‘തീവ്രവാദത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഒറ്റക്കെട്ട്; ഇവിടെ ഊര്‍ജസ്വലമായ ജനാധിപത്യമുണ്ട്; റസിസ്റ്റന്റ് ഫ്രണ്ടിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണം’; പാകിസ്താന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ഭീഷണിയെന്ന് ചൈനയെ ബോധ്യപ്പെടുത്തണം: അസദുദ്ദീന്‍ ഒവൈസി

ന്യൂഡല്‍ഹി: തീവ്രവാദത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ ഇന്ത്യക്കാര്‍ ഒറ്റക്കെട്ടാണെന്നും ഊര്‍ജസ്വലമായ ജനാധിപത്യം ഇവിടെയുണ്ടെന്നും എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസി. പഹല്‍ഗാം ആക്രമണങ്ങളെത്തുടര്‍ന്നു സമീപകാല നയന്ത്ര വെല്ലുവിളികളിലും തുര്‍ക്കി, അസര്‍ബൈജാന്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ പാകിസ്ഥാനെ അസന്ദിഗ്ധമായി പിന്തുണച്ചപ്പോള്‍, അമേരിക്ക പോലുള്ള ഇന്ത്യന്‍ അനുകൂല രാജ്യങ്ങള്‍ മൗനം പാലിച്ചതില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പഹല്‍ഗാം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) എന്ന ഗ്രൂപ്പിനെ അന്താരാഷ്ട്ര നിയമപ്രകാരം ഒരു തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാന്‍ ശ്രമിക്കണം. ‘യുഎസുമായി ഞങ്ങള്‍ക്ക് നല്ല ബന്ധമുണ്ട്. പക്ഷേ, ടിആര്‍എഫിനെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയത്തില്‍ ഉള്‍പ്പെടുത്താന്‍ അമേരിക്ക ശ്രമിച്ചില്ല. ഇതില്‍ അത്ഭുതമുണ്ട്. നമ്മുടെ സര്‍ക്കാരും നയതന്ത്രജ്ഞരും കഴിവുള്ളവരാണ്. അമേരിക്ക ടിആര്‍എഫിനെ ഒരു വിദേശ ഭീകര സംഘടനയായി (എഫ്ടിഒ) പ്രഖ്യാപിക്കുന്നെന്ന് ഉറപ്പാക്കണം. ബ്രിട്ടണും ഇക്കാര്യത്തില്‍ നിലപാടെടുക്കണം’- ഒവൈസി പറഞ്ഞു.

പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരതയെക്കുറിച്ചും ഇന്ത്യയുടെ നിലവിലുള്ള ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ചും വിശദീകരിക്കാന്‍ നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുന്ന സര്‍വകക്ഷി സംഘത്തിന്റെ ഭാഗമായ ഹൈദരാബാദ് എംപി, ചൈനയിലേക്കും പ്രചാരണം വ്യാപിപ്പിക്കണം.
‘പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരത ഇന്ത്യയെ മാത്രമല്ല, മുഴുവന്‍ ഏഷ്യന്‍ മേഖലയെയും അസ്ഥിരപ്പെടുത്തുന്നുവെന്ന് ചൈനയെ ബോധ്യപ്പെടുത്തണം. അയല്‍ സഖ്യകക്ഷികളും ഇതില്‍ പങ്കാളികളാകേണ്ടതുണ്ട്. ഒരുപാട് കാര്യങ്ങള്‍ മുന്നിലുണ്ട്, സര്‍ക്കാര്‍ അതില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്’ ഒവൈസി പറഞ്ഞു.
ആഭ്യന്തര തലത്തില്‍, ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ചുള്ള രാഷ്ട്രീയ വിയോജിപ്പുകള്‍ ആഗോളതലത്തില്‍ ഇന്ത്യയുടെ സ്ഥാനം ദുര്‍ബലപ്പെടുത്തുമെന്ന ആശങ്കകള്‍ എഐഎംഐഎം മേധാവി തള്ളിക്കളഞ്ഞു.
‘പാകിസ്ഥാനെ പിന്തുണയ്ക്കുകയും വിയോജിപ്പുകള്‍ ഇഷ്ടപ്പെടാത്തതുമായ രാജ്യങ്ങളില്‍നിന്ന് ഇന്ത്യ വ്യത്യസ്തമാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ അവരുടെ എംപിമാരെ ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ ഭാഗമായി അയച്ചിട്ടുണ്ട്. അത് തന്നെ വ്യക്തമായ ഒരു സന്ദേശം നല്‍കുന്നു: തീവ്രവാദത്തിന്റെ കാര്യത്തില്‍, ഞങ്ങള്‍ ഒറ്റക്കെട്ടാണ്. ഞങ്ങള്‍ ഒരു ഊര്‍ജ്ജസ്വലമായ ജനാധിപത്യമാണ്’- ഒവൈസി പറഞ്ഞു.