Breaking NewsIndiaLead NewsLIFENEWSNewsthen SpecialPravasiWorld

വീണ്ടും വിലങ്ങുവീഴും; ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികള്‍ക്ക് യുഎസ് സുപ്രീം കോടതിയുടെ പച്ചക്കൊടി; സ്വന്തം നാട്ടില്‍ നേരിടേണ്ടിവരുന്ന പീഡനങ്ങള്‍ പരിഗണിക്കേണ്ട; അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കാം; കടുത്ത വിയോജിപ്പുമായി മൂന്ന് ജഡ്ജിമാര്‍; നടപടികള്‍ ഉടന്‍ പുനരാരംഭിച്ചേക്കും

കുറ്റവാളികളായ കുടിയേറ്റക്കാരെ രാജ്യത്തുനിന്നു നീക്കം ചെയ്യാനും അമേരിക്കയെ വീണ്ടും സുരക്ഷിതമാക്കാനുമുള്ള പ്രസിഡന്റിന്റെ അധികാരത്തെ ഊട്ടിയുറപ്പിക്കുന്നെന്നു വൈറ്റ് ഹൗസ് വക്താവ്‌

ന്യൂയോര്‍ക്ക്: മൂന്നു ജഡ്ജിമാരുടെ കടുത്ത വിയോജിപ്പിനിടെ കുടിയേറ്റക്കാരെ തിരിച്ചയയ്ക്കാനുള്ള ട്രംപിന്റെ നടപടിക്കു സാധുത നല്‍കി യുഎസ് സുപ്രീം കോടതി. കുടിയേറ്റക്കാരെ സ്വന്തം രാജ്യത്തേക്കു മടങ്ങേണ്ടിവരുമ്പോള്‍ അവര്‍ക്കു നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ പരിഗണിക്കേണ്ടതില്ലെന്നും നിര്‍ബന്ധിതമായി കയറ്റിവിടാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. അധികാരമേറ്റയുടന്‍ ട്രംപ് നടപ്പാക്കിയ കുടിയേറ്റ വിരുദ്ധ നടപടികള്‍ക്ക് എണ്ണ പകരുന്നതാണു പുതിയ സുപ്രീം കോടതി വിധി. നിയമത്തില്‍ പ്രതീക്ഷയര്‍പ്പിച്ചു കഴിഞ്ഞവര്‍ക്കുള്ള വന്‍ തിരിച്ചടിയാണിതെന്നും ചൂണ്ടിക്കാട്ടുന്നു.

കോടതിയിലെ മൂന്നു ലിബറല്‍ ജഡ്ജിമാരുടെ കടുത്ത വിയോജിപ്പിനിടെയാണു 6-3 ഭൂരിപക്ഷത്തില്‍ വിധി പാസായത്. മൂന്നാം ലോക രാജ്യങ്ങളിലേക്കു മടങ്ങേണ്ടിവരുമ്പോള്‍ അവര്‍ അനുഭവിക്കാന്‍ സാധ്യതയുള്ള പീഡനങ്ങള്‍ ബോധ്യപ്പെടുത്താന്‍ അവസരം നല്‍കണമെന്ന ജുഡീഷ്യല്‍ ഉത്തരവ് എടുത്തുമാറ്റണമെന്ന ആവശ്യത്തിനും കോടതി അംഗീകാരം നല്‍കി.

Signature-ad

ALSO READ     നിലമ്പൂര്‍ പാഠമായി; സമഗ്രമായ അഴിച്ചുപണിക്ക് സര്‍ക്കാര്‍; പ്രകടനം മോശമായ മന്ത്രിമാരെ മാറ്റും? എ.കെ. ശശീന്ദ്രന്‍ തെറിക്കും; വനംവകുപ്പ് സിപിഎം ഏറ്റെടുത്തേക്കും; കേരള കോണ്‍ഗ്രസിന് നല്‍കാനും ആലോചന; കെ.കെ. ശൈലജയും മന്ത്രിസഭയിലേക്ക്

ഏപ്രില്‍ 18ന് ബോസ്റ്റണ്‍ ജില്ലാ ജഡ്ജി ബ്രയാന്‍ മര്‍ഫിയുടെ ഉത്തരവാണ് റദ്ദാക്കിയത്. അടിയന്തര അഭ്യര്‍ഥനകളില്‍ തീരുമാനമെടുക്കുമ്പോള്‍ സാധാരണ ചെയ്യുന്നതുപോലെ, ഒപ്പിടാതെ പുറപ്പെടുവിച്ച ഹ്രസ്വ ഉത്തരവില്‍ വിധി റദ്ദാക്കാനുള്ള കാരണവും വ്യക്തമാക്കിയിട്ടില്ല. അതേസമയം, ജസ്റ്റിസ് സോണിയ സൊട്ടോമയര്‍ അടക്കമുള്ള രണ്ടു ലിബറല്‍ ജഡ്ജിമാര്‍ കോടതിയുടെ അധികാരത്തിന്റെ നഗ്നമായ ദുരുപയോഗമെന്നാണു വിശേഷിപ്പിച്ചത്.

ആയിരക്കണക്കിനു കിലോമീറ്ററുകള്‍ അകലെ ജനങ്ങള്‍ പീഡനത്തിന് ഇരയായേക്കുമെന്നും സര്‍ക്കാര്‍ നോട്ടീസടക്കമുള്ള നടപടിക്രമങ്ങള്‍ പാലിക്കണമെന്നും ഉത്തരവിട്ട ജില്ല കോടതി അധികാര പരിധി ലംഘിച്ചെന്ന വാദമാണ് സുപ്രീം കോടതിക്കു കൂടുതല്‍ രുചികരമായി തോന്നിയതെന്നും ജസ്റ്റിസ് സോണിയ വിയോജന വിധിയില്‍ എഴുതി. കോടതി ചൂണ്ടിക്കാട്ടിയ ഒഴികഴിവുകള്‍ മനസിലാക്കാന്‍ കഴിയാത്തതാണെന്നും സോണിയ വിശേഷിപ്പിച്ചു.

FILE PHOTO: Elon Musk greets U.S. President Donald Trump as they attend the NCAA men’s wrestling championships in Philadelphia, Pennsylvania, U.S., March 22, 2025. REUTERS/Nathan Howard/File Photo

‘അറിയിപ്പും മടങ്ങിപ്പോകുന്നതിലെ ഭയാശങ്കകളും അവതരിപ്പിക്കാന്‍ അവസരം നല്‍കാതെ മൂന്നാം ലോക രാജ്യക്കാരെ നീക്കം ചെയ്യുക എന്ന ഭരണകൂട നയം അമേരിക്കന്‍ ഭരണഘടനയെ ലംഘിക്കുന്നതാണെ’ന്നു മര്‍ഫി കണ്ടെത്തിയിരുന്നു. കുടിയേറ്റക്കാര്‍ക്കെതിരേ പ്രതികൂല നടപടികള്‍ സ്വീകരിക്കുന്നതിന് മുമ്പ് നോട്ടീസും വാദം കേള്‍ക്കാനുള്ള അവസരവും സര്‍ക്കാര്‍ നല്‍കണമെന്നും വിധിയില്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഫെബ്രുവരിയില്‍ ട്രംപ് നാടുകടത്തല്‍ നടപടി ആരംഭിച്ചതിനു പിന്നാലെ കുടിയേറ്റക്കാര്‍ക്കുവേണ്ടി നിലകൊണ്ട സംഘടനകള്‍ കോടതിയെ സമീപിച്ചിരുന്നു. മൂന്നാം ലോകരാജ്യങ്ങളിലേക്കു മുന്‍കൂര്‍ അറിയിപ്പില്ലാതെ നാടുകടത്തുന്നതിനുമുമ്പ് അവര്‍ അനുഭവിക്കാന്‍ സാധ്യതയുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചു ബോധ്യപ്പെടുത്താന്‍ അവസരം നല്‍കണമെന്നായിരുന്നു സംഘടനകളുടെ വാദം.

രാഷ്ട്രീയമായി അസ്ഥിരമായ ദക്ഷിണ സുഡാനിലേക്ക് ഒരുകൂട്ടം കുടിയേറ്റക്കാരെ അയയ്ക്കുന്നതിനുമുമ്പ് നടപടിക്രമങ്ങള്‍ പാലിക്കണമെന്ന ഉത്തരവ് ട്രംപ് ലംഘിച്ചെന്നും പിന്നീടുള്ള സിറ്റിംഗില്‍ മര്‍ഫി കണ്ടെത്തിയിരുന്നു. തട്ടിക്കൊണ്ടുപോകലും സായുധ സംഘര്‍ഷവും നിറഞ്ഞ സുഡാനിലേക്കുള്ള മടക്കിയയ്ക്കല്‍ ഒഴിവാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജഡ്ജി ഇടപെട്ടതിനു പിന്നാലെ നടപടികള്‍ നിര്‍ത്തിവച്ച സര്‍ക്കാരിനു കുടിയേറ്റക്കാരെ ജിബൂട്ടിയിലെ സൈനിക താവളത്തില്‍ നിലനിര്‍ത്തേണ്ടിയും വന്നു.

സുപ്രീം കോടതിയുടെ പുതിയ ഉത്തരവ് കുടിയേറ്റക്കാരായ ആളുകളെ പീഡനത്തില്‍നിന്നും മരണത്തില്‍നിന്നും സംരക്ഷിക്കുന്ന നിര്‍ണായകമായ നടപടി ക്രമങ്ങള്‍ ഇല്ലാതാക്കുന്നതാണെന്നും ഭയാനകവുമെന്നാണു കുടിയേറ്റക്കാര്‍ക്കുവേണ്ടി വാദിച്ച നാഷണല്‍ ഇമിഗ്രേഷന്‍ ലിറ്റിഗേഷന്‍ അലയന്‍സിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ട്രിന റിയല്‍മുട്ടോ പ്രതികരിച്ചത്.

എന്നാല്‍, ദക്ഷിണ സുഡാനില്‍നിന്നുള്ളവര്‍ അമേരിക്കയില്‍ ഹീനമായ കുറ്റകൃത്യങ്ങള്‍ നടത്തിയവരാണെന്നും കുറ്റവാളികളായ കുടിയേറ്റക്കാതെ തിരിച്ചയയ്‌ക്കേണ്ടത് അത്യാവശ്യമാണെന്നുമായിരുന്നു മൂന്നാംലോക രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കുവേണ്ടി രൂപീകരിച്ച നയങ്ങളുടെ അടിസ്ഥാനത്തിലാണു നടപടിയെന്നുമായിരുന്നു ട്രംപ് ഭരണകൂടം കോടതിയെ അറിയിച്ചത്.

ജില്ല ജഡ്ജിയുടെ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തത് കുറ്റവാളികളായ കുടിയേറ്റക്കാരെ രാജ്യത്തുനിന്നു നീക്കം ചെയ്യാനും അമേരിക്കയെ വീണ്ടും സുരക്ഷിതമാക്കാനുമുള്ള പ്രസിഡന്റിന്റെ അധികാരത്തെ ഊട്ടിയുറപ്പിക്കുന്നെന്നു വൈറ്റ് ഹൗസ് വക്താവ്‌ അബിഗെയ്ല്‍ ജാക്‌സണ്‍ പറഞ്ഞു.

ഠ മലവെള്ളംപോലെ കേസുകള്‍

ജനുവരിയില്‍ ട്രംപ് അധികാരത്തിലെത്തിയശേഷമുള്ള കുടിയേറ്റ വിരുദ്ധ നടപടികള്‍ക്കെതിരേ നിരവധി കേസുകളാണു കോടതിയിലെത്തിയത്. ലക്ഷക്കണക്കിനു കുടിയേറ്റക്കാര്‍ക്കു താത്കാലികമായി അമേരിക്കയില്‍ തുടരാനും ജോലി ചെയ്യാനുമുള്ള അനുമതി പിന്‍വലിക്കാന്‍ സുപ്രീം കോടതി മേയില്‍ ട്രംപ് ഭരണകൂടത്തിന് അനുമതി നല്‍കിയിരുന്നു. എങ്കിലും 1978ലെ ഏലിയന്‍ എനിമീസ് ആക്ട് അനുസരിച്ച് നീക്കം ചെയ്യാന്‍ തീരുമാനിച്ച ചില കുടിയേറ്റക്കാരോടുള്ള ട്രംപിന്റെ സമീപനത്തെ ജഡ്ജിമാര്‍ കുറ്റപ്പെടുത്തി. യുദ്ധകാലത്തു മാത്രം ഉപയോഗിച്ചിരുന്ന നിയമം ഭരണഘടനാപരമായ നടപടിക്രമങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ഉപയോഗിക്കുന്നതു ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ദക്ഷിണ സുഡാനിലേക്കും ക്യൂബയിലെ ഗ്വാണ്ടനാമോ ബേയിലുള്ള നാവിക താവളത്തിലേക്കും മറ്റു നാലുപേരെ എല്‍സാല്‍വദോറിലേക്കും അയച്ചതിലൂടെ ഭരണകൂടം ജില്ലാ കോടതിയുടെ ഉത്തരവുകള്‍ ലംഘിച്ചെന്നു ജസ്റ്റിസ് സോണിയ കണ്ടെത്തി. കോടതി അനുസരണക്കേടിനെതിരേ കണ്ണടയ്ക്കുന്നത് ആദ്യമല്ല. ഇത് അവസാനത്തേതാകുമോ എന്നതിലും എനിക്കു സംശയമുണ്ടെന്നും ജസ്റ്റിസ് സോണിയ പറഞ്ഞു. ജസ്റ്റിസ് മര്‍ഫിയുടെ വിധി റദ്ദാക്കണമെന്ന ട്രംപ് ഭരണകൂടത്തിന്റെ ആവശ്യം യുഎസ് സര്‍ക്യൂട്ട് കോടതി ഓഫ് അപ്പീല്‍സ് നിരസിച്ചതോടെയാണു സുപ്രീം കോടതിയെസ സമീപിച്ചത്.

Back to top button
error: