ഇറാന്‍ നിര്‍ത്തിയപ്പോള്‍ കയ്യാളുകള്‍ തുടങ്ങി; മിസൈല്‍ ആക്രമണവുമായി ഹൂതികള്‍; ഒന്നിലധികം നഗരങ്ങളില്‍ സൈറനുകള്‍ മുഴങ്ങി; ഗസയില്‍ വെടി നിര്‍ത്തല്‍ അടുത്തയാഴ്ച എന്നു ട്രംപ്

ടെല്‍അവീവ്: ഇസ്രയേല്‍ ലക്ഷ്യമിട്ട് വീണ്ടും മിസൈല്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്. യെമനില്‍ നിന്നും ഹൂതികള്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം. ആര്‍ക്കും പരുക്കേല്‍ക്കുകയോ നാശനഷ്ടങ്ങള്‍ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്നും സൈന്യം സമൂഹമാധ്യമമായ എക്‌സിലൂടെ അറിയിച്ചു.
തെക്കന്‍ ഇസ്രയേല്‍ ലക്ഷ്യമിട്ടാണ് ആക്രമണം ഉണ്ടായതെന്നാണ് വിവരം. ബീര്‍ഷീബ, ദിമോന, ആരദ് എന്നീ നഗരങ്ങളിലെങ്ങും സൈറണുകള്‍ മുഴങ്ങി. നാലു മിനിറ്റോളം സൈറണുകള്‍ തുടര്‍ന്നുവെന്നും പിന്നാലെ ജനങ്ങളുടെ ഫോണുകളിലേക്ക് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ അഭ്യര്‍ഥിച്ച് സന്ദേശങ്ങള്‍ അയച്ചുവെന്നും സൈന്യം വ്യക്തമാക്കുന്നു.

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കും വരെ ആക്രമണങ്ങള്‍ തുടരുമെന്ന് ഹൂതികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷ സമയത്ത് ഈ ആക്രമണങ്ങള്‍ ഹൂതികള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. ഹൂതി ആക്രമണങ്ങളഅക്ക് പിന്നാലെ യെമനിലെ പ്രധാന തുറമുഖമായ ഹൊദെയ്ദയടക്കം ഇസ്രയേല്‍ വ്യോമാക്രമണത്തിലൂടെ തകര്‍ത്തിരുന്നു.
ഗാസയില്‍ വെടിനിര്‍ത്തല്‍ അടുത്തയാഴ്ച നിലവില്‍ വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഹൂതികള്‍ വീണ്ടും ആക്രമണം ശക്തമാക്കിയിരിക്കുന്നത്. ഗാസയിലെ സ്ഥിതി പരമദയനീയമാണെന്നും അവിടെയുള്ള ചില പ്രധാനപ്പെട്ട വ്യക്തികളുമായി താന്‍ സംസാരിച്ചിരുന്നുവെന്നും ട്രംപ് വൈറ്റ്ഹൗസില്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഒട്ടും വൈകാതെ തന്നെ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലാക്കാന്‍ കഴിയുമെന്നും ഭക്ഷണമടക്കമുള്ള അടിയന്തര വസ്തുക്കള്‍ കൂടുതലായി വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ആളുകള്‍ മരിക്കുന്നത് കണ്ടിട്ട് സഹിക്കാന്‍ കഴിയാത്തത് കൊണ്ടാണ് അമേരിക്ക ഇടപെടുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.