Breaking NewsIndiaLead NewsNEWSWorld

ബോംബ് ഭീഷണി; ആകാശത്ത് യു ടേണ്‍ അടിച്ച് ലുഫ്താന്‍സ വിമാനം; ജര്‍മനിയിലേക്ക് തിരികെ പറന്നു; ഹൈദരാബാദില്‍ ഇറങ്ങാന്‍ അനുവദിച്ചില്ലെന്ന് വിമാനക്കമ്പനി; നിഷേധിച്ച് അധികൃതര്‍

ബെര്‍ലിൻ : ഞായറാഴ്ച ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ലുഫ്താൻസ വിമാനം( LH752) യാത്ര റദ്ദാക്കി ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരികെ പറന്നു. ബോംബ് ഭീഷണിയെ തുടര്‍ന്നാണ് വിമാനം തിരികെ പറന്നതെന്നാണ് റിപ്പോര്‍ട്ട്. ജർമനിയിൽ നിന്ന് പറന്നുയർന്ന് കുറച്ചു സമയത്തിന് ശേഷം വിമാനം ഫ്രാങ്ക്ഫർട്ടിലേക്ക് മടങ്ങുകയാണെന്ന് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളിന് (എടിസി) സന്ദേശം ലഭിച്ചു.

flightaware.com എന്ന വെബ്‌സൈറ്റ് പ്രകാരം, LH752 എന്ന വിമാനം ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഉച്ചയ്ക്ക് 2:15 ന് പുറപ്പെട്ടു. തിങ്കളാഴ്ച രാവിലെ 6:00 ന് ഹൈദരാബാദിൽ ഇറങ്ങുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത്.ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനമാണെന്നാണ് വെബ്സൈറ്റിൽ പറയുന്നത്. “ഹൈദരാബാദിൽ ഇറങ്ങാൻ ഞങ്ങൾക്ക് അനുമതി ലഭിച്ചില്ല, അതുകൊണ്ടാണ് വിമാനം യു-ടേൺ എടുത്ത് തിരിച്ചുപോയത്,” ലുഫ്താൻസ എയർലൈൻസ് എഎൻഐയോട് വ്യക്തമാക്കി. എന്നാൽ ഇന്ത്യൻ വ്യോമാതിർത്തിക്ക് പുറത്തായിരിക്കെ ബോംബ് ഭീഷണി ലഭിച്ചതിനാൽ വിമാനം ജർമ്മനിയിലേക്ക് തിരിച്ചുപോയതായി ഹൈദരാബാദ് വിമാനത്താവളത്തിലെ ഒരു ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.

Signature-ad

ജൂൺ 13 ന് സമാനമായ ഒരു സംഭവത്തിൽ, തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് ദ്വീപിൽ അടിയന്തരമായി ലാൻഡിംഗ് നടത്തിയതായി വിമാനത്താവള അധികൃതർ അറിയിച്ചിരുന്നു. ഫൂക്കറ്റിൽ നിന്ന് രാവിലെ 9.30 ന് പറന്നുയർന്ന എയർ ഇന്ത്യ വിമാനം ന്യൂഡൽഹിയിലേക്ക് പോകുന്നതിനിടെയാണ് വഴിതിരിച്ചുവിട്ടത്.

2024ൽ സഹപൈലറ്റ് ബോധരഹിതനായതിനെ തുടർന്ന് ലുഫ്താൻസ എയർലൈൻസ് വിമാനം 10 മിനിറ്റ് നേരം ആരും നിയന്ത്രിക്കാനില്ലാതെ ആകാശത്ത് പറന്നിരുന്നു. ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽനിന്ന് സ്‌പെയിനിലെ സെവില്ലിലേക്ക് പോവുകയായിരുന്നു ലുഫ്താൻസ വിമാനം. പൈലറ്റ് ശുചിമുറിയിൽ പോയ സമയത്ത് കോക്ക്പിറ്റിൽ വച്ച് സഹപൈലറ്റ് ബോധരഹിതനാവുകയായിരുന്നു. തുടർന്നാണ് 10 മിനിറ്റ് നേരം പൈലറ്റിന്റെ നിയന്ത്രണത്തിലല്ലാതെ എയർബസ് എ321 വിമാനം പറന്നത്. സഹപൈലറ്റ് അബോധാവസ്ഥയിലായ സമയത്ത് വിമാനം ഓട്ടോപൈലറ്റ് മോഡിലേക്ക് മാറിയതിനാലാണ് അപകടം ഒഴിവായത്.

Back to top button
error: