Breaking NewsKeralaNEWS

പോലീസ് സ്റ്റേഷനിൽ അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു, പോലീസിനു വീഴ്ചപറ്റി, സിഎമ്മിന്റെ ഓഫിസിൽ പരിശോധനയ്ക്കുള്ള താമസം മാത്രമേ നേരിട്ടുള്ളു- മുഖ്യമന്ത്രി

തിരുവനന്തപുരം: ജോലിക്കു നിൽക്കുന്ന വീട്ടിൽനിന്നും സ്വർണമാല കാണാതായ സംഭവത്തിൽ ദളിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയിൽ വച്ച് മാനസികമായി പീഡിപ്പിച്ചതിൽ പോലീസിന് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് സ്റ്റേഷനിൽ അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. അതേസമയം സിഎം ഓഫീസിൽ വന്നപ്പോൾ പരിശോധിക്കാമെന്നാണ് പറഞ്ഞതെന്നും പരിശോധനയ്ക്കുള്ള താമസം മാത്രമേ സിഎം ഓഫീസിൽ നിന്ന് ഉണ്ടായിട്ടുള്ളൂവെന്നും മുഖ്യമന്ത്രി.

അതേസമയം ഇല്ലാത്ത മോഷണക്കുറ്റത്തിന്റെ പേരിൽ പേരൂർക്കട പോലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീയായ ബിന്ദുവിന് നേരിടേണ്ടിവന്നത് കൊടിയ പീഡനമായിരുന്നുവെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. ജോലി ചെയ്യുന്ന വീട്ടിൽനിന്ന് മാല മോഷ്ടിച്ചെന്നാരോപിച്ചാണ് കഴിഞ്ഞമാസം 23 ന് ബിന്ദുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. കുടിക്കാൻ വെള്ളം പോലും നൽകാതെ 20 മണിക്കൂറോളം ക്രൂരമായ ചോദ്യംചെയ്യൽ നടത്തി. മോഷണക്കുറ്റം സമ്മതിച്ചില്ലെങ്കിൽ പെൺമക്കളെ കേസിൽ കുടുക്കുമെന്നായിരുന്നു ഭീഷണി. ചട്ടങ്ങളും മനുഷ്യാവകാശങ്ങളും കാറ്റിൽപ്പറത്തിയായിരുന്നു ഒരു രാത്രി മുഴുവൻ ബിന്ദുവിനെ സ്റ്റേഷനിൽ നിർത്തി അധിക്ഷേപിച്ചത്.

Signature-ad

മാത്രമല്ല പരാതിക്കാരിയുടെ വീട്ടിൽ തെരച്ചിൽ നടത്തിയില്ല. പകരം ജോലി കഴിഞ്ഞു മടങ്ങിയ ബിന്ദുവിനെ സ്റ്റേഷനിലേക്ക് വിളിച്ചവരുത്തി. കസ്റ്റഡിയിലെടുക്കുമ്പോൾ ബന്ധുക്കളെ വിവരം അറിയിക്കണമെന്ന ചട്ടം പോലും പാലിച്ചില്ല. ഇത് പോലീസിൻറെ നിയമപരമായ ബാധ്യതയാണ്. ബന്ധുക്കൾ വിളിച്ചപ്പോൾ ഫോൺ എടുക്കാൻ പോലും അനുവദിച്ചില്ല. കൂടാതെ പോലീസ് സ്റ്റേഷനിൽ നിൽക്കേണ്ട ഒരു സാഹചര്യവും ഇല്ലാതിരുന്നിട്ടും ബിന്ദുവിനെ രാത്രി മുഴുവൻ സ്റ്റേഷനിൽ പാർപ്പിച്ചു. പിറ്റേന്ന് രാവിലെ മാല കിട്ടിയെന്ന് പരാതിക്കാരി അറിയിച്ചിട്ടും ബിന്ദുവിനെ വിട്ടയച്ചില്ല. മാത്രമല്ല മാല കിട്ടിയ കാര്യം അറിയിച്ചതുമില്ല. ഉച്ചയ്ക്ക് ഭർത്താവ് വന്നശേഷം മാത്രമാണ് ബിന്ദുവിനെ വിട്ടയച്ചത്. താൻ നേരിട്ട ക്രൂരത പറയാൻ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയപ്പോൾ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി പരാതി വായിക്കാതെ മേശപ്പുറത്തേക്കിട്ടെന്നും കോടതിയിൽ പോകാൻ പറഞ്ഞെന്നും ബിന്ദു ആരോപിച്ചു.

Back to top button
error: