മന്ത്രി റിയാസുമായി തര്‍ക്കമില്ല; മുഖ്യമന്ത്രിയോടു പരാതിപ്പെട്ടിട്ടില്ല; വാര്‍ത്ത വസ്തുതാ വിരുദ്ധം; തെരഞ്ഞെടുപ്പ് വര്‍ഷങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ പ്രതീക്ഷിക്കുന്നെന്നും മന്ത്രി എം.ബി. രാജേഷ്

തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസുമായി തര്‍ക്കമെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമെന്ന് മന്ത്രി എം.ബി.രാജേഷ്. തിരുവനന്തപുരത്തെ സ്മാര്‍ട് റോഡ് ഉദ്ഘാടനം സംബന്ധിച്ച് മുഖ്യമന്ത്രിയോട് പരാതിപ്പെട്ടിട്ടില്ല. മറ്റൊരുയോഗത്തില്‍ പങ്കെടുത്തത് കാരണമാണ് സ്മാര്‍ട്ട് റോഡ് ഉദ്ഘാടനത്തിന് പങ്കെടുക്കാതിരുന്നത്. തിരഞ്ഞെടുപ്പ് വര്‍ഷങ്ങളില്‍ ഇത്തരംവാര്‍ത്തകള്‍ പ്രതീക്ഷിക്കുന്നുവെന്നും എം.ബി. രാജേഷ് പ്രതികരിച്ചു.
മഴക്കാലപൂർവ്വ ശുചീകരണയോഗം വൈകിയത് കാരണമാണ് സ്മാർട്ട് സിറ്റി പരിപാടിയിൽ പങ്കെടുക്കാൻ കഴിയാതിരുന്നത്. താൻ മുഖ്യമന്ത്രിയെ കണ്ട് പരാതി കൊടുത്തു എന്നത് തീർത്തും വസ്തുതാവിരുദ്ധമായ വാർത്തയാണ്. ഇങ്ങനെ വാർത്ത കൊടുക്കുന്നത് അന്യായമാണെന്നും മന്ത്രി പറഞ്ഞു.

വസ്തുതാ വിരുദ്ധമായ വാർത്ത ആദ്യം രണ്ട് ചാനലുകൾ കൊടുത്തു. പിന്നീട് മറ്റ് ചാനലുകളും കൊടുത്തു. തീർത്തും വസ്തുത വിരുദ്ധമാണ് വാര്‍ത്ത. നിഷ്കളങ്കമായി കൊടുക്കുന്നതല്ല ഈ വാർത്തകളെന്നും തെരഞ്ഞെടുപ്പ് വർഷങ്ങളിൽ ഇത്തരം വാർത്തകൾ പ്രതീക്ഷിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്മാര്‍ട്ട് റോഡുകളുടെ ക്രെഡിറ്റിനെ ചൊല്ലി മന്ത്രിമാരായ മുഹമ്മദ് റിയാസും എം.ബി രാജേഷും തമ്മില്‍ തര്‍ക്കമെന്നായിരുന്നു പുറത്തുവന്ന വാര്‍ത്ത. ഒറ്റയ്ക്ക് ക്രഡിറ്റെടുക്കാനുള്ള പൊതുമരാമത്ത് മന്ത്രിയുടെ ശ്രമത്തില്‍ തദ്ദേശ മന്ത്രി എം.ബി രാജേഷ് മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചെന്നും ഭിന്നതെയെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങില്‍ നിന്ന് പിന്മാറിയതെന്നുമായിരുന്നു റിപ്പോര്‍ട്ട്.