിജെ പാര്‍ട്ടിക്കിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണു സംഭവം. കതൃക്കടവ് തമ്മനം റോഡിലെ ഇടശേരി മാന്‍ഷന്‍ ഹോട്ടലിന്റെ മില്ലേനിയല്‍ ബാറില്‍ ഇന്നലെ രാത്രി പത്തരയോടെയാണു സംഘര്‍ഷമുണ്ടായത്. ബാറിന്റെ കൗണ്ടറിലുണ്ടായ വാക്ക് തര്‍ക്കം സംഘര്‍ഷത്തിലെത്തുകയായിരുന്നു.

യുവാവുമായി തര്‍ക്കിച്ച യുവതി ബിയര്‍ കുപ്പി പൊട്ടിച്ച് കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു എന്നാണു പൊലീസ് പറയുന്നത്. ഉദയംപേരൂര്‍ സ്വദേശിയായ ഇരുപത്തിയൊന്‍പതുകാരിയെ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്. ബാര്‍ ഹോട്ടലില്‍ സംഘര്‍ഷമുണ്ടായ വിവരമറിഞ്ഞു നാട്ടുകാര്‍ തടിച്ചുകൂടി. സംഭവം നടക്കുമ്പോള്‍ ചില സിനിമാ താരങ്ങളും പിന്നണി ഗായകരും ഉള്‍പ്പെടെ ഇവിടെ ഉണ്ടായിരുന്നു എന്നാണ് വിവരം.

കൊച്ചിയിലെ ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ സംഘര്‍ഷം, ഒരാള്‍ക്ക് കുത്തേറ്റു; ആക്രമിച്ചത് യുവതിയെന്ന് വിവരം

Signature-ad

നോര്‍ത്ത് സ്റ്റേഷനില്‍നിന്നും കണ്‍ട്രോള്‍ റൂമില്‍നിന്നും വന്‍ പൊലീസ് സംഘം സ്ഥലത്തെത്തിയാണു തടിച്ചുകൂടിയവരെ നീക്കിയത്. സംഭവത്തെ തുടര്‍ന്നു കതൃക്കടവ് തമ്മനം റോഡില്‍ ഗതാഗത തടസ്സമുണ്ടായി.

കഴിഞ്ഞവര്‍ഷം ഫ്രബ്രുവരിയിലാണ് ഇതേ ബാറിന്റെ മുന്നില്‍ വെടിവയ്പുണ്ടായത്. ഇടപ്പള്ളിയിലെ മറ്റൊരു ബാറിലിരുന്നു മദ്യപിച്ച സംഘം ബാര്‍ പൂട്ടിയപ്പോള്‍ അവിടെ നിന്നിറങ്ങി ഇടശേരി ബാറിലെത്തി മദ്യം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നു പ്രതികള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതു ചോദ്യം ചെയ്ത മാനേജറിനെ പ്രതികള്‍ മര്‍ദിച്ച് അവശനാക്കി. ഓടിവന്ന മറ്റ് ജീവനക്കാര്‍ ആക്രമണം ചെറുത്തതോടെ യുവാക്കളില്‍ ഒരാള്‍ തോക്കെടുത്തു വെടിവച്ചശേഷം സംഘം കടന്നുകളയുകയായിരുന്നു. ഈ സംഭവത്തെ തുടര്‍ന്നു നഗരത്തിലെ ബാര്‍ ഹോട്ടലുകള്‍ രാത്രി 11 ന് തന്നെ പ്രവര്‍ത്തനം അവസാനിപ്പിക്കാനായി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

Back to top button
error: