
വനം വകുപ്പിൻ്റെ ഗുണ്ടാവിളയാട്ടം അതിരു ലംഘിക്കുന്നു എന്നാണ് ഓരോ ദിവസവും പുറത്തു വരുന്ന വാർത്തകൾ തെളിയിക്കുന്നത്. ആര്യങ്കാവ് സ്വദേശി സന്ദീപിനെ ഫോറസ്റ്റ് സ്റ്റേഷനിൽ തടഞ്ഞുവെച്ച് അകാരണമായി സെല്ലിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച സംഭവം പുറത്തു വന്നത് അടുത്തിടെയാണ്. സന്ദീപ് ചോരയൊലിപ്പിച്ച് സെല്ലിൽ നിൽക്കുന്നതിന്റെ ദൃശ്യങ്ങളും ജനം കണ്ടു..
കോന്നിയിൽ അന്യായമായി കസ്റ്റഡിയിൽ വെച്ച ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ മോചിപ്പിച്ച ജനീഷ് കുമാര്‍ എംഎൽഎ, നാട്ടിലാകെ ഭീകരാന്തരീക്ഷം സൃഷ്‌ടിക്കാനാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്ന് ആരോപിച്ചിരുന്നു.

ഒടുവിലിതാ മ്ലാവിറച്ചിയെന്ന പേരിൽ തൃശൂർ മുപ്ലിയത്ത് വനം ഉദ്യോഗസ്ഥർ പിടികൂടിയായ നിരപരാധികളായ 2 പേർ 35 ദിവസമാണ് ജയിലിൽ കിടന്നത്. ഒടുവിൽ മ്ലാവിറച്ചി ഫൊറൻസിക് പരിശോധനയിൽ പോത്തിറച്ചിയായി.
ചാലക്കുടി മേച്ചിറ സ്വദേശികളായ ചുമട്ടു തൊഴിലാളികൾ, സുജേഷും സുഹൃത്ത് ജോബിനുമാണ് കേസിൽ അകപ്പെട്ടത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് മ്ലാവിറച്ചി കഴിച്ചെന്നു പറഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ ഇരുവരെയും അറസ്റ്റ് ചെയ്തത്. 35 ദിവസത്തെ ജയിൽ വാസത്തിനു ശേഷം ഹൈക്കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചു.
അറസ്റ്റിലായ ശേഷം സുജേഷിന്‍റെ ജീവിതം കീഴ്മേൽ മറിഞ്ഞു. ഭാര്യ വിവാഹമോചനം നേടി. രണ്ടു മക്കളാണ് ഇവർക്കുള്ളത്. അച്ഛനും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായ സുജേഷിന്റെ ജീവിതം കള്ളക്കേസിൽ കുടുങ്ങിയതോടെ പ്രതിസന്ധിയിലായി. പക്ഷേ ഇവരിൽ നിന്നു പിടികൂടിയത് മ്ലാവിറച്ചിയല്ലെന്ന് ഫൊറൻസിക് ലാബിൽനിന്നുള്ള ഫലം വന്നു.
‘‘മ്ലാവിറച്ചി ആണെന്നാണു വനംവകുപ്പ് പറഞ്ഞത്. പരിശോധനാ ഫലം വന്നപ്പോൾ പോത്തിറച്ചിയാണ്. 35 ദിവസം ജയിലിൽ കഴിഞ്ഞു. ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും ഇന്നും വനം വകുപ്പ് ഓഫിസിലെത്തി ഒപ്പിടേണ്ടി വരുന്നു. ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി ആലോചിക്കുന്നു. അത്രമാത്രം അനുഭവിച്ചു. ഒരാൺകുട്ടിയും പെൺകുട്ടിയും ഉണ്ട്. ഭാര്യ വിവാഹമോചനം നേടി. ചെയ്തിരുന്ന ജോലിയും നഷ്ടപ്പെട്ടു. വൈരാഗ്യ ബുദ്ധിയോടെ വനംവകുപ്പ് പെരുമാറി. മ്ലാവിറച്ചി അല്ലെന്ന് പലതവണ പറഞ്ഞു. ശാരീരികമായി ഉപദ്രവിച്ചാണ് മൊഴി പറയിപ്പിച്ചത്. തെളിവ് കൊടുത്തിട്ടുണ്ട്. വീണ്ടും ചുമട്ടുതൊഴിലാളിയായി കയറാൻ കഴിയുമെന്നാണു പ്രതീക്ഷ. ആദ്യമായാണ് ജയിലിൽ കിടക്കുന്നത്. ഇതുവരെ ഒരു കേസും ഉണ്ടായിട്ടില്ല’’
സുജേഷ് പറയുന്നു.
അതേസമയം മ്ലാവിറച്ചിയാണെന്ന് പറഞ്ഞു യുവാക്കൾ നടത്തിയ വാട്സാപ്പ് സംഭാഷണം തെളിവായി ഉണ്ടെന്നാണ് വനം വകുപ്പിന്റെ വാദം. വന്യജീവി സംരക്ഷണ നിയമപ്രകാരം ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നത് കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും ഫൊറൻസിക് ലാബ് ഫലങ്ങൾ വൈകാറുണ്ടെന്നും വനം വകുപ്പ് പറയുന്നു. ഇരുവർക്കുമെതിരെ ചുമത്തിയത് മ്ലാവിനെ വേട്ടയാടി, പാചകം ചെയ്തു തുടങ്ങിയ വകുപ്പുകളാണ്.