CrimeNEWS

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു; ദൃക്സാക്ഷി 9കാരനായ മകൻ, ഭാര്യയും കാമുകനും വാടകക്കൊലയാളിയും അറസ്റ്റിൽ

      അമ്മയും കാമുകനും ചേർന്ന് സ്വന്തം  പിതാവിനെ കൊലപ്പെടുത്തിയതിന്   9വയസ്സുള്ള മകൻ ദൃക്സാക്ഷി. രാജസ്ഥാൻ ആൽവാറിലെ ഖേർലി എന്ന പ്രദേശത്താണ് സംഭവം. വീരു എന്നു വിളിക്കുന്ന മാൻ സിങ് ജാദവാണ് കൊല്ലപ്പെട്ടത്. മകൻ്റെ നിർണായക മൊഴിയിൽ അമ്മ അനിത, കാമുകനായ കാശിറാം പ്രജാപത്, സഹായി ബ്രിജേഷ് ജാദവ് എന്നീ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ജൂൺ 7 നാണ് മാൻ സിങ് ജാദവിനെ അനിതയും കാശിറാമും ചേർന്ന് വാടകക്കൊലയാളികളുടെ സഹായത്തോടെ വീട്ടിനുള്ളിൽവച്ച് കൊലപ്പെടുത്തിയത്. മരണം ഹൃദയാഘാതത്തെ തുടർന്നാണ്  എന്നാണ് അനിത ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞത്. പക്ഷേ 9 വയസ്സുകാരനായ മകന്റെ മൊഴി ഒടുവിൽ കേസിന്റെ ചുരുളഴിച്ചു.

Signature-ad

സംഭവ ദിവസം രാത്രിയിൽ വീടിന്റെ പ്രധാന ഗേറ്റ് അനിത മനഃപൂർവം തുറന്നിട്ടു. അർധരാത്രിയോടെ, കാശിറാം മറ്റു നാലു പേരോടൊപ്പം വീട്ടിൽ വന്നു. മാൻ സിങ് ഉറങ്ങി കിടന്ന കിടക്കയ്ക്കു സമീപം 6 പേരും എത്തി. പിന്നീട് മാൻ സിങ്ങിനെ തലയിണ കൊണ്ട് മുഖത്തമർത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. സമീപത്ത് ഉറക്കം നടിച്ച് കിടന്ന താൻ എല്ലാം കാണുന്നുണ്ടായിരുന്നു എന്ന് കുട്ടി പൊലീസിനോടു തുറന്നു പറഞ്ഞു.

പ്രണയത്തിലായിരുന്ന അനിതയും കാശിറാമും കൂടി പ്ലാൻ ചെയ്താണ് മാൻ സിങ്ങിനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് നിഗമനം. ഖേർലിയിൽ അനിത ഒരു വ്യാപാര സ്ഥാപനം നടത്തിയിരുന്നു. പലഹാര വിൽപനക്കാരനായ കാശിറാം ഇവിടെ പതിവായി എത്തിയിരുന്നു.  അങ്ങനെ അടുപ്പത്തിലായ ഇരുവരും ഒരുമിച്ചു ജീവിക്കാനും, മാൻ സിങ്ങിനെ കൊല്ലാനും തീരുമാനിച്ചു.  ഇതിനായി 2 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് 4 വാടകക്കൊലയാളികളെ  ഏർപ്പെടുത്തി. ജൂൺ 7നു രാത്രി കാശിറാമും വാടകക്കൊലയാളികളും വീട്ടിലെത്തിയപ്പോൾ അനിത പിൻവാതിൽ തുറന്നു കൊടുത്തു. ഉറക്കത്തിലായിരുന്ന മാൻ സിങ്ങിനെ കൊലപ്പെടുത്തുകയും പിറ്റേന്ന് രാവിലെ, ഹൃദയാഘാതത്തെ തുടർന്നാണ് ഭർത്താവ് മരിച്ചതെന്ന് എല്ലാവരോടും പറയുകയും ചെയ്തു.

പക്ഷേ ശരീരത്തിലെ പാടുകളും ഒടിഞ്ഞ പല്ലും കണ്ട് സംശയം തോന്നിയ ബന്ധുക്കൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിലാണ് മരണം കൊലപാതകമാണെന്നു സ്ഥിരീകരിച്ചത്. ഇതിനിടെ മകൻ്റെ ദൃക്സാക്ഷിമൊഴി കേസിൽ നിർണായകമായി.  മാൻ സിങ്ങിനെ സഹോദരൻ ഗബ്ബാർ ജാദവിന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി പ്രദേശത്തെ നൂറിലധികം സിസിടിവികൾ പരിശോധിക്കുകയും ഫോൺ കോൾ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. വാടകക്കൊലയാളികളിൽ 3 പേർ കൂടി ഇനിയു പിടിയിലാകാനുണ്ട്. ഇവർക്കായി പൊലാസ് തിരച്ചിൽ നടത്തുന്നുണ്ട്.

Back to top button
error: