
പീരുമേട്ടിൽ വനത്തിനുള്ളിൽ ആദിവാസി മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. പോസ്റ്റ് മോർട്ടം പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. പ്ലാക്കത്തടം സ്വദേശി സീത (42) ആണ് കൊല്ലപ്പെട്ടത്. സീതയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തി എന്നായിരുന്നു ഭർത്താവ് ബിനു പറഞ്ഞത്. വന്യമൃഗ ആക്രമണത്തിൻ്റെ ലക്ഷണങ്ങൾ പോസ്‌റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയില്ല.
സീതയുടെ ശരീരത്തിൽ ഗുരുതര പരിക്കുകളുണ്ട്. മുഖത്തും കഴുത്തിലും മൽപ്പിടുത്തത്തിൻ്റെ പാടുകൾ കണ്ടെത്തി. ഭർത്താവ് ബിനു പൊലീസ് കസ്‌റ്റഡിയിലാണ്. സീതയുടെ തലയുടെ വലതു ഭാഗം പലതവണ പരുക്കൻ പ്രതലത്തിൽ ഇടിപ്പിച്ചിട്ടുണ്ട്. തലയുടെ ഇടത് വശത്തും ക്ഷതമുണ്ട്.

ഇത് മരത്തിൽ ഇടിപ്പിച്ചതാകാം എന്നാണ് സൂചന. തലയുടെ പിന്നിലെ പരിക്ക് വീഴ്‌ചയിൽ സംഭവിച്ചതാകാം എന്നാണ് കരുതുന്നത്.