Breaking NewsBusinessCrimeKeralaLead NewsLIFELife StyleNEWSTRENDING

നാര്‍ക്കോട്ടിക് കേസ് ജീവിതം തകര്‍ത്തു; അധ്വാനിച്ച് ജീവിച്ചിട്ടും ചിലര്‍ വേട്ടയാടുന്നു; കഞ്ചാവ് വില്‍പനക്കാരെന്ന ആരോപണത്തിന് പിന്നാലെ വിശദീകരണവുമായി വ്‌ളോഗര്‍ ദമ്പതികള്‍; ജീവിക്കാന്‍ അനുവദിക്കണമെന്ന് ദര്‍ശന

തിരുവനന്തപുരം: ചിറയിൻകീഴില്‍ വീട്ടിൽ അതിക്രമിച്ചുകയറി ഗര്‍ഭിണിയായ യുവതിയെ അടിക്കുകയും ഭർത്താവിനെ വെട്ടുകയും ചെയ്തെന്ന കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി വ്ലോഗര്‍മാരായ ദമ്പതികള്‍. ആക്രമണത്തിന്‍റെ വിഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ദമ്പതികള്‍ കഞ്ചാവ് വില്‍പ്പനക്കാരാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് മറുപടിയുമായി ദര്‍ശന പിള്ള രംഗത്തുവന്നത്.

തങ്ങള്‍ക്കെതിരെ 2022ല്‍ ഒരു നാര്‍ക്കോട്ടിക് കേസ് ഉണ്ടായിരുന്നെന്നും അത് തങ്ങളുടെ ജീവിതം തകര്‍ത്തെന്നും ദര്‍ശന വ്യക്തമാക്കുന്നു. അതിന് ശേഷം അധ്വാനിച്ചാണ് ജീവിക്കുന്നതെന്നും എന്നാല്‍ പഴയ കേസിന്‍റെ പേര് പറഞ്ഞ് പലരും ജീവിക്കാന്‍ അനുവദിക്കാതെ വേട്ടയാടുകയാണെന്നും അവര്‍ പറയുന്നു. പൊലീസ് കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് പറഞ്ഞ് തങ്ങളെ ബന്ധപ്പെടുന്നുണ്ടെന്നും ഇവര്‍ വെളിപ്പെടുത്തുന്നുണ്ട്.

Signature-ad

ദര്‍ശന പിള്ളയുടെ വാക്കുകള്‍

ഞങ്ങള്‍ക്ക് 2022ല്‍ ഒരു എന്‍.ഡി.പി.എസ് കേസുണ്ടായിരുന്നു. ഞങ്ങളുടെ ജീവിതവും കരിയറും വിദ്യാഭ്യാസവും എല്ലാം ഇല്ലാതാക്കിയ ഒരു കേസാണ് അത്. ആത്മഹത്യയുടെ വക്കില്‍ എത്തിയിട്ട് ഞങ്ങള്‍ ജീവിതം തുടങ്ങിയതാണ്. ഇന്ന് ഞങ്ങള്‍ ഇവിടെ നിക്കുന്നത് ഞങ്ങളുടെ കഷ്ടപ്പാടിന്‍റെയും വിയര്‍പ്പിന്‍റെയും ഫലമാണ്. എന്‍റെ ഭര്‍ത്താവിനെ അടിച്ചതിന് ഞങ്ങള്‍ കേസ് കൊടുത്തപ്പോള്‍ പൊലീസുകാര് പ്രതികളോട് എന്തിനാണ് ഇവരെ അടിച്ചതെന്ന് ചോദിച്ചപ്പോള്‍ അവര് പറഞ്ഞത് ഇവരുടെ പേരില്‍ കേസില്ലേ പിന്നെ എന്താ എന്നാണ്. 

മരിക്കണം എന്ന ഉറപ്പിച്ചിട്ടും നമ്മള്‍ സ്നേഹിച്ചതല്ലേ ഒരുമിച്ചു ജീവിക്കണം എന്നുറപ്പിച്ചിട്ടാണ് ഞങ്ങള്‍ ജീവിതം പിന്നെയും തുടങ്ങിയത്. എന്‍റെ കൊച്ചിനെ സ്വെറ്ററില്‍ പൊതിഞ്ഞ് മീന്‍ വില്‍ക്കാന്‍ പോയിട്ടുണ്ട്. അന്ന് ആ പ്രശ്നം ഉണ്ടായപ്പോള്‍ ഞങ്ങള്‍ മരിച്ചിരുന്നെങ്കില്‍ നിങ്ങള്‍ക്ക് ഓക്കെയായിരുന്നോ. സ്വന്തം കാലില്‍ നിന്ന് അധ്വാനിച്ച് ജീവിക്കുമ്പോള്‍ പോലും പിന്തുടര്‍ന്ന് വേട്ടയാടുന്ന കുറേ ആള്‍ക്കാര്. ഞങ്ങള്‍ക്ക് പണവും പവറുമില്ല. പിന്നെ എന്തിന് വേണ്ടിയിട്ടാണ് ഇതെന്ന് അറിയില്ല. 

എന്‍റെ ഭര്‍ത്താവിനെ ഹോസ്പിറ്റലില്‍ നിന്ന് കൊണ്ടുപോകും വഴി മൂക്കില്‍ നിന്ന് ചോര വന്നിട്ട് പിന്നെയും ആശുപത്രിയില്‍ കൊണ്ടുവന്നിരിക്കുകയാണ്. ഇപ്പോള്‍ ചിറയന്‍കീഴ് പൊലീസ് പറയുന്നത് ഞങ്ങള്‍ വന്ന് കേസ് പിന്‍വലിച്ച് ഒത്തുതീര്‍പ്പാക്കണമെന്നാണ്. എന്‍റെ ഭര്‍ത്താവിന്‍റെ തലയില്‍ 18 സ്റ്റിച്ചുണ്ട്. എന്നെ അവര് ചവിട്ടി. മാനസികമായും ശാരിരകമായും അനുഭവിച്ച ബുദ്ധിമുട്ട്. എന്‍റെ പ്രസവത്തിനും മറ്റുമായി സൂക്ഷിച്ച ഞങ്ങളുടെ സമ്പാദ്യം എല്ലാം നഷ്ടപ്പെട്ടു. ഇപ്പോള്‍ നിങ്ങള്‍ പറയുന്നത് 2022ലെ കേസാണ്, ഞങ്ങളുടെ ജീവിതം തകര്‍ത്തതും ആ കേസാണ്. 

ഞങ്ങള്‍ പോരാടാന്‍ തന്നെ തീരുമാനിച്ചു. ഞങ്ങളുടെ രണ്ടു കുഞ്ഞുങ്ങളെയും കൊണ്ട് ആത്മഹത്യ ചെയ്യാനുള്ള തന്‍റേടവുമില്ല അതിന്‍റെ ആവശ്യവും ഇല്ല. ഞങ്ങള്‍ക്ക് ജീവിച്ചേ പറ്റു. അതിനുള്ള ആത്മധൈര്യവും ജോലി ചെയ്യാനുള്ള ആരോഗ്യവും ഞങ്ങള്‍ക്കുണ്ട്. 

Back to top button
error: