സിന്ദൂരം മായിച്ചതിന് മറുപടി നല്‍കിയതും വനിതകള്‍; റഫാല്‍ പറത്തി ഓപ്പറേഷന്‍ സിന്ദൂറില്‍ തിരിച്ചടി നല്‍കിയത് വനിതാ പൈലറ്റുമാര്‍; സൈന്യത്തിന്റെ ചരിത്രത്തില്‍തന്നെ ആദ്യം; പത്താന്‍കോട്ടിലും രാജസ്ഥാനിലും വ്യോമ പ്രതിരോധം തീര്‍ത്തതും രണ്ട് വനിത കമാന്‍ഡിംഗ് ഓഫീസര്‍മാര്‍

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപറേഷന്‍ സിന്ദൂറില്‍ പങ്കെടുത്തവരിലേറെയും വ്യോമസേനയിലെ വനിത പൈലറ്റുമാരായിരുന്നുവെന്ന് റിപ്പോര്‍ട്ട്. സൈന്യത്തിന്‍റെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഇത്തരമൊരു ഓപേറഷനെന്നും ഉന്നത സൈനിക വൃത്തങ്ങള്‍ പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
പത്താന്‍കോട്ടിലും രാജസ്ഥാനിലും പാകിസ്താന്റെ വ്യോമാക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ എയര്‍ഡിഫന്‍സ് യൂണിറ്റുകള്‍ക്കു നേതൃത്വം നല്‍കിയതും രണ്ടു വനിതാ കേണല്‍മാരാണ്. ഒരോ കേണല്‍മാരും 800 സൈനികര്‍ക്കാണു നേതൃത്വം നല്‍കുന്നത്. 2023ല്‍ പ്രത്യേക തെരഞ്ഞെടുപ്പിലൂടെയാണു 108 വനിതകളെ സിഒമാരായി ഉയര്‍ത്തിയത്. നിലവില്‍ 120 പേര്‍ കമാന്‍ഡിംഗ് ഓഫീസര്‍മാരായുണ്ട്. ഇവരില്‍ അറുപതു ശതമാനവും ഓപ്പറേഷണല്‍ മേഖലകളില്‍തന്നെയാണ്. നോര്‍ത്തേണ്‍, ഈസ്‌റ്റേണ്‍ കമാന്‍ഡുകളിലാണ് ഇവരുടെ പ്രവര്‍ത്തനവും.

പഹല്‍ഗാമില്‍ ഭീകരര്‍ മായിച്ച സിന്ദൂരങ്ങള്‍ക്ക് പകരം ചോദിക്കാന്‍ നാരീശക്തിയെ തന്നെ രാജ്യം നിയോഗിച്ചതായി പ്രധാനമന്ത്രിയും നേരത്തെ വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാന് ഇന്ത്യ നല്‍കിയ തിരിച്ചടി മാധ്യമങ്ങളോട് വിശദീകരിക്കാന്‍ എത്തിയതും സേനയിലെ വനിതാ ഓഫിസര്‍മാരായ കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങുമായിരുന്നു. ബ്രഹ്മോസടക്കം പാക്കിസ്ഥാനെതിരെ പ്രയോഗിച്ച ഇന്ത്യ പാക് വ്യോമതാവളങ്ങള്‍ക്ക് സാരമായ നാശനഷ്ടമുണ്ടാക്കി. 170 ഭീകരരെ വകവരുത്തിയെന്നും റിപ്പോര്‍ട്ട് പറയുന്നു.
പാക്കിസ്ഥാനിലെ ഭീകര കേന്ദ്രമായ ബഹവല്‍പുരിലാണ് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയത്. ഇന്ത്യന്‍ സൈനിക നടപടിയില്‍ 42 പാക് പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാന്‍റെ ആക്രമണത്തില്‍ ഏഴ് സൈനികര്‍ വീരമൃത്യുവരിച്ചു. മേയ് ഒന്‍പതിനും പത്തിനുമായി ഇന്ത്യ നടത്തിയ ആക്രമണത്തില്‍ പാക് വ്യോമസേന കേന്ദ്രങ്ങള്‍ക്കുണ്ടായ നഷ്ടത്തിന്‍റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ആദ്യം നിഷേധിച്ചെങ്കിലും റാവല്‍പിണ്ടി വരെ ഇന്ത്യന്‍ ആക്രമണം എത്തിയെന്ന് പാക്കിസ്ഥാന്‍ പിന്നീട് സ്ഥിരീകരിച്ചു. ലക്ഷ്യമിട്ട എല്ലാ കേന്ദ്രങ്ങളിലും ഇന്ത്യ തിരിച്ചടിച്ചുവെന്ന് പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ട് പറയുന്നു. ഓപറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്നും ഇന്ത്യന്‍ സൈന്യം ജാഗരൂകമാണെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.
അസിം മുനിറിലെ ഫീല്‍ഡ് മാര്‍ഷലാക്കിയുള്ള പാക്കിസ്ഥാന്‍റെ നീക്കം രാജ്യാന്ത്ര തലത്തില്‍ മുഖംരക്ഷിക്കുന്നതിനും ആഭ്യന്തര സമ്മര്‍ദങ്ങള്‍ ഒഴിവാക്കുന്നതിനുമായിരുന്നുവെന്നും പ്രതിരോധമന്ത്രാലയം വിലയിരുത്തുന്നു. ഓപറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒന്‍പത് ഭീകരത്താവളങ്ങളാണ് ഇന്ത്യ തകര്‍ത്തത്. ഇതിന് പിന്നാലെ പാക്കിസ്ഥാന്‍ നിയന്ത്രണരേഖ മറികടന്ന് ഇന്ത്യയെ ആക്രമിച്ചു. പാക്കിസ്ഥാന്‍ തൊടുത്ത മിസൈലുകള്‍ ഇന്ത്യന്‍ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തിരുന്നു.
പാക് ആക്രമണത്തിന് തിരിച്ചടിയായി മൂന്ന് മണിക്കൂറിനുള്ളില്‍ നൂര്‍ ഖാന്‍, റഫിഖ്വി, മുരിദ്, സുക്കര്‍, സിയാല്‍കോട്ട്, പസ്റുര്‍, ചുനിയന്‍, സര്‍ഗോദ, സ്കാര്‍ഡു, ഭൊലാരി, ജക്കോബാബാദ് എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളിലേക്ക് ഇന്ത്യന്‍ മിസൈലുകള്‍ ഇരച്ചെത്തി. മേയ് പത്തിന് സമാധാനം അഭ്യര്‍ഥിച്ച് പാക്കിസ്ഥാന്‍ ഡിജി ബന്ധപ്പെട്ടതോടെ ഇന്ത്യ തിരിച്ചടി അവസാനിപ്പിക്കുകയായിരുന്നു.