Breaking NewsLead News

കേരളത്തിൽ ഇന്നു മുതൽ തീവ്രമഴ: അതീവ ജാഗ്രതാ മുന്നറിയിപ്പ്

   കൊച്ചി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തേക്ക് നീങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ സ്വാധീനത്തിൽ കേരളം ഉൾപ്പെടെയുള്ള  കർണാടക, ഗോവ, മഹാരാഷ്ട്ര പശ്ചിമ തീരത്തു ഇനിയുള്ള ഒരാഴ്ച ശക്തമായ മഴയ്ക്ക് സാധ്യത.

ഇന്നലെ മുതൽ തന്നെ കാലവർഷം കൂടുതൽ രൂക്ഷമായി. വ്യാഴാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് 8 ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 13ന് കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് 10 ജില്ലകളിൽ മഞ്ഞ അലർട്ടുമാണ്.

Signature-ad

കാലവർഷം കൂടുതൽ ശക്തി പ്രാപിച്ച് വരും ദിവസങ്ങളിൽ മഴ അതിശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂൺ 14ന് കാസർകോട് മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 15ന് കേരളം മുഴുവൻ ഓറഞ്ച് മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. ഇത് ചുവപ്പ് മുന്നറിയിപ്പിലേക്ക് മാറാനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. പിന്നിട്ട 24 മണിക്കൂറിനുള്ളിൽ പാലക്കാടാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 45 മില്ലീമീറ്റർ മഴ.

കാലാവസ്ഥാ നിരീക്ഷണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി വയനാട് പുൽപ്പള്ളി പഴശ്ശിരാജാ കോളജിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പുമായി ചേർന്ന് റഡാർ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി. ഒരു മാസത്തിനകം ഇതിന്റെ പ്രവർത്തനം ആരംഭിക്കും.

2010 മുതലുള്ള ആവശ്യമാണ് വടക്കൻ കേരളത്തിൽ റഡാർ സ്ഥാപിക്കണമെന്നുള്ളത്. നിലവിൽ വിക്രം സാരാഭായിലും കൊച്ചിയിലുമാണ് റഡാറുകളുള്ളത്.

ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ  ചില്ലകൾ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതു സ്ഥലങ്ങളിൽ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക.

കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ വീടുകളുടെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്തും
വീടിൻ്റെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കുക.

ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ അധികൃതരുമായി (1077 എന്ന നമ്പറിൽ) മുൻകൂട്ടി തന്നെ ബന്ധപ്പെടുകയും മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളിൽ അവർ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേയ്ക്ക് മാറിത്താമസിക്കേണ്ടതുമാണ്.

കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ഏതെങ്കിലും അപകടം ശ്രദ്ധയിൽ പെട്ടാൽ ഉടൻ കെഎസ്ഇബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കുക. തകരാര്‍ പരിഹരിക്കുന്ന പ്രവർത്തികൾ കാറ്റ് തുടരുന്ന ഘട്ടത്തിൽ ഒഴിവാക്കുകയും കാറ്റും മഴയും അവസാനിച്ച ശേഷം മാത്രം നടത്തുകയും ചെയ്യുക. പൊതുജനങ്ങൾ നേരിട്ടിറങ്ങി ഇത്തരം റിപ്പയർ വർക്കുകൾ ചെയ്യാതിരിക്കുക.

Back to top button
error: