കുര്‍ബാന തര്‍ക്കത്തില്‍ എറണാകുളം- അങ്കമാലി അതിരൂപത പിളര്‍പ്പിലേക്ക്; ജനാഭിമുഖ കുര്‍ബാനയില്‍ വിട്ടുവീഴ്ചയില്ല; ഒന്നിക്കാന്‍ കഴിയില്ലെന്നും പിരിയാമെന്നും അല്‍മായ മുന്നേറ്റം; മാര്‍ ജോസഫ് പാംപ്ലാനിയെ തടഞ്ഞുവച്ച് അസഭ്യവര്‍ഷം നടത്തിയിട്ടും നടപടി എടുക്കുന്നില്ലെന്ന് നാലു സോണുകളില്‍ ചേര്‍ന്ന വൈദിക യോഗം

കൊച്ചി: കുര്‍ബാന തര്‍ക്കം അതിരൂക്ഷമായി തുടരുന്ന എറണാകുളം-അങ്കമാലി അതിരൂപത പിളര്‍പ്പിന്റെ വക്കില്‍. ജനാഭിമുഖ കുര്‍ബാനയുടെയും അള്‍ത്താര അഭിമുഖ കുര്‍ബാനയുടെയും പേരില്‍ സഭാ നേതൃത്വവും ഒരുപറ്റം വൈദികരുടെ നേതൃത്വത്തില്‍ വിശ്വാസികളുമാണ് വിഘടിച്ചു നില്‍ക്കുന്നത്.
കുര്‍ബാനത്തര്‍ക്കം പരിഹരിക്കാന്‍ സിറോ മലബാര്‍ സഭാനേതൃത്വത്തിന് കഴിയാത്തതിനല്‍ എറണാകുളംഅങ്കമാലി അതിരൂപതയെ രണ്ടായി പിളര്‍ത്താമെന്ന നിര്‍ദ്ദേശവുമായി ജനാഭിമുഖ കുര്‍ബാന അനുകൂലികളായ അല്‍മായ മുന്നേറ്റം രംഗത്തുവന്നത്. സിനഡ് അനുകൂലികളെ പ്രത്യേക വിഭാഗമായി പരിഗണിച്ച് ജനാഭിമുഖ കുര്‍ബാനയ്ക്ക് ബിഷപ്പുമാര്‍ അംഗീകാരം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

കുര്‍ബാനത്തര്‍ക്കം നീട്ടിക്കൊണ്ടുപോയി സംഘര്‍ഷം തുടരുന്നത് സഭയ്ക്കും സമൂഹത്തിനും നല്ലതല്ല. വിശ്വാസികളെയും വൈദികരെയും അവരുടെ അവകാശങ്ങള്‍ സംരക്ഷിച്ച് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ലെങ്കില്‍, പരസ്പരം ചര്‍ച്ച ചെയ്ത് പിരിയാനുള്ള സമയമായി. ബിഷപ്പുമാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്.
ജനാഭിമുഖ കുര്‍ബാനയില്‍ വിട്ടുവീഴ്ചയില്ലെന്നും താത്കാലിക പരിഹാരങ്ങള്‍ കൊണ്ട് പ്രശ്നം തീര്‍ക്കാനാവില്ലെന്നും അല്‍മായ മുന്നേറ്റം വ്യക്തമാക്കി. എറണാകുളത്തിന്റെ പൈതൃകവും പാരമ്പര്യവും പ്രത്യേക സാഹചര്യങ്ങളും പരിഗണിച്ച് ജനാഭിമുഖ കുര്‍ബാന അനുവദിക്കാന്‍ ബിഷപ്പുമാര്‍ തയ്യാറാകണം. എറണാകുളത്തെ വൈദികരുടെയും വിശ്വാസികളുടെയും ജനാഭിമുഖ കുര്‍ബാനയോടുള്ള ആഭിമുഖ്യം സിറോ മലബാര്‍ സിനഡ് രൂപീകരിക്കുന്നതിന് മുന്‍പ് ആരംഭിച്ചതാണെന്ന് അല്‍മായ മുന്നേറ്റം ആവശ്യപ്പെട്ടു.
ആത്മീയ ആവശ്യങ്ങള്‍ അനുവദിക്കണം
എറണാകുളം അതിരൂപതക്കുള്ളിലെ സിനഡ് അനുകൂലികളെ അതിരൂപതയിലെ പ്രത്യേക വിഭാഗമായി പരിഗണിക്കണം. അവരെ അനുകൂലിക്കുന്ന 14 വൈദികര്‍ക്ക് ആത്മീയ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കാന്‍ അനുവാദം നല്‍കണം. അതിരൂപതയുടെ ഇടവക, ഫൊറോന, അതിരൂപത തലങ്ങളിലെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് അവരെ ഒഴിവാക്കണമെന്നും അല്‍മായ മുന്നേറ്റം ആവശ്യപ്പെട്ടു. തീരുമാനങ്ങള്‍ താമസിപ്പിക്കരുതെന്നും രണ്ടായി പിരിയാതെ വേറെ വഴിയില്ലെന്നും അല്‍മായ മുന്നേറ്റം കൂട്ടിച്ചേര്‍ത്തു.
എറണാകുളം-അങ്കമാലി അതിരൂപതയിലെ മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ജോസഫ് പാംപ്ലാനിക്കെതിരേ രൂക്ഷമായ പ്രതിഷേധമാണ് നടക്കുന്നത്. അടുത്തിടെ അദ്ദേഹത്തെ തടഞ്ഞു വയ്ക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തിരുന്നു. കൂരിയ വൈദികരുടെ അറിവോടെ നടന്നെന്നു പറയുന്ന സംഭവത്തില്‍ നടപടിയെടുക്കാത്ത പാംപ്ലാനിയുടെ നടപടിക്കെതിരേ അതിരൂപതയുടെ നാലു സോണുകളിലായി കൂടിയ വൈദികയോഗം അപലപിക്കുകയും അതിരൂപത സംരക്ഷണ സമിതി മേയ് 13ന് പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു. അത്തരമൊരു ഭീകര അന്തരീക്ഷം അവിടെ സൃഷ്ടിക്കാന്‍ സഭാ സ്‌നേഹികളെ സഹായിച്ചതും ക്ഷണിച്ചതും കൂരിയാ വൈദികര്‍ തന്നെയാണെന്നും ഇവര്‍ ആരോപിച്ചു.
തലശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായ മാര്‍ ജോസഫ് പാംപ്ലാനിയെ എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്ത് വച്ച് അധിക്ഷേപിച്ചതിനെയും അദ്ദേഹത്തിന്റെ ഡ്രൈവറെ സഭാ സ്‌നേഹികള്‍ തല്ലിയതിനെയും വാഹനത്തിന്റെ കാറ്റൂരി വിട്ടതിനെക്കുറിച്ചെല്ലാം തലശേരി അതിരൂപതയിലെ പി.ആര്‍. ഒ വീഡിയോ പുറത്തിറക്കിയപ്പോഴാണ് ഇവിടെ അറിയുന്നത്. അങ്ങനെയെങ്കില്‍ ഇത്തരം കിരാത പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്തു കൊടുത്ത കൂരിയാ അംഗങ്ങളുമായി മാര്‍ ജോസഫ് പാപ്ലാനി യാതൊരു കാരണവശാലും ഇനി സഹകരിക്കാന്‍ പാടില്ലെന്നും അവരെ പുറത്താക്കാതെ ഇനി സമാധാന ചര്‍ച്ചകള്‍ പോലും സാധ്യമല്ലെന്നും നാലു സോണുകളിലായി കൂടിയ അതിരൂപതയിലെ വൈദികയോഗം പ്രമേയം പാസ്സാക്കി.
ഔദ്യോഗികമായി വൈദിക സമിതി കൂടാതെ ഇനി യാതൊരു ചര്‍ച്ചയ്ക്കും വൈദികര്‍ തയ്യാറാല്ലെന്നും വൈദികയോഗങ്ങള്‍ വ്യക്തമാക്കി. മാര്‍ ജോസഫ് പാംപ്ലാനി ഇരയോടൊപ്പം ഓടുന്നുവെന്നു തോന്നിക്കുമ്പോഴും വേട്ടക്കാരെ കൂട്ടുപിടിക്കുന്നുണ്ടോ എന്ന ബലമായ സംശയം വൈദികര്‍ രേഖപ്പെടുത്തി. ആത്മാര്‍ത്ഥതില്ലാതെ ഇരട്ടത്താപ്പിലൂടെ കാര്യങ്ങള്‍ തന്റെ പരിധിക്കുള്ളിലാക്കാം എന്ന ചിന്ത മെത്രാപ്പോലീത്തന്‍ വികാരിക്കുണ്ടെങ്കില്‍ അതു ഇവിടെ നടക്കുകയില്ലെന്നും വൈദികര്‍ കൂട്ടിച്ചേര്‍ത്തു.
എറണാകുളം, ഇടപ്പള്ളി, തൃപ്പൂണിത്തുറ, പറവൂര്‍, കിഴക്കമ്പലം ഫൊറോനകളിലെ വൈദികര്‍ കലൂര്‍ റിന്യുവല്‍ സെന്ററിലും, അങ്കമാലി, കൊരട്ടി കറുകുറ്റി, മൂക്കന്നൂര്‍, മൂഴിക്കുളം ഫൊറോനയിലെ വൈദികര്‍ അങ്കമാലി സുബോധനയിലും കാഞ്ഞൂര്‍, വല്ലം, മഞ്ഞപ്ര ഫൊറോനകളിലെ വൈദികര്‍ കാഞ്ഞൂര്‍ പള്ളിയിലും, വൈക്കം, ചേര്‍ത്തല, പള്ളിപ്പുറം ഫൊറോനകളിലെ വൈദികര്‍ ചേര്‍ത്തല നൈപുണ്യയിലും ഒത്തുചേര്‍ന്നാണ് മെത്രാപ്പോലീത്തന്‍ വികാരിയെ പോലും ചതിക്കാന്‍ ഒത്താശ ചെയ്ത കൂരിയായെ മാറ്റാന്‍ മടിക്കുന്ന മാര്‍ ജോസഫ് പാംപ്ലാനിയെ നിശിതമായി വിമര്‍ശിച്ചത്. എത്രയും വേഗം വൈദിക സമിതിയും അതിരൂപതയിലെ വൈദിക യോഗവും വിളിച്ചു കൂട്ടി അതിരൂപതയിലെ ലിറ്റര്‍ജി പ്രശ്‌നങ്ങള്‍ക്ക് സത്യസന്ധവും നീതിയുക്തവുമായ പരിഹാരം ഉണ്ടാക്കണമെന്ന് പ്രമേയത്തില്‍ സൂചിപ്പിച്ചു.
കൂരിയാ അംഗങ്ങളുമായി സംസാരിക്കാന്‍ 2025 ജനുവരി 9-ാം തീയതി അതിരൂപതയില്‍ കയറിചെന്ന 21 വൈദികരെ പൊലീസിനെ ഉപയോഗിച്ച് മര്‍ദ്ദിച്ച് പുറത്തേക്ക് വലിച്ചെറിഞ്ഞ കൂരിയ അംഗങ്ങള്‍ മാര്‍ ജോസഫ് പാപ്ലാനിക്കെതിരെ മേയ് 6-ാം തീയിതി കൊലവിളി നടത്തിയ സഭാ സ്‌നേഹികള്‍ക്കെതിരെ പൊലീസ് നടപടിക്ക് സമ്മതിച്ചില്ല എന്നു മാത്രമല്ല ഇതുവരെ അവര്‍ക്കെതിരെ കേസ് നല്കുകയോ ചെയ്തിട്ടില്ല എന്നതും വളരെ ഗൗരവത്തോടെ വൈദിക യോഗം വിലയിരുത്തി. വൈദിക യോഗത്തിന്റെ വിശദാംശങ്ങള്‍ മെത്രാപ്പോലീത്തന്‍ വികാരിയെ അറിയിക്കാന്‍ നാലു സോണുകളില്‍ നിന്നും വൈദിക പ്രതിനിധികളെയും തെരഞ്ഞെടുത്തിരുന്നു.