
ന്യൂഡല്‍ഹി: പാകിസ്ഥാന വേണ്ടി ചാര്‍വൃത്തി നടത്തിയ കേസില്‍ യുട്യൂബര്‍ ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍. പ്രമുഖ ട്രാവല്‍ വ്‌ലോഗറും ഹരിയാന ഹിസാര്‍ സ്വദേശിയുമായ ജ്യോതി മല്‍ഹോത്രയടക്കം ഉള്ളവരെയാണ് ഹരിയാനയും പഞ്ചാബും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പിടികൂടിയത്. പാകിസ്ഥാന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് ഇവര്‍ തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് കണ്ടെത്തല്‍, അറസ്റ്റിലായവരെ അഞ്ചുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
‘ട്രാവല്‍ വിത്ത് ജോ’ എന്ന പേരില്‍ യുട്യൂബ് ചാനല്‍ നടത്തുന്ന ജ്യോതി, 2023ല്‍ മാത്രം 2 തവണ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു. ഹരിയാനയിലും പഞ്ചാബിലുമായി അറസ്റ്റിലായ ചാരശൃംഖലയിലെ അംഗങ്ങളുമായി യുവതിക്ക് അടുത്ത ബന്ധമുണ്ടെന്നും വിവരമുണ്ട്. ഇന്ത്യയുടെ തന്ത്രപ്രധാനമായ വിവരങ്ങള്‍ പാക്കിസ്ഥാന് നല്‍കിയെന്നും ഹിസാര്‍ സ്വദേശിനിയായ യുവതിയ്ക്കെതിരെ ആരോപണമുണ്ട്. ചാരപ്രവര്‍ത്തിയുടെ പേരില്‍ ഈ ആഴ്ച ഹരിയാനയില്‍ നടക്കുന്ന മൂന്നാമത്തെ അറസ്റ്റാണ് ജ്യോതിയുടേത്.

1923 ലെ ഔദ്യോഗിക രഹസ്യ നിയമത്തിലെ സെക്ഷന്‍ 3, 5, ഭാരതീയ ന്യായ സംഹിത നിയമത്തിലെ സെക്ഷന്‍ 152 എന്നിവ പ്രകാരമാണ് ജ്യോതിക്കെതിരെ കേസെടുത്തിരിക്കുന്നത്. യുവതിയെ കോടതി അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. ജ്യോതി മല്‍ഹോത്രയെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് ഹിസാര്‍ പൊലീസ് അധികൃതര്‍ അറിയിച്ചു. യുവതി 2023ല്‍ ഡല്‍ഹിയിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മിഷന്‍ സന്ദര്‍ശിച്ചതായും അവിടെ വച്ച് ഹൈക്കമ്മിഷനിലെ (പിഎച്ച്‌സി) ജീവനക്കാരനായ എഹ്‌സാന്‍-ഉര്‍-റഹീം എന്ന ഡാനിഷുമായി അടുത്ത ബന്ധം സ്ഥാപിച്ചതായും ഹരിയാന പൊലീസ് റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നുണ്ട്. ഡാനിഷിനെ കേന്ദ്രസര്‍ക്കാര്‍ 2025 മേയ് 13ന് പുറത്താക്കിയിരുന്നു. ഇയാളെ ‘പേഴ്സണ്‍ നോണ്‍ ഗ്രാറ്റ’ ആയി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
തുടര്‍ന്ന് 2023ലെ പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിനിടെ അലി എഹ്വാന്‍ എന്നയാളെ ജ്യോതി കണ്ടുമുട്ടിയിരുന്നു. പാക്കിസ്ഥാനിലെ ജ്യോതിയുടെ താമസവും യാത്രയും ഏര്‍പ്പാടാക്കിയത് അലി ആയിരുന്നു. ഈ വ്യക്തിയാണ് ജ്യോതിക്ക് പാക്കിസ്ഥാന്‍ സുരക്ഷാ, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തി കൊടുത്തത്. പാക്കിസ്ഥാനില്‍ വച്ച് ഷാക്കിര്‍, റാണ ഷഹബാസ് എന്നീ ഉദ്യോഗസ്ഥരെ ജ്യോതി കണ്ടെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്. പാക്കിസ്ഥാനില്‍നിന്നു മടങ്ങിയെത്തിയ ശേഷം, വാട്സാപ്പ്, ടെലഗ്രാം, സ്നാപ്ചാറ്റ് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ വഴി യുവതി ഇവരുമായി ബന്ധം തുടര്‍ന്നെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്.
തന്റെ യുട്യൂബ് ചാനല്‍ വഴി ഇന്ത്യയിലെ തന്ത്രപ്രധാന സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ജ്യോതി പങ്കുവച്ചെന്നും സമൂഹമാധ്യമങ്ങളിലൂടെ പാക്കിസ്ഥാന്റെ പ്രതിച്ഛായ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്. പാക്കിസ്ഥാന്‍ രഹസ്യാന്വേഷണം വിഭാഗത്തിലെ ഉദ്യോഗസ്ഥനൊപ്പം ജ്യോതി ഇന്തോനേഷ്യയിലെ ബാലി സന്ദര്‍ശിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഡാനിഷ് ഡല്‍ഹിയില്‍ താമസിച്ചിരുന്ന സമയത്ത് നിരന്തരം ഇരുവരും തമ്മില്‍ കണ്ടിരുന്നതായും അന്വേഷണസംഘം സ്ഥിരീകരിക്കുന്നുണ്ട്.