ശുഭം: ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിച്ച് ശുഭാംശു ശുക്ലയും സംഘവും; പ്രതീക്ഷിച്ചതിലും നേരത്തേ ഡ്രാഗണ്‍ ക്രൂ പേടകം ഡോക്കിംഗ് പൂര്‍ത്തിയാക്കി

ന്യൂയോര്‍ക്ക്: രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിച്ച് ശുഭാംശു ശുക്ലയും സംഘവും. 28 മണിക്കൂറിലധികം സഞ്ചരിച്ചാണ് സംഘം ബഹിരാകാശനിലയത്തിലെത്തിയത്. ഡ്രാഗണ്‍ ക്രൂ പേടകം ഡോക്കിങ് പൂര്‍ത്തിയാക്കിയതോടെയാണ് ശുഭാംശുവും സംഘവും ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിച്ചത്. പ്രതീക്ഷിച്ചതിനേക്കാള്‍ നേരത്തെയാണ് ഡോക്കിങ് നടന്നത്. 14 ദിവസം ബഹിരാകാശ നിലയത്തില്‍ തങ്ങും. അറുപതിലധികം പരീക്ഷണങ്ങളില്‍ സംഘം ഏര്‍പ്പെടും. ഇന്ത്യയ്ക്കായി ഏഴ് പരീക്ഷണങ്ങള്‍ ശുഭാംശു നടത്തും.
പ്രതീക്ഷിച്ചതിനേക്കാളും മികച്ച അനുഭവമായിരുന്നുവെന്നും ‘ദൗത്യത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ അഭിമാനമെന്നും ശുഭാംശു ശുക്ല പ്രതികരിച്ചു. ഇന്നലെയാണ് ബഹിരാകാശ നിലയത്തിലേക്കുള്ള ശുഭാംശു ശുക്ലയുടെ ചരിത്ര യാത്ര ആരംഭിച്ചത്. കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് ഫാല്‍ക്കണ്‍ 9 റോക്കറ്റിലായിരുന്നു ആക്സിയം 4 മിഷന്റെ യാത്ര. മിഷന്‍ കമാന്‍ഡറും നാസയുടെ ബഹിരാകാശ സഞ്ചാരിയുമായ പെഗി വിറ്റ്സണ്‍, പോളണ്ടില്‍ നിന്നുള്ള ബഹിരാകാശ സഞ്ചാരി സ്വാവോസ് ഉസാന്‍സ്കി, ഹംഗറിയില്‍ നിന്നുള്ള ടിബര്‍ കപൂ എന്നിവരും ദൗത്യസംഘത്തിലുണ്ട്.