സെക്രട്ടറി പോര, പുതിയ ആള്‍ വരണം; നേതാക്കളുടെ ഫോണ്‍ സംഭാഷണം പുറത്ത്; സമ്മേളനങ്ങള്‍ക്കിടെ ഗ്രൂപ്പ് പോരില്‍ പുകഞ്ഞ് സിപിഐ

കൊച്ചി: സംഘടനാ സമ്മേളനങ്ങള്‍ പുരോഗമിക്കവേ, സിപിഐയിലെ ഗ്രൂപ്പ് പോരിന് ഇന്ധനം പകര്‍ന്ന് നേതാക്കളുടെ ഫോണ്‍ സംഭാഷണം പുറത്ത്. സംസ്ഥാന സെക്രട്ടറിയെക്കൊണ്ട് ഒന്നിനും ആവുന്നില്ലെന്നും പുതിയ സെക്രട്ടറി വരണമെന്നും സംസ്ഥാനതലത്തിലെ രണ്ടു നേതാക്കള്‍ തമ്മില്‍ നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്.
സിപിഐ സംസ്ഥാന നിര്‍വാഹക സമിതി അംഗം കമല സദാനന്ദന്‍, എറണാകുളം ജില്ലാ സെക്രട്ടറി കെ.എം.ദിനകരന്‍ എന്നിവര്‍ കാറില്‍ യാത്രചെയ്യുമ്പോള്‍ നടത്തുന്ന സംഭാഷണമാണു പുറത്തായത്. ഡ്രൈവറെ കൂടാതെ മറ്റൊരു പ്രാദേശിക നേതാവും കാറിലുണ്ടായിരുന്നു.

കമലയുടെയും ദിനകരന്റെയും തട്ടകമായ പറവൂരില്‍ പാര്‍ട്ടിയിലെ വിഭാഗീയത സംബന്ധിച്ച ചര്‍ച്ചയിലാണു ബിനോയ് വിശ്വത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കടന്നുവന്നത്. പറവൂരിലെ കോട്ടുവള്ളി, പുത്തന്‍വേലിക്കര, ചേന്ദമംഗലം ലോക്കല്‍ സമ്മേളനങ്ങളിലെ വിഭാഗീയതയെത്തുടര്‍ന്നു ജില്ലാ കൗണ്‍സില്‍ അംഗം കെ. പി. വിശ്വനാഥന്‍, ജില്ലാ കൗണ്‍സില്‍ മുന്‍ അംഗം രമ ശിവാനന്ദന്‍ എന്നിവരെ പാര്‍ട്ടി അംഗത്വത്തിലേക്കു തരംതാഴ്ത്തിയിരുന്നു. ഇരുവരും കണ്‍ട്രോള്‍ കമ്മിഷനു പരാതി നല്‍കിയിരിക്കുകയാണ്.
വിശ്വനാഥനെതിരെ നടപടിക്കു പാര്‍ട്ടി സെക്രട്ടറിയുടെ അനുവാദം വേണ്ടല്ലോ എന്നു കമല സദാനന്ദന്‍ പരിഹാസത്തോടെ ചോദിക്കുന്നിടത്താണു സംഭാഷണം തുടങ്ങുന്നത്. പിന്നീട് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പോരെന്ന അഭിപ്രായം ഉയരുന്നു. പകരം ആരു വരാന്‍ എന്നു ജില്ലാ സെക്രട്ടറിയുടെ ചോദ്യത്തിനു പി.സന്തോഷ്‌കുമാര്‍ യോഗ്യനാണെന്നും സന്തോഷ്‌കുമാറിന്റെ എംപി സ്ഥാനത്തിന്റെ കാലാവധി ഉടന്‍ കഴിയുമെന്നും കമല പറയുന്നു. ബിനോയിയുടെ സഹോദരി ഭരണത്തില്‍ ഇടപെടുകയാണെന്നും ഇടയ്ക്ക് കമല പറയുന്നുണ്ട്. ഇക്കണക്കിനു പോയാല്‍ ബിനോയ് നാണം കെട്ട് ഇറങ്ങിപ്പോകേണ്ടിവരുമെന്നു മൂന്നാമന്‍ പറയുമ്പോള്‍ ദിനകരന്‍ അതു ശരിവയ്ക്കുന്നുണ്ട്.
സംഭാഷണത്തെക്കുറിച്ച് ഇരുനേതാക്കളും പ്രതികരിക്കാന്‍ തയാറായിട്ടില്ല. കാര്‍ യാത്രയ്ക്കിടയില്‍ കമല സദാനന്ദനു വന്ന ഫോണ്‍ കോള്‍, സംഭാഷണത്തിനു ശേഷം ഓഫാക്കാന്‍ മറന്നതാണു സംഭാഷണം റിക്കോര്‍ഡ് ആവാന്‍ കാരണമെന്നാണു കരുതുന്നത്. വിഭാഗീയതയുടെ ഭാഗമായി അതു പുറത്തുവരികയായിരുന്നു. ഫോണ്‍ സംഭാഷണം വച്ചു രണ്ടു ദിവസം മുന്‍പു സംസ്ഥാന സെക്രട്ടറിക്കു പരാതി ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
പുറത്തുവന്ന ഫോണ്‍ സംഭാഷണം സിപിഐ നേതാക്കള്‍ നടത്തിയതല്ലെന്നു സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. താനറിയുന്ന കമല സദാനന്ദനും ദിനകരനും അങ്ങനെ പറയില്ല. മാധ്യമങ്ങള്‍ക്ക് ആളു മാറിയതാകാനേ വഴിയുള്ളൂ. ഭാരതാംബ വിവാദത്തില്‍ സിപിഎമ്മിനും സിപിഐക്കും ഒരേ നിലപാടാണെന്നും ബിനോയ് വിശ്വം പറഞ്ഞു.