CrimeNEWS

വാഹനത്തിന് മുന്നിലേക്ക് ചാടിയെന്ന് ആരോപണം; അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു, പ്രതികള്‍ അറസ്റ്റില്‍

പാലക്കാട്: വാഹനത്തിനു മാര്‍ഗതടസ്സമുണ്ടാക്കിയെന്നാരോപിച്ച് അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദിച്ച് വൈദ്യുതിത്തൂണില്‍ കെട്ടിയിട്ട സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. ആലപ്പുഴ സ്വദേശി വിഷ്ണുദാസ് (31), ഷോളയൂര്‍ സ്വദേശി റെജി മാത്യു (21) എന്നിവരാണ് അറസ്റ്റിലായത്. ക്ഷീരസംഘങ്ങളില്‍നിന്നു പാല്‍ ശേഖരിക്കുന്ന വാഹനത്തിന്റെ ഡ്രൈവറും സഹായിയുമാണ് ഇവര്‍.

അഗളി ചിറ്റൂര്‍ ഉന്നതിയിലെ സിജു (19) ആണു ക്രൂരമര്‍ദനത്തിന് ഇരയായത്. 24ന് ഉച്ചകഴിഞ്ഞു നാലോടെ ചിറ്റൂര്‍ – പുലിയറ റോഡില്‍ കട്ടേക്കാടാണു സംഭവം. റോഡിലൂടെ നടന്നുവരികയായിരുന്ന സിജു കാല്‍തെറ്റി വീണപ്പോള്‍, മനഃപൂര്‍വം വാഹനത്തിനു മുന്നില്‍ വീണതാണെന്നു പറഞ്ഞ്, അതുവഴി വന്ന പിക്കപ് വാനിലെ 2 പേര്‍ മര്‍ദിച്ചു എന്നാണു മൊഴി. മര്‍ദനം സഹിക്കാനാവാതെ സിജു കല്ലെടുത്തെറിഞ്ഞു.

Signature-ad

ഏറു കൊണ്ടു പിക്കപ്പിന്റെ ചില്ലുപൊട്ടി. തുടര്‍ന്ന് വണ്ടിയിലുണ്ടായിരുന്നവര്‍ യുവാവിനെ റോഡരികിലെ വൈദ്യുതിത്തൂണില്‍ കെട്ടിയിട്ടു. അര മണിക്കൂറിനു ശേഷം അതുവഴി വന്ന പരിചയക്കാരാണ് അഴിച്ചുവിട്ടത്. മര്‍ദനമേറ്റതിന്റെയും കെട്ടിയിട്ടതിന്റെയും പരുക്കുകളോടെ അഗളി ആശുപത്രിയിലെത്തിച്ച യുവാവിനെ ഡ്യൂട്ടി ഡോക്ടര്‍ മരുന്നു നല്‍കി പറഞ്ഞയച്ചു. അസ്വസ്ഥതകള്‍ കൂടുതലായതോടെ 26നു കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാല്‍വണ്ടി തടയുകയും കേടുവരുത്തുകയും ചെയ്തതായി ആദിവാസി യുവാവിനെതിരെ വാഹനത്തിന്റെ ഉടമ അഗളി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Back to top button
error: