Breaking NewsKeralaNEWS

അഡ്വ: ശ്യാമിലിയെ മർദിച്ചിട്ടില്ലെന്നാണോ താങ്കൾ പറയുന്നത്- മാധ്യമപ്രവർത്തകർ!! അതിൽ എന്താണു സംശയം, എനിക്കെതിരെ പ്രവർത്തിച്ച പ്രമുഖർ ഉൾപ്പെടെ ഒരാളെയും വെറുതേ വിടില്ല- ബെയ്‌ലിൻ ദാസ്

തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിൽ താൻ നിരപരാധി ആണെന്നും ചെയ്യാത്ത തെറ്റ് താനെന്തിനാണ് കുറ്റം ഏൽക്കുന്നതെന്നും ജാമ്യം ലഭിച്ച അഭിഭാഷകൻ ബെയ്‌ലിൻ ദാസ്. അഡ്വ: ശ്യാമിലിയെ മർദിച്ചിട്ടില്ലെന്നാണോ താങ്കൾ പറയുന്നത് എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അതിൽ എന്താണു സംശയം എന്നു ശബ്ദമുയർത്തി ബെയ്‌ലിൻ മറുപടിയും നൽകി. തനിക്കെതിരെ പ്രവർത്തിച്ച പ്രമുഖർ ഉൾപ്പെടെ ഒരാളെയും വെറുതേ വിടില്ലെന്നും ബെയ്‌ലിൻ പറഞ്ഞു. തനിക്കു ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നതെന്നും വിഷയത്തിൽ കൂടുതൽ സംസാരിക്കുന്നത് തനിക്കു തന്നെ ദോഷമാകുമെന്നും ബെയ്‌ലിൻ പറഞ്ഞു.

ബെയ്‌ലിൻ ദാസ് പറഞ്ഞതിങ്ങനെ- ജാമ്യം ലഭിച്ചതുകൊണ്ട് എന്തും വിളിച്ചുപറയാൻ കഴിയില്ല. കോടതിയെ അനുസരിച്ചേ പറ്റൂ. കോടതിയുടെ അനുവാദമില്ലാതെ വാ തുറക്കാൻ കഴിയില്ല. മുകളിൽ എല്ലാം കണ്ടുകൊണ്ട് ഒരാൾ ഇരിക്കുന്നുണ്ട്. അദ്ദേഹത്തിന് എല്ലാം അറിയാം. എന്റെ നിരപരാധിത്വം തെളിയിക്കും. അതിൽ എന്താണു സംശയം. അതിന്റെ പുറകിൽ പ്രവർത്തിച്ച പ്രമുഖർ ഉൾപ്പെടെ ആരായാലും എല്ലാവരും പുറത്തുവരും. ആരെയും വെറുതേവിടില്ല. അതേസമയം ബാർ അസോസിയേഷൻ സംരക്ഷിക്കുന്നു എന്നത് ഉൾപ്പെടെയുള്ള എല്ലാ ആരോപണങ്ങളും നിഷേധിക്കുന്നെന്നും ബെയ്‌ലിൻ പറഞ്ഞു.

Signature-ad

മേയ് 13ന് ജൂനിയർ അഭിഭാഷകയായ ശ്യാമിലിയെ ഓഫിസിൽ വച്ചു മർദിച്ചെന്ന കേസിൽ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ബെയ്‌ലിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ നാലു ദിവസമായി റിമാൻഡിലായിരുന്നു ബെയ്‌ലിൻ. 50,000 രൂപയുടെ രണ്ടു ബോണ്ട്, രണ്ടു മാസം വഞ്ചിയൂർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കാനോ പരാതിക്കാരിയെ ബന്ധപ്പെടാനോ ശ്രമിക്കരുത്, കുറ്റകൃത്യം ആവർത്തിക്കരുത് എന്നീ ഉപാധികളോടെയാണ് ബെയ്‌ലിൻ ദാസിന് കോടതി ജാമ്യം അനുവദിച്ചത്. ആദ്യം ശ്യാമിലി തന്നെ മർദിച്ചുവെന്നും അതു ചെറുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പിന്നീടുള്ള കാര്യങ്ങൾ സംഭവിച്ചതെന്നുമുള്ള വാദമാണ് പ്രതിഭാഗം ജാമ്യത്തിനായി കോടതിയിൽ ഉന്നയിച്ചത്.

Back to top button
error: