
വെറും എംബിബിഎസ് ബിരുദം മാത്രമുള്ള ഒരു ഡോക്ടർ കാർഡിയോളജിസ്റ്റായി ആൾമാറാട്ടം നടത്തി ഏകദേശം 50 ഹൃദയ ശസ്ത്രക്രിയകൾ നടത്തിയതായി ഗുരുതരമായ ആരോപണം. ഹരിയാനയിലെ ഫരീദാബാദിൽ സ്വകാര്യ-പൊതു പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ഒരു ഹൃദയാരോഗ്യകേന്ദ്രത്തിലാണ് ഈ സംഭവം നടന്നത്.
എംബിബിഎസ് ഡോക്ടറായ പങ്കജ് മോഹൻ ശർമ്മയാണ് കാർഡിയോളജിസ്റ്റായി ചമഞ്ഞ് ഹൃദയശസ്ത്രക്രിയകൾ നടത്തിയതെന്നാണ് അധികൃതർക്ക് ലഭിച്ച പരാതികളിൽ പറയുന്നത്. ഇയാൾ ഒരു യഥാർത്ഥ കാർഡിയോളജിസ്റ്റിന്റെ രജിസ്ട്രേഷൻ നമ്പരാണത്രേ ഉപയോഗിച്ചിരുന്നത്. ഒരു രോഗി യഥാർത്ഥ ഡോക്ടറെ ആകസ്മികമായി കണ്ടുമുട്ടിയതോടെയാണ് ഈ തട്ടിപ്പ് പുറത്തായതെന്നാണ് പൊലീസ് നൽകുന്ന വിവരം.

എംബിബിഎസ് ബിരുദം മാത്രമുള്ള പങ്കജ് മോഹന് ഹൃദയശസ്ത്രക്രിയകൾ നടത്താൻ അനുമതിയില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇയാൾ സ്വന്തം നോട്ട്പാഡിൽ തനിക്ക് കാർഡിയോളജിയിൽ ഡിഎൻ ബിരുദമുണ്ടെന്ന് തെറ്റായി രേഖപ്പെടുത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
പങ്കജ് മോഹൻ കഴിഞ്ഞ ഫെബ്രുവരി വരെയാണ് ഈ ഹൃദയാരോഗ്യകേന്ദ്രത്തിൽ പ്രവർത്തിച്ചിരുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാവുന്നത്. ഇയാൾ ശസ്ത്രക്രിയ നടത്തിയ പല രോഗികൾക്കും പിന്നീട് ആരോഗ്യപ്രശ്നങ്ങളുണ്ടായതായും റിപ്പോർട്ടുകളുണ്ട്.
ഈ ആരോപണങ്ങളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പങ്കജ് മോഹൻ ശർമ്മയ്ക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി ഹൃദയാരോഗ്യ കേന്ദ്രത്തിലെ രേഖകളും പരിശോധിച്ചുവരികയാണ്.