അറസ്റ്റിനിടെ ഓസ്‌ട്രേലിയന്‍ പോലീസ് കഴുത്തില്‍ മുട്ടുവച്ച് അമര്‍ത്തി; കോമയിലായ ഇന്ത്യന്‍ വംശജന് ദാരുണാന്ത്യം; പോലീസിന്റെ ആക്രമണത്തില്‍ തലച്ചോര്‍ പൂര്‍ണമായും തകര്‍ന്നു; അറസ്റ്റ് നീക്കം ഭാര്യയുമായുള്ള തര്‍ക്കത്തിനിടെ; ഭാര്യതന്നെ പകര്‍ത്തിയ ദൃശ്യം പോലീസിന് തിരിച്ചടി

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ പൊലീസിന്‍റെ അതിക്രമത്തിനിരയായ ഇന്ത്യന്‍ വംശജന് തലച്ചോര്‍ തകര്‍ന്ന് ദാരുണാന്ത്യം. രണ്ടാഴ്ച്ച മുന്‍പാണ് പൊലീസിന്‍റെ ആക്രമണത്തിനിരയായ ഇന്ത്യന്‍ വംശജന്‍ കോമയിലേക്ക് മാറിയത്. അറസ്റ്റ് ചെയ്യുന്നതിനിടെയാണ് അഡ്‌ലെയ്ഡ് പൊലീസ് ഉദ്യോഗസ്ഥൻ 42കാരനായ ഗൗരവ് കന്റിയുടെ കഴുത്തിൽ മുട്ടുവച്ച് അമർത്തിയത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ചിത്രീകരിച്ച ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
അഡ്‌ലെയ്ഡ് പൊലീസിന്‍റെ ആക്രമണത്തില്‍ കന്‍റിയുടെ തലച്ചോറ് പൂര്‍ണമായും തകര്‍ന്നുവെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. രണ്ടാഴ്ചയോളമായി ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. മേയ് 29നായിരുന്നു റോയസ്റ്റൺ പാർക്കിലെ പെയ്ൻഹാം റോഡിൽ വെച്ച് ഭാര്യ അമൃത് പാല്‍ കൗറുമായുളള തര്‍ക്കത്തിനിടെ കന്റിയെ പൊലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത്. പൊലീസ് കന്റിയെ നിലത്തേക്ക് തള്ളിയിടുന്നതും കഴുത്തില്‍ കാല്‍വച്ചമര്‍ത്തുന്നതും ഭാര്യ വിഡിയോയില്‍ പകര്‍ത്തി. അതിക്രമം രൂക്ഷമായപ്പോഴാണ് താന്‍ വിഡിയോ ചിത്രീകരിച്ചതെന്നാണ് അമൃത്പാല്‍ കൗര്‍ പറഞ്ഞത്.

ഗൗരവ് മദ്യപിച്ചിരുന്നുവെന്നും അറസ്റ്റിനെ ചെറുത്തുവെന്നും ഗാർഹിക പ്രശ്നങ്ങളാണ് പൊലീസ് ഇടപെടാൻ കാരണമെന്നും ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം ഗൗരവ് മദ്യപിക്കുകയും ഉച്ചത്തിൽ സംസാരിക്കുകയും ചെയ്തു. പക്ഷേ ഗാർഹിക പ്രശ്നങ്ങളില്ലെന്നും പെട്രോളിങ്ങിന് അതു വഴി പോയ പൊലീസിനുണ്ടായ സംശയമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും അമൃത്പാൽ ആരോപിക്കുന്നു. ഗൗരവിന്റെ മരണവിവരം ഇന്ത്യൻ കോൺസുലേറ്റിനെയും അറിയിച്ചിട്ടുണ്ട്.
കന്റിയുടെ മരണം കസ്റ്റഡി മരണം എന്ന നിലയിൽ അന്വേഷിക്കുമെന്ന് സൗത്ത് ഓസ്‌ട്രേലിയൻ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. മേജർ ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് മരണകാരണവും സാഹചര്യവും അന്വേഷിച്ച് സ്റ്റേറ്റ് കോറോണർക്ക് റിപ്പോർട്ട് നൽകും. സംഭവത്തിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം സംബന്ധിച്ച അന്വേഷണത്തിന് പബ്ലിക് ഇന്റഗ്രിറ്റി ഓഫിസ് സ്വതന്ത്ര മേൽനോട്ടം വഹിക്കുമെന്നും പൊലീസ് അറിയിച്ചു.