Breaking NewsLead NewsNewsthen SpecialSportsTRENDING

‘എന്റെ കാലം കഴിഞ്ഞെന്നു പറഞ്ഞവരാണ് വിമര്‍ശകര്‍; ഇപ്പോഴും ഞാന്‍ കളിച്ചുകൊണ്ടേയിരിക്കുന്നു; എഴുതുന്നവര്‍ ഇനിയും എഴുതും പറയുന്നവര്‍ വീണ്ടും പറയും; ഞാന്‍ രാജ്യത്തിനുവേണ്ടി കളിക്കും’: അഞ്ച് വിക്കറ്റ് നേട്ടത്തിനു പിന്നാലെ തുറന്നടിച്ച് ബുംറ

ന്യൂഡല്‍ഹി: തന്റെ കാലം കഴിഞ്ഞെന്നും കൂടിപ്പോയാല്‍ ആറുമാസംവരെ ടീമില്‍ തുടരുമെന്നും വിധിച്ചവരാണു വിമര്‍ശകരെന്ന് തുറന്നടിച്ച് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ. ആളുകള്‍ എന്തു പറയുന്നു എന്നതു തനിക്കു നിയന്ത്രിക്കാന്‍ കഴിയുന്ന കാര്യമല്ല. രാജ്യത്തിനായി കളിക്കുക മാത്രമാണു ശ്രദ്ധയെന്നും ബുംറ അഭിമുഖത്തില്‍ പറഞ്ഞു.

സമ്മര്‍ദം താങ്ങാന്‍ ബുംറയ്ക്കാവില്ലെന്നും അധികകാലം കളിക്കളത്തില്‍ തുടരാനാകില്ലെന്നും കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയ്ക്കിടെയുണ്ടായ പരുക്കിനെ തുടര്‍ന്നാണ് താരത്തിന്റെ ഫിറ്റ്‌നസിനെ കുറിച്ച് കടുത്ത ആശങ്ക ഉയര്‍ന്നത്. ഇംഗ്ലണ്ട് പരമ്പരയിലെ അഞ്ച് ടെസ്റ്റുകളും താന്‍ കളിക്കില്ലെന്ന് ബുംറയും വ്യക്തമാക്കിയിരുന്നു.

Signature-ad

എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ എതിരാളിയെ വിറപ്പിച്ചായിരുന്നു ബുംറയുടെ പ്രകടനം. കരിയറിലെ 14-ാം അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചതിന് പിന്നാലെയാണ് വിമര്‍ശകരുടെ വായടപ്പിച്ച് ബുംറ പ്രതികരിച്ചത്. ആളുകള്‍ എന്തെഴുതുന്നു എന്നത് തന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ലെന്നും രാജ്യത്തിനായി കളിക്കുകയെന്നതിലും ടീമിന് വേണ്ടത് നല്‍കുന്നതിലും മാത്രമാണ് താന്‍ ശ്രദ്ധ പതിപ്പിക്കുന്നെതന്നും ബുംറ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

‘ആളുകള്‍ പറയുന്നതിനെ നിയന്ത്രിക്കുക അസാധ്യമാണ്. ആരെയും ഒന്നും പഠിപ്പിക്കാനോ അല്ലെങ്കില്‍ എന്നെ കുറിച്ച് ഒന്നും എഴുതല്ലേ’ എന്ന് പറയാനോ ഞാന്‍ പോകാറില്ല. ആളുകള്‍ അവര്‍ക്കിഷ്ടമുള്ളത് എഴുതും. ഇന്ത്യയില്‍ ക്രിക്കറ്റ് ജനപ്രിയമാണെന്നും അതുകൊണ്ട് തന്നെ പലപ്പോഴും വാര്‍ത്തകളില്‍ തലക്കെട്ടായും വരുമെന്നും അതില്‍ എന്റെ പേര് വന്നാല്‍ വായനക്കാര്‍ കൂടുമെന്നും എനിക്കറിയാം. പക്ഷേ, ആത്യന്തികമായി അതെന്നെ ബാധിക്കാറില്ല. അതെന്ന് ഗൗരവമായി എടുക്കാന്‍ തുടങ്ങുന്നോ അന്ന് മുതല്‍ അത് വിശ്വസിക്കാനും തുടങ്ങും’- ബുംറ പറഞ്ഞു.

സ്വന്തം രീതിയിലും കഴിവിലും ഉറച്ച് വിശ്വസിക്കുകയാണ് താന്‍ ചെയ്യുന്നെതന്നും അല്ലാതെ മറ്റുള്ളവര്‍ ആഗ്രഹിക്കുന്നത് പോലെ കളിക്കുകയല്ല ചെയ്യുന്നതെന്നും ബുംറ കൂട്ടിച്ചേര്‍ത്തു. ‘ഉറച്ചബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഓരോ ഫോര്‍മാറ്റിലും കളിക്കാനിറങ്ങുന്നത്. ബുംറ അവസാനിച്ചു, ഇനി കളിക്കാനേ കഴിയില്ലെന്നായിരുന്നു ആദ്യം അവര്‍ പറഞ്ഞത്. പിന്നീട് ആറുമാസം കൂടിയേ എന്റെ കരിയര്‍ ഉള്ളൂവെന്നായി, അത് എട്ടുമാസമായി.. പക്ഷേ നോക്കൂ, ഞാന്‍ കളിച്ചുകൊണ്ടേയിരിക്കുകയാണ്. രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കാന്‍ തുടങ്ങിയിട്ട് പത്തുവര്‍ഷമാകുന്നു. ഐപിഎലില്‍ പന്ത്രണ്ടോ പതിമൂന്നോ വര്‍ഷവും. എത്രനാള്‍ കളിക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടോ അത്രയും നാള്‍ കളിക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഓരോ മൂന്ന് മാസം കൂടുമ്പോഴും ബുംറ ഇപ്പോള്‍ വിരമിക്കും, ഇപ്പോള്‍ കളി നിര്‍ത്തും എന്നിങ്ങനെ ആളുകള്‍ പലതും പറയും. അവര്‍ കണ്ട് ആസ്വദിക്കട്ടെ, ഞാന്‍ അതേക്കുറിച്ചൊന്നും ചിന്തിക്കുന്നില്ല. ഏറ്റവും മികച്ച രീതിയില്‍ ഓരോ കളിക്കായും ഞാന്‍ തയാറെടുപ്പ് നടത്താറുണ്ട്. ബാക്കി കാര്യങ്ങള്‍ ദൈവത്തിന് വിട്ടുകൊടുക്കുകയാണ് പതിവ് താരം വിശദീകരിച്ചു. ബുംറയുടെ തകര്‍പ്പന്‍ പ്രകടനമാണ് ഒന്നാം ടെസ്റ്റില്‍ ഇന്ത്യയെ തുണച്ചത്. അഞ്ച് വിക്കറ്റ് നേട്ടത്തോടെ ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവുമധികം തവണ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കിയ താരമെന്ന കപില്‍ദേവിന്റെ റെക്കോര്‍ഡിനൊപ്പം ബുംറ എത്തി.

 

Back to top button
error: