
തിരുവനന്തപുരം: ആര്‍എസ്എസ് ബന്ധം സംബന്ധിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നടത്തിയ പരാമര്‍ശം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടി ആയെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനം. വര്‍ഗീയ ശക്തികളുമായി കൂട്ടുകെട്ടുണ്ടെന്ന പ്രതീതി ഉണ്ടാക്കുന്ന പ്രസ്താവനകള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നു ഗോവിന്ദന്റെ പേരെടുത്തു പറയാതെ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. കേന്ദ്രകമ്മിറ്റി അംഗങ്ങളായ എളമരം കരീം, പി.രാജീവ് തുടങ്ങിയവരാണ് ഇക്കാര്യം ഉന്നയിച്ചത്.
പാര്‍ട്ടി വോട്ടില്‍ ചോര്‍ച്ചയുണ്ടായത് ഗൗരവമായി പരിശോധിക്കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു. മൈക്ക് കണ്ടാല്‍ എന്തും പറയുന്ന സ്ഥിതി ഉണ്ടാകരുതെന്നു മുഖ്യമന്ത്രി താക്കീത് നല്‍കിയതിനു പിന്നാലെയാണു സെക്രട്ടേറിയറ്റിലും സമാനമായ വിമര്‍ശനം ഉയര്‍ന്നത്. നിലമ്പൂരില്‍ പാര്‍ട്ടിയുടെ കണക്കുകൂട്ടലുകള്‍ പിഴച്ചുവെന്നും നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഇക്കാര്യം ഗൗരവമായി പരിശോധിച്ചു മുന്നോട്ടുപോകണമെന്നും അംഗങ്ങള്‍ വ്യക്തമാക്കി.

ഏതാണ്ടു പതിനായിരത്തോളം ഇടതുവോട്ടുകള്‍ പി.വി.അന്‍വറിന് ചോര്‍ന്നുവെന്നാണു ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍. അന്‍വര്‍ ഉയര്‍ത്തിയ വിഷയങ്ങളില്‍ കൃത്യമായി മറുപടി നല്‍കാന്‍ തയാറാകാതിരുന്നത് തിരിച്ചടിയായെന്നും ജില്ലാ നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. സംസ്ഥാന സമിതി യോഗത്തിലും ഇതുസംബന്ധിച്ചു ചര്‍ച്ചയുണ്ടാകും.