Breaking NewsCrimeNEWSWorld

മതിയായ തിരിച്ചറിയൽ രേഖകളില്ല, 30 കോടിയുടെ ലോട്ടറി മാറി ബാങ്കിൽ നിക്ഷേപിക്കാനേൽപിച്ചതു കാമുകിയെ!! യുവതി കാമുകനെ പറ്റിച്ചു പാലംകടത്തി, കിട്ടിയ തുകയുമായി വേറൊരുവനൊപ്പം ഒളിച്ചോടി

ഒട്ടാവ: ലോട്ടറിയടിച്ച അഞ്ചുമില്യൺ കനേഡിയൻ ഡോളറുമായി (ഏകദേശം 30 കോടിയോളം രൂപ) കാമുകി മറ്റൊരാൾക്കൊപ്പം മുങ്ങിയെന്ന് യുവാവിന്റെ പരാതി. കാനഡയിലെ വിന്നിപെഗിൽ താമസിക്കുന്ന ലോറൻസ് കാംബെൽ എന്നയാളാണ് മുൻ കാമുകിക്കെതിരേ പരാതിയുമായി കോടതിയെ സമീപിച്ചത്.

2024-ൽ കാംബെൽ എടുത്ത ലോട്ടറി ടിക്കറ്റിനാണ് അഞ്ചുമില്യൺ കനേഡിയൻ ഡോളർ സമ്മാനമടിച്ചത്. എന്നാൽ, മതിയായ തിരിച്ചറിയൽ രേഖകളോ, സ്വന്തമായി ബാങ്ക് അക്കൗണ്ടോ ഇല്ലാത്തതിനാൽ കാംബെല്ലിന് സ്വന്തംനിലയിൽ ടിക്കറ്റ് ഹാജരാക്കി സമ്മാനം വാങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ ലോട്ടറി അധികൃതരുടെ ഉപദേശമനുസരിച്ചാണ് കാമുകിയായിരുന്ന ക്രിസ്റ്റൽ ആൻ മക്കായിയെ സമ്മാനത്തുക വാങ്ങാൻ ചുമതലപ്പെടുത്തിയത്.

Signature-ad

തനിക്കുവേണ്ടി വെസ്റ്റേൺ കാനഡ ലോട്ടറി കോർപ്പറേഷനിൽനിന്ന് ടിക്കറ്റ് തുക കൈപ്പറ്റാനും ഇത് കാമുകിയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാനും യുവാവ് അനുവദിച്ചു. പക്ഷെ, സമ്മാനത്തുക ലഭിച്ച് ദിവസങ്ങൾക്കുള്ളിൽ കാമുകി അപ്രത്യക്ഷമായെന്നാണ് യുവാവിന്റെ ആരോപണം.

അതേസമയം ഒന്നരവർഷത്തോളമായി താനും ക്രിസ്റ്റലും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും ഒരുമിച്ചാണ് താമസിച്ചതെന്നുമാണ് കാംബെൽ പറയുന്നത്. സമ്മാനത്തുക സ്വീകരിക്കാനും ഇരുവരും ഒരുമിച്ചാണ് എത്തിയത്. സമ്മാനവിതരണ വേദിയിൽവച്ച് ഇത് കാംബെൽ തനിക്ക് നൽകിയ ജന്മദിന സമ്മാനമാണെന്നും ക്രിസ്റ്റൽ പറഞ്ഞിരുന്നു. എന്നാൽ, സമ്മാനത്തുക കൈപ്പറ്റി ദിവസങ്ങൾക്കുള്ളിൽ ക്രിസ്റ്റൽ മുങ്ങിയെന്നും താമസിക്കുന്ന ഹോട്ടൽമുറിയിലേക്ക് തിരിച്ചെത്തിയില്ലെന്നുമാണ് യുവാവിന്റെ പരാതി. ഫോൺ വിളിച്ചിട്ടും യുവതി പ്രതികരിച്ചില്ല. മാത്രമല്ല, സാമൂഹികമാധ്യമ അക്കൗണ്ടുകളിലും ബ്ലോക്ക് ചെയ്തു. ഇതിനിടെയാണ് നിലവിൽ മറ്റൊരാൾക്കൊപ്പമാണ് യുവതി ജീവിക്കുന്നതെന്ന് കണ്ടെത്തിയതെന്നും കാംബെൽ പരാതിയിൽ പറയുന്നു.

സംഭവത്തിൽ മുൻ കാമുകിയ്ക്ക് പുറമേ, ലോട്ടറി അധികൃതരെയും പ്രതിചേർത്താണ് കാംബെൽ പരാതി നൽകിയിരിക്കുന്നത്. ലോട്ടറി അധികൃതരുടേത് തെറ്റായ ഉപദേശമായിരുന്നുവെന്നും മറ്റൊരാൾ തന്റെ പേരിലുള്ള സമ്മാനം വാങ്ങിയാലുള്ള അപകടസാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയില്ലെന്നുമാണ് യുവാവിന്റെ ആരോപണം. അതേസമയം, യുവാവിന്റെ ആരോപണങ്ങളെല്ലാം നിഷേധിക്കുന്നതായി മുൻ കാമുകിയായ ക്രിസ്റ്റലിന്റെ അഭിഭാഷകനും പ്രതികരിച്ചു.

Back to top button
error: