CrimeNEWS

കാറുകളുടെ അകമ്പടിയില്‍ പാട്ട്, കൂത്ത്, മേളം; ജാമ്യം ആഘോഷമാക്കി കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍

ബെംഗളൂരു: ഇരുപത്താറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ജാമ്യത്തിലറങ്ങിയ പ്രതികള്‍ ഉച്ചത്തില്‍ പാട്ടുവച്ച് നഗരത്തില്‍ ആഘോഷ പ്രകടനം നടത്തി. ഹാവേരിയിലെ അക്കി ആലൂര്‍ പട്ടണത്തിലാണ് വിജയാഘോഷം നടന്നത്. നഗരത്തിലെ റോഡുകളില്‍ നടന്ന ആഘോഷത്തില്‍ ബൈക്കുകളുടെയും കാറുകളുടെയും സംഘം പ്രതികളെ അനുഗമിച്ചു. പുഞ്ചിരിച്ചും വിജയ ചിഹ്നങ്ങള്‍ കാണിച്ചും ആയിരുന്നു പ്രതികളുടെ ആഘോഷം.

16 മാസം മുന്‍പ് കര്‍ണാടകയിലെ ഹാവേരിയിലെ ഹോട്ടലില്‍ പങ്കാളിക്കൊപ്പം യുവതി മുറിയെടുത്തിരുന്നു. ഇവിടേക്ക് അതിക്രമിച്ചു കയറിയാണ് നിരവധി പുരുഷന്മാര്‍ സ്ത്രീയെ അടുത്തുള്ള കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തത്. ഇവരില്‍ ഏഴു പേര്‍ക്കാണ് ഹാവേരി സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.

Signature-ad

കേസുമായി ബന്ധപ്പെട്ട് ആകെ 19 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ പന്ത്രണ്ട് പേരെ 10 മാസം മുന്‍പ് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. പ്രധാന പ്രതികളായി കണക്കാക്കപ്പെടുന്ന ബാക്കിയുള്ള ഏഴു പേര്‍ക്കാണ് ഏറ്റവും ഒടുവില്‍ ജാമ്യം ലഭിച്ചത്. പൊലീസ് സ്റ്റേഷനില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ യുവതി പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍, കോടതിയില്‍ നടന്ന നടപടിക്രമങ്ങള്‍ക്കിടെ ഇരയ്ക്ക് പ്രതികളെ തിരിച്ചറിയാന്‍ സാധിച്ചില്ല. ഇതാണ് പ്രോസിക്യൂഷന്‍ വാദം ദുര്‍ബലമാവുകയും പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ ഇടയാവുകയും ചെയ്തത്.

Back to top button
error: