മതസൗഹാര്‍ദത്തിന്റെ അജന്‍ഡ മുന്നോട്ടു വയ്ക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയെ എന്തിനു തള്ളിപ്പറയണം? അന്‍വര്‍ വിശ്വസിക്കാന്‍ കൊള്ളാത്തവന്‍; ഫോണ്‍ റെക്കോഡ് ചെയ്യുന്നയാളെ എങ്ങനെ വിശ്വസിക്കുമെന്നും വി.ഡി. സതീശന്‍; അന്‍വറിനെ ക്ഷണിച്ച് മുസ്ലിം ലീഗിന്റെ പോഷക സംഘടന; മുഖ്യമന്ത്രിയെ പിന്തുണച്ച് സമസ്ത; രാഷ്ട്രീയം തിളച്ച് നിലമ്പൂര്‍
സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തന സമയമാറ്റവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനും കോണ്‍ഗ്രസിനുമെതിരെ സമസ്തയും രംഗത്തുവന്നു. ന്യൂനപക്ഷ അവകാശ സംരക്ഷണ വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട് അവസരവാദ പരമെന്നാണ് വിമര്‍ശനം

കൊച്ചി: മതസൗഹാര്‍ദത്തിന്റെ അജന്‍ഡ മുന്നോട്ടുവയ്ക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയെ എന്തിനു തള്ളിപ്പറയണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അവര്‍ കേരളത്തില്‍ യാതൊരു അക്രമവും നടത്തിയിട്ടില്ല. ന്യൂനപക്ഷ വിരുദ്ധത സൃഷ്ടിച്ച് ഭൂരിപക്ഷത്തിന്റെ വോട്ടു നേടാനുള്ള അവസാന കളിയാണ് സിപിഎമ്മിന്റേതെന്നും സിപിഎം പ്രവര്‍ത്തകര്‍ വീടുകളിലെത്തി വര്‍ഗീയത പറയുകയാണെന്നും ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വി.ഡി. സതീശന്‍ പറഞ്ഞു.
അന്‍വര്‍ പൂര്‍ണമായും വിശ്വസിക്കാന്‍ കൊള്ളാത്തവനാണ്. ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കിയതാണ് പ്രശ്‌നം. ഫോണ്‍ വിളിക്കുമ്പോള്‍ റെക്കോഡ് ചെയ്യുന്നയാളെ എങ്ങനെ വിശ്വസിക്കും? പി.കെ. കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലയും അടക്കമുള്ളവര്‍ പലവട്ടം വിളിച്ചതാണ്. രാജിവച്ചശേഷം മത്സരിക്കുന്നത് എന്തിനാണെന്ന് അന്‍വര്‍ ആദ്യം വിശദീകരിക്കണമെന്നും സതീശന്‍ പറഞ്ഞു.

മുസ്ലിം ലീഗ് പോഷക സംഘടനയായ കെഎംസിസിയുടെ പരിപാടിയിലേക്ക് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വറിനും ക്ഷണം. കോഴിക്കോട് തിരുവമ്പാടിയില്‍ സംഘടിപ്പിക്കുന്ന കുടുംബ സംഗമത്തിലാണ് പി.വി. അന്‍വര്‍ പങ്കെടുക്കുന്നത്.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ്, കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ് തുടങ്ങിയവരും പങ്കെടുക്കുന്നവരുടെ പട്ടികയിലുണ്ട്. ജിസിസി – കെഎംസിസി തിരുവമ്പാടി പഞ്ചായത്ത് കമ്മറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. നാളെ നടക്കുന്ന പരിപാടിയുമായി മുസ്ലിം ലീഗിന് ബന്ധമില്ലെന്നാണ് മുസ്ലിം ലീഗ് നേതൃത്വം വിശദീകരിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കരുതെന്ന നിര്‍ദേശം നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റി അറിയിച്ചു.
സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തന സമയമാറ്റവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനും കോണ്‍ഗ്രസിനുമെതിരെ സമസ്തയും രംഗത്തുവന്നു. ന്യൂനപക്ഷ അവകാശ സംരക്ഷണ വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട് അവസരവാദ പരമെന്നാണ് വിമര്‍ശനം. പ്രതിപക്ഷ പാര്‍ട്ടികളുടെ മൗനത്തിന്റെ അര്‍ത്ഥം എന്താണെന്നും സമയമാറ്റത്തെ അനുകൂലിക്കുന്നു എന്നാണെങ്കില്‍ അത് വിശദീകരിക്കണമെന്നും സമസ്ത നേതൃത്വം ആവശ്യപ്പെടുന്നു.
മുഖ്യമന്ത്രിയിലും വിദ്യാഭ്യാസ മന്ത്രിയിലും വിശ്വാസമുണ്ട്. കോടതിയെ ബോധ്യപ്പെടുത്തി സര്‍ക്കാര്‍ സമയമാറ്റത്തില്‍ അനുകൂല നിലപാട് കൊണ്ടുവരണമെന്നും സമസ്ത മുഖപത്രമായ സുപ്രഭാതത്തില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു. അതേസമയം സമസ്തയുടെ പ്രതിപക്ഷത്തിനെതിരെയുള്ള വിമര്‍ശനം ചര്‍ച്ച ചെയ്യുമെന്ന് കെപിസിസി നിലമ്പൂരില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പ്രതികരിച്ചു.
സ്‌കൂള്‍ സമയം രാവിലെയും വൈകിട്ടുമായി അരമണിക്കൂര്‍ കൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിലെ പ്രതിഷേധം സമസ്ത അധ്യക്ഷന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നേരത്തെ അറിയിച്ചതാണ്. മുഖ്യമന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്യാമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട്. സര്‍ക്കാര്‍ തീരുമാനം വൈകുന്നതിലല്ല സമസ്തയുടെ എതിര്‍പ്പ്, പ്രതിപക്ഷം പിന്തുണയ്ക്കുന്നില്ല എന്നതിലാണ്.
വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ മൗനത്തിന്റെ അര്‍ത്ഥമെന്തെന്ന് ചോദിക്കുന്ന സമസ്ത മുഖപത്രം പ്രതികരിക്കാതെ ഒളിച്ചോടുന്നവര്‍ സമയമാറ്റത്തെ അനുകൂലിക്കുന്നുണ്ടെങ്കില്‍ അത് വ്യക്തമാക്കേണ്ടിയിരുന്നെന്നും കുറ്റപ്പെടുത്തുന്നു. ന്യൂനപക്ഷ അവകാശ സംരക്ഷണത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടേത് അവസരവാദ നിലപാടാണെന്ന് കോണ്‍ഗ്രസിനെയും ലീഗിനെയും പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്നു.
സ്‌കൂളുകളില്‍ 222 പ്രവൃത്തി ദിവസം എന്ന ആവശ്യത്തില്‍ ഹൈക്കോടതി ഉറച്ച് നില്‍ക്കുമ്പോള്‍ സര്‍ക്കാറിന് സമസ്തയുടെ ആവശ്യം പരിഗണിക്കുക എളുപ്പമാകില്ല. നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചത്തലത്തില്‍ വിഷയം പരിഗണിക്കാമെന്ന് പറഞ്ഞ് പ്രതിപക്ഷത്തിനെതിരായ വിമര്‍ശനം ഉപയോഗപ്പെടുത്താനാകും സര്‍ക്കാര്‍ ശ്രമം. ജമാ അത്തെ ഇസ്ലാമി ബന്ധത്തിന്റെ പേരില്‍ നിലവില്‍ സമസ്തയിലെ ഒരു വിഭാഗം പ്രതിപക്ഷത്തിനെതിരെ തിരിഞ്ഞിട്ടുണ്ട്. സ്‌കൂള്‍ സമയമാറ്റത്തിലും നിലപാട് കടുപ്പിക്കുന്നത് തിരിച്ചടിയാകുമെന്നതിനാല്‍ വിഷയത്തില്‍ അടിയന്തര ഇടപെടലിനാണ് പ്രതിപക്ഷത്തിന്റെ നീക്കം.