Breaking NewsCrimeLead NewsNEWS

ബംഗാളിയെന്നു കരുതി യുവാവിന്റെ മൃതദേഹം പൊലീസ് സംസ്‌കരിച്ചു; മരണത്തില്‍ ദുരൂഹത ആവര്‍ത്തിച്ച് കുടുംബം

തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളിയെന്നു തെറ്റിദ്ധരിച്ച് പേട്ട പൊലീസ് സംസ്‌കരിച്ച തേക്കട വാറുവിളാകത്തു വീട്ടില്‍ അഭിജിത്തിന്റെ മരണത്തില്‍ ദുരൂഹത ആവര്‍ത്തിച്ച് കുടുംബം. ട്രെയിന്‍ തട്ടി മരിച്ചെന്നാണ് പൊലീസ് പറയുന്നതെങ്കിലും അതിനു കാരണമായ മുറിവുകള്‍ ശരീരത്തില്‍ ഇല്ലായിരുന്നെന്നാണ് സംസ്‌കരിക്കുന്നതിനു മുന്‍പ് എടുത്ത ഫോട്ടോയില്‍ നിന്നു വ്യക്തമാകുന്നതെന്ന് അഭിജിത്തിന്റെ പിതാവ് എസ്.ബിജു പറഞ്ഞു. മാര്‍ച്ച് 5ന് രാവിലെ റെയില്‍വേ ട്രാക്ക് മറികടക്കവെ ഒരാള്‍ ട്രെയിന്‍ തട്ടി വീണിട്ടുണ്ടെന്ന് കൊല്ലംതിരുവനന്തപുരം പാസഞ്ചര്‍ ട്രെയിനിലെ ലോക്കോപൈലറ്റ് ബിജു കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ അറിയിച്ചിരുന്നു.

എന്നാല്‍, പൊലീസ് കാര്യക്ഷമമായി അന്വേഷിക്കാത്തതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ബംഗാള്‍ സ്വദേശിയാണെന്നു പേട്ട പൊലീസ് സംശയിച്ചതിനാലാണ് ആളെ തിരിച്ചറിയാനുള്ള നീക്കം കാര്യമായി നടക്കാത്തത്. വട്ടപ്പാറ പൊലീസ് അജ്ഞാത മൃതദേഹത്തെക്കുറിച്ച് ഫോണില്‍ അന്വേഷിച്ചപ്പോള്‍ അത് ബംഗാളിയാണെന്നായിരുന്നു പേട്ട പൊലീസില്‍ നിന്നു ലഭിച്ച മറുപടി. ഒരു മാസം കഴിഞ്ഞ് അഭിജിത്തിന്റെ മൃതദേഹം അജ്ഞാത ജഡമെന്ന ലേബലില്‍ പൊലീസ് കോര്‍പറേഷനു കൈമാറി സംസ്‌കരിക്കുകയായിരുന്നു.

Signature-ad

മരണത്തിന്റെ കാരണം എന്താണെന്ന് അറിയണമെന്നും അതിനായി ഏതറ്റം വരെയും പോകുമെന്നും ബന്ധുക്കള്‍ പറഞ്ഞു. ലോക്കല്‍ പൊലീസിനെ മാറ്റിനിര്‍ത്തി ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം വേണം. മരിച്ചെന്നറിഞ്ഞ് ചെന്നപ്പോള്‍ മോശം പെരുമാറ്റമാണ് പേട്ട സ്റ്റേഷനില്‍ നിന്നുണ്ടായത്. ബംഗാളിയെന്നു കരുതിയാണ് കൂടുതല്‍ അന്വേഷണം നടത്താത്തതെന്നാണ് പൊലീസ് പറഞ്ഞത്. കാണാനില്ല എന്നു കാട്ടി പത്രവാര്‍ത്ത കൊടുത്തോ എന്നു ചോദിച്ചപ്പോള്‍ ദേഷ്യപ്പെട്ട് പുറത്തിറങ്ങാന്‍ പറഞ്ഞു. മാര്‍ച്ച് 2ന് അഭിജിത്ത് വീട്ടിലെത്തിയപ്പോള്‍ അവന്റെ ശരീരത്തില്‍ പാടുകളുണ്ടായിരുന്നെന്നും ചോദിച്ചപ്പോള്‍ വെട്ടുകാട് ഒരു കടയില്‍ ജോലിചെയ്ത ശമ്പളം നല്‍കിയില്ലെന്നും അവര്‍ കൈകാര്യം ചെയ്‌തെന്നും അറിയിച്ചതായി അമ്മൂമ്മ ശാന്ത പറഞ്ഞു.അടുത്ത ദിവസമാണ് വെട്ടുകാട് സ്വദേശിയായ സുഹൃത്ത് എത്തി കൂട്ടിക്കൊണ്ടുപോയത്.

ഫോട്ടോ സഹിതം പത്രപ്പരസ്യം നല്‍കിയെന്ന പേട്ട പൊലീസിന്റെ വാദം ശരിയല്ലെന്നു ബന്ധുക്കള്‍ പറഞ്ഞു. അഭിജിത്ത് മരിച്ചെന്ന നിലയിലല്ല വട്ടപ്പാറ പൊലീസ് അന്വേഷിച്ചതെന്നും കണ്ടെത്തുമെന്ന പ്രതീക്ഷയായിരുന്നു ഉണ്ടായിരുന്നതെന്നും നെടുമങ്ങാട് ഡിവൈഎസ്പി കെ.എസ്.അരുണ്‍ പറഞ്ഞു. ബന്ധുക്കള്‍ പരാതി നല്‍കും മുന്‍പ് അഭിജിത് ട്രെയിന്‍ തട്ടി മരിച്ചിരുന്നു. ആ വിവരം വട്ടപ്പാറ സ്റ്റേഷനില്‍ എത്തിയിരുന്നില്ല. സുഹൃത്തുക്കളെക്കുറിച്ച് വീട്ടുകാര്‍ നല്‍കിയ വിവരം വച്ച് ഫോണ്‍കോളുകളടക്കം പരിശോധിച്ച് അന്വേഷണം നടത്തിയിരുന്നതായും ഡിവൈഎസ്പി പറഞ്ഞു.

Back to top button
error: